വരവേൽപ്പിന് 10 ലക്ഷം പേർ, ഫ്രാൻസ് ഉറങ്ങാത്ത രാത്രി – ചിത്രങ്ങൾ

ഫുട്ബോൾ ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രാൻസ് ടീമിനു പാരിസിൽ നൽകിയ വരവേൽപ്.

പാരിസ്∙ ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രാൻസിനു ജന്മനാടിന്റെ ഉജ്വല വരവേൽപ്. വിമാനത്താവളത്തിനു ചുറ്റം ആയിരക്കണക്കിന് ആരാധകരാണു തടിച്ചുകൂടിയത്. ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാൻ 10 ലക്ഷത്തോളം പേരെത്തി.  ലോകകപ്പ് ജയിച്ചുവന്ന അഭിമാനതാരങ്ങൾക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ലീജൻ ഓഫ് ഓണർ സമ്മാനിക്കും.  

പാരിസ് മെട്രോയിലെ ആറു സ്റ്റേഷനുകൾ താൽക്കാലികമായി പുനർനാമകരണം ചെയ്തു. വിക്ടർ യൂഗോയുടെ പേരിലുള്ള സ്റ്റേഷന്റെ പേര് വിക്ടർ യൂഗോ ലോറിസ് എന്നാക്കി. 

ബെർസി മെട്രോ സ്റ്റേഷന് ഫ്രഞ്ച് ടീമിന്റെ വിളിപ്പേരായ ലെ ബ്ലൂസ് എന്നുകൂടി ചേർത്ത് ബെർസി ലെ ബ്ലൂസ് എന്നാണു പുതിയ പേര്. അവ്‌റോൺ സ്റ്റേഷന്റെ പേര് നൗസ് അവ്‌റോൺ ഗാഗ്നെ എന്നാക്കി– ഞങ്ങൾ നേടി എന്നാണു ഫ്രഞ്ച് ഭാഷയിൽ ഇതിനർഥം. ചാൾസ് ദെ എറ്റോയ്‌ലെ സ്റ്റേഷന്റെ പേര് ഓൺ എ റ്റു എറ്റോയ്‌ലെസ് എന്നാണു മാറ്റിയത്. ഞങ്ങൾക്കു രണ്ടു നക്ഷത്രങ്ങളുണ്ട് എന്നർഥം. ഫ്രാൻസിന്റെ രണ്ടു ലോകകപ്പ് കിരീടവിജയങ്ങളെ അനുസ്മരിപ്പിക്കാനാണിത്. ഫ്രാൻസ് പരിശീലകൻ ദിദിയേ ദെഷാമിന്റെ പേരിൽ രണ്ടു സ്റ്റേഷനുകളുണ്ട്.