ഫുട്ബോൾ ലോകം ഒന്നാകെ ആശ്ചര്യപ്പെടുന്നു; എന്തൊരു ചാട്ടം! - വിഡിയോ

ഒരു കാര്യം ഇനി ഒന്നു കൂടി ഉറപ്പിച്ചു പറയാം. ലോകത്ത് രണ്ടു തരം ഫുട്ബോൾ ആരാധകരേ ഉള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും. കഴി‍ഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി വിമർശകരുടെ വായടപ്പിക്കുകയെന്നതും റൊണാൾഡോയുടെ ജോലിയാണ്. ലോകഫുട്ബോളിൽ ഇനി ആർക്കു മുന്നിലും അധികമൊന്നും തെളിയിക്കാനില്ലാതിരുന്നിട്ടും, ഓരോ മൽസര ദിവസവും മികച്ച തയാറെടുപ്പോടെ ഓരോ മൽസരത്തിനും റോണോ ഇറങ്ങും. മെസ്സിയോടൊപ്പമെത്തുന്ന മികവില്ലെന്ന് ലോകം ഒന്നടങ്കം പറഞ്ഞാലും കൂടുതൽ മിന്നുന്ന പ്രകടനങ്ങളുമായി റോണോ കുതിപ്പു തുടരും.

റഷ്യൻ ലോകകപ്പിന്റെ രണ്ടാം റൗണ്ട് മൽസരങ്ങൾ പുരോഗമിക്കുമ്പോൾ താരമായി റോണാൾഡോ ഉദിച്ചു കഴിഞ്ഞു. ആദ്യ രണ്ടു മൽസരങ്ങളിൽനിന്ന് നാലു ഗോളോടെ ഗോൾവേട്ടക്കാരിൽ മുൻപൻ ഈ നൻപൻ തന്നെ. സ്പെയിന്‍ പോലുള്ള ഒരു വമ്പൻ ടീമിനെതിരെ നേടിയ ഹാട്രിക് ഉൾപ്പെടെയാണ് ഇതെന്ന് പ്രത്യേകം ഓർക്കണം.

ഓസ്ട്രേലിയ–ഡെൻമാർക്ക് മൽസരത്തിന്റെ തൽസമയ വിവരണത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

എന്തൊരു  ചാട്ടം! 

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ പതിവായി ചോദിക്കുന്ന ചോദ്യം. ഇന്നലെ, മൊറോക്കോയ്ക്കെതിരെ ഗോൾ നേടിയ ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ ചാട്ടമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഫുട്ബോളിൽ മാത്രമല്ല, മറ്റു കായിക ഇനങ്ങളിലും നിലത്തുനിന്ന് ഇത്രയും ഉയരത്തിൽ ഒറ്റയടിക്കു ചാടാൻ മികവുള്ള താരങ്ങൾ ഏറെയില്ല. 

നിലത്തുനിന്ന് 2.6 അടി ഉയരത്തിൽ

നിലത്തുനിന്ന് 2.6 അടി ഉയർന്നു പൊങ്ങാൻ ക്രിസ്റ്റ്യാനോയ്ക്കു സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിന്ന നിൽപിലാണെങ്കിൽ ഒരടി ആറിഞ്ചും ഓടി വന്നാണെങ്കിൽ  രണ്ടടി ആറിഞ്ചും ഉയർന്നുചാടാൻ റോണോയ്ക്കു കഴിയും. റയൽ ജഴ്സിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ കളിയിൽ, 2.8 അടി ഉയരത്തിലും ഒരിക്കൽ ചാടിയിട്ടുണ്ട്. യുഎസിലെ നാഷനൽ ബാസ്കറ്റ് അസോസിയേഷൻ  (എൻബിഎ) കളിക്കാരുടെ ശരാശരി പ്രകടനത്തേക്കാൾ മികച്ചതാണിത്. 

എങ്ങനെ?

ആറടി ഒരിഞ്ചു പൊക്കക്കാരനായ റോണോയുടെ വ്യായമമുറകളാണ് ഈ കഴിവുണ്ടാക്കുന്നത്. ഉയർന്നു ചാടി അന്തരീക്ഷത്തിൽ നിൽക്കുന്ന സമയവും കൂടുതലാണ്. കാൽ മസിലുകൾക്കു വേണ്ടി പ്രത്യേക വർക്കൗട്ട്, പ്രോട്ടീൻ ഭക്ഷണം എന്നിവയും ഈ ചാട്ടത്തിനു സഹായിക്കുന്നു.

ലോകത്തിന്റെ അത്‌ലീറ്റ്

90 മിനിറ്റും കരുത്തു ചോരാതെ ഓടിക്കളിക്കുന്ന ഫുട്ബോളിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം കായികശേഷിയുള്ള താരങ്ങൾ അധികമില്ല. മണിക്കൂറിൽ 33.6 കിലോമീറ്റർ വേഗത്തിൽ ശരാശാരി 33 തവണ താരം ഓടുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നിടുന്ന ശരാശരി ദൂരം 16 കിലോമീറ്റർ. പൊടുന്നനെ കുതിക്കാനുള്ള കഴിവും താരത്തെ അപകടകാരിയാക്കുന്നു. ബാസ്കറ്റ്ബോൾ താരങ്ങളെപ്പോലെ ഒറ്റക്കാലിൽ മൂന്നടിയോളം ഉയരത്തിലേക്കു കുതിക്കാനുള്ള ശേഷി ഒട്ടേറെ ഹെഡർ ഗോളുകളുടെ പിറവിക്കു വഴിതുറന്നു. എതിരാളികളെക്കാൾ ഉയരത്തിൽ ചാടാനുള്ള ശേഷിയാണ് കഴിഞ്ഞ ദിവസം ടൂറിനിൽ പുറത്തെടുത്ത ബൈസിക്കിൾ കിക്കിലും നിർണായകമായത്.

129 കിലോമീറ്ററോളം വേഗമുള്ള ഷോട്ടുകൾ തൊടുക്കാനുള്ള കഴിവും ക്രിസ്റ്റ്യാനോയെ മൈതാനത്ത് കൂടുതൽ കരുത്തനാക്കുന്നു. സെറ്റ് പീസുകൾ തൊടുക്കുമ്പോൾ ഗോൾകീപ്പർമാരെ സ്തബ്ധരാക്കുന്ന സ്വിങ്ങോടെ പന്തിന്റെ ദിശ മാറ്റുന്നതിലും മിടുക്കനാണ്. സാധാരണ വ്യക്തികൾ സെക്കൻഡിൽ മൂന്നു മുതൽ അഞ്ചു വരെ സ്ഥലത്തേക്കു മാത്രം കണ്ണു പായിക്കുമ്പോൾ ക്രിസ്റ്റ്യാനോയുടെ ദൃഷ്ടി പതിക്കുക ഏഴു സ്ഥലങ്ങളിലാണെന്നാണ് വിദഗ്ധർ കണ്ടെത്തിയത്. മത്സരഗതി പൊടുന്നനെ വിലയിരുത്തി തീരുമാനങ്ങളെടുക്കാൻ ഇതുവഴി താരത്തിനു കഴിയുന്നുവെന്നാണ് വിലയിരുത്തൽ.

കാൽപ്പന്തു വണക്കം!

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ ഫൈനലിൽ, യുവന്റസിനെതിരെ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടുന്നു. 2.30 മീറ്റർ ഉയരത്തിലൂടെ പറന്ന പന്തിനു നേർക്ക് ഉയർന്നുചാടി തലയ്ക്കു മുകളിലൂടെ ക്രിസ്റ്റ്യാനോ തൊടുത്ത ഷോട്ട്, ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറി. 

∙ ക്രിസ്റ്റ്യാനോ റൊണാൾഡോ (റയൽ മഡ്രിഡ്) 

പ്രായം: 33 

ഉയരം: 1.87 മീറ്റർ