ഫ്രാൻസിനും ക്രൊയേഷ്യയ്ക്കും ഇടയിൽ ഒരു കപ്പ് ദൂരം ; മോസ്കോയിൽ ആരു വാഴും?

ഭൂമി സൂര്യനെ ചുറ്റുന്നതു പോലെ ഒരു പന്ത് അതിന്റെ പ്രയാണം പൂർത്തിയാക്കി തിരിച്ചെത്തുകയാണ്. ജൂൺ 14നു ലുഷ്നികി സ്റ്റേഡിയത്തിൽ നിന്ന് ഉരുണ്ടുതുടങ്ങിയ ടെൽസ്റ്റാർ റഷ്യയിലെ വിവിധ വേദികളിലൂടെ മാറിമാറി ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നു ലുഷ്നികിയുടെ പുൽപ്പരപ്പിലെ മധ്യവൃത്തത്തിൽ അനക്കമറ്റു കിടക്കും. ഫൈനലിൽ മറ്റൊരു വിസിൽ അതിനെ വിളിച്ചുണർത്തും. മറ്റൊരു ബൂട്ട് അതിനെ ചലിപ്പിക്കും. ലോകമെങ്ങുമുള്ള കോടിക്കണക്കിനു കൃഷ്ണമണികൾ അതിനൊപ്പം ഉരുളും. ഒടുവിൽ ആ പാച്ചിലും നിലയ്ക്കുമ്പോൾ, ലോകം ഫുട്ബോളിലെ പുതിയ ഉദയത്തിനു സാക്ഷികളാകും. ലോക ഫുട്ബോളിലെ സൂര്യകിരീടം ആ പന്തിനെ കീഴടക്കിയവർ കൊണ്ടുപോകും. 

ഫ്രാൻസും ക്രൊയേഷ്യയും മാത്രമാണു ശേഷിക്കുന്നവർ. ലോക ഫുട്ബോളിലെ മറ്റു വൻ ഗ്രഹങ്ങളെല്ലാം എരിഞ്ഞു തീർന്നു. ജർമനിക്കു ഗ്രഹണകാലമായിരുന്നു. അവരാദ്യമേ മടങ്ങി. ഒരേയൊരു അച്ചുതണ്ടിൽ കറങ്ങിയ അർജന്റീനയുടെ ചലനം നിലച്ചു. ഒരു കനലിൽ നിന്നു മാത്രം ഊർജം സ്വീകരിച്ച പോർച്ചുഗൽ കെട്ടുപോയി. സ്വയം ഭ്രമണം ചെയ്യുന്നതിനൊപ്പം മുന്നോട്ടുപോകാൻ മറന്ന സ്പെയിനു കൂട്ടം തെറ്റി. ഓടിയെത്തുന്നതിനു മുൻപേ ചാടിത്തുടങ്ങിയ ഇംഗ്ലണ്ട് തമോഗർത്തത്തിൽ വീണു. ഒരേ ദിവസം രണ്ടു സൂര്യാസ്തമയങ്ങളും ലോകം കണ്ടു – ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ! 

മോസ്കോ കീഴടക്കിയാൽ ലോകം കീഴടക്കി എന്നാണു രണ്ടാം ലോകമഹായുദ്ധകാലത്തു ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ കരുതിയിരുന്നത്. 21–ാം ലോകകപ്പ് കാലത്തും അതിനു മാറ്റമില്ല. ഇന്നു മോസ്കോയെ കീഴടക്കുന്നവർക്കുള്ളവർക്കുള്ളതാണ് ഇനി നാലു വർഷം ഫുട്ബോളിലെ വാഴ്ത്തുപാട്ടുകളെല്ലാം. അതിനു സൈനികശക്തിയൊന്നും വേണ്ട എന്നു തെളിയിച്ചാണു കേരളത്തിന്റെ പല ജില്ലകളുടെയും അത്ര ആൾബലം പോലുമില്ലാത്ത ക്രൊയേഷ്യ കലാശക്കളിക്കിറങ്ങുന്നത്. മൈതാനത്തു മനസ്സുകൊണ്ടു കൂടിയാണ് അവരുടെ പോരാട്ടം. ഫ്രാൻസ് കപ്പിൽ ഒരുതവണ കൈതൊട്ടവരാണ്. പിന്നീടൊരു തവണ കയ്യകലെ കൈവിട്ടവരും. പ്രണയച്ചൂരും വിരഹച്ചൂടും അവർക്കറിയാം. പക്ഷേ, ഈ പന്തിനെ ആരു വരിക്കും, ഈ കപ്പിനെ ആരു കൈപിടിക്കും എന്നതാണ് ഇന്നത്തെ ചോദ്യം...