‘തോൽവിക്കു തയാറെടുത്തോളൂ’: വൈറലായി ഗ്രീസ്മെന്റെ ഗോളാഘോഷം

ഫൈനലിൽ അന്റോയ്ൻ ഗ്രീസ്മെന്റെ പെനൽറ്റി കിക്ക് നിസ്സാരമെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാം. എന്നാൽ ഗോൾ നേട്ടത്തിനു ശേഷം ഗ്രീസ്മെന്റെ ആഘോഷപ്രകടനം സോഷ്യൽ മീഡിയയിൽ ലൈക്കുകളിൽ നിന്നു ലൈക്കുകളിലേക്കു കുതിക്കുകയാണ്. 

‘തോൽവിക്കു തയാറെടുത്തോളൂ’ (ടേക്ക് ദ എൽ– ലോസ് എന്ന വാക്കിന്റെ ആദ്യ അക്ഷരമാണല്ലോ എൽ) എന്നു പരക്കെ അറിയപ്പെടുന്ന ഗ്രീസ്മെന്റെ ഈ നൃത്തച്ചുവടുകൾ പണ്ടേ പ്രശസ്തമാണ്– ഫോർട്നൈറ്റ് എന്ന വിഡിയോ ഗെയിമിൽനിന്നു കടമെടുത്താണിത്. 

ലോകകപ്പിനിടെയുള്ള ഒഴിവു സമയങ്ങളിൽ വിഡിയോ ഗെയിമുകൾ കളിക്കാൻ ഏറ്റവും കൂടുതൽ സമയം ചെലവിട്ടത് ഫ്രാൻസും ഇംഗ്ലണ്ടുമാണ്. രണ്ടു ടീമുകളിലെയും കളിക്കാരിൽ ഭൂരിഭാഗവും സായാഹ്നങ്ങൾ ചെലവിട്ടത് വിഡിയോ ഗെയിമുകൾക്കു മുന്നിലാണ്. 

 പോൾ പോഗ്ബയുടെ ഗോളാഘോഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെപ്പോലും ചിരിപ്പിച്ചുകളഞ്ഞു.