Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നേറാനുണ്ട് റഷ്യ; ഇതുവരെയുള്ള പ്രകടനത്തിന് പത്തിൽ ആറു മാർക്കു മാത്രം!

russia-vs-egypt-1

ലോകകപ്പിലെ റഷ്യൻ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ പത്തിൽ ആറു മാർക്ക് നൽകുമെന്നു മുൻ ഇന്ത്യൻ നായകനും ഗോളിയുമായ ബ്രഹ്മാനന്ദ്. കരുത്തും കരുത്തും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കൂടുതൽ മികച്ച പ്രകടനം നടത്തിയാൽ മാത്രം ഉയർന്ന മാർക്ക് നൽകാമെന്നും ബ്രഹ്മാനന്ദ് പറഞ്ഞു. കൊച്ചിയിൽ 1985ൽ യുഎസ്എസ്ആർ ടീം നെഹ്റുക്കപ്പിൽ കളിച്ചപ്പോൾ ഇന്ത്യൻ ടീമിൽ ബ്രഹ്മാനന്ദും ഉണ്ടായിരുന്നു. വിഖ്യാത ഗോളി റിനത് ദസയേവ് നയിച്ച യുഎസ്എസ്ആറിനെതിരെ ഇന്ത്യയ്ക്കു കളിക്കേണ്ടി വന്നില്ല. 1983ൽ ക്യാപ്റ്റൻ ആയിരുന്നെങ്കിലും 85ൽ കൊച്ചിയിൽ രണ്ടാം ഗോളി ആയിരുന്നു ബ്രഹ്മ. അതാനു ഭട്ടാചാര്യയാണു വലകാത്തത്.

മുൻഗാമികളായ സോവിയറ്റ് ടീമിന്റെ എൺപതുകളിലെ പ്രകടനവുമായി ഇപ്പോഴത്തെ ടീമിനെ താരതമ്യം ചെയ്യുന്നില്ല. പക്ഷേ, ചില സമാനതകളുണ്ട്. വേഗം, പൊസിഷനൽ ഫുട്ബോൾ എന്നിങ്ങനെ. അന്നു നെഹ്റു കപ്പിൽ അവർക്കു പറ്റിയ എതിരാളികൾ ഉണ്ടായിരുന്നില്ല. ദയയേവിനെപ്പോലെ ഒരു ഗോളി അന്നു ലോക ഫുട്ബോളിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഇഗോർ ബലനോവും അന്നു ടീമിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു.

ബ്രഹ്മാനന്ദ്

ഈ ടീം ലോകകപ്പിൽ എത്രത്തോളം മുന്നേറും എന്നു ചോദിച്ചാൽ പല ഘടകങ്ങളെ ആലോചിക്കേണ്ടി വരും. നോക്കൗട്ട് റൗണ്ടുകളിലേക്കു കടക്കുമ്പോൾ വ്യക്തികളുടെ മനോഭാവം എന്നതിലുമപ്പുറം ടീമിന്റെ മനോഭാവം എങ്ങനെ രൂപപ്പെടുന്നു എന്നതു പ്രധാനമാണ്. സമ്മർദ്ദത്തെ എങ്ങനെ നേരിടുന്നു എന്നതാണു മറ്റൊരു ഘടകം.

ശാരീരികമായി ഈ റഷ്യൻ ടീം മികച്ചതാണ്. പക്ഷേ, മാനസികമായി കരുത്തന്മാരാണോ എന്നത് കടുത്ത എതിരാളികളുമായി ഏറ്റുമുട്ടുമ്പോഴേ വ്യക്തമാകൂ. ഇതുവരെ ‘വൺവേ’ ട്രാഫിക്കിലൂടെയാണു റഷ്യ കടന്നു പോകുന്നത്. വ്യക്തിഗത മികവിൽ ഏറ്റവും മികച്ച ഫോമിലേക്ക് സ്പെയിൻ പോലൊരു ടീം ഉയർന്നാൽ അവർക്കു മുന്നിൽ ഈ റഷ്യൻ ടീമിന്റെ യഥാർഥ നിറവും ഘടനയും പുറത്തുവരും. ആ ഘട്ടത്തിൽ ആരാധകരുടെ പ്രതീക്ഷകളുടെ സമ്മർദ്ദം എങ്ങനെ താണ്ടും എന്നും കണ്ടറിയണം.

റഷ്യ– ഈജിപ്ത് മൽസരത്തിന്റെ വിഡിയോ സ്റ്റോറി കാണാം

ലാറ്റിനമേരിക്കൻ ടീമുകൾ ചില നേരത്ത് വ്യക്തിപരമായ അസാമാന്യ മികവിലൂടെ കളി പിടിച്ചടക്കും. അന്നേരം ഈ റഷ്യൻ ശൈലി എങ്ങനെ പിടിച്ചുനിൽക്കും എന്നും നമുക്ക് ഇപ്പോൾ അറിയില്ല. കരുത്തരായ ടീമുകൾക്കെതിരെ പ്രവചനാതീതമായ ആക്രമണങ്ങൾക്ക് ഈ റഷ്യൻ ടീമിനു കഴിവുണ്ടെങ്കിൽ അത് അവർ തെളിയിക്കേണ്ടിയിരിക്കുന്നു. ഒരു ഗോളിനു പിന്നിലായ ശേഷം ലഭിക്കുന്ന അർധാവസരങ്ങളുടെ കാര്യവും അങ്ങനെ തന്നെ.

ആദ്യ മാച്ചിനെക്കാൾ റഷ്യ രണ്ടാം മാച്ചിൽ മെച്ചപ്പെട്ടു. എതിർ ബോക്സിൽ കുറച്ചുകൂടി ഭാവനാവിലാസം വേണ്ടിവരും. അല്ലെങ്കിൽ സാങ്കേതിക മികവുള്ള പ്രതിരോധക്കാരുടെ മുന്നിൽ വെറും കയ്യോടെ മടങ്ങേണ്ടി വരും– ബ്രഹ്മാനന്ദ് പറഞ്ഞു.  

(നെഹ്റു കപ്പിൽ ഇന്ത്യൻ ടീമംഗമായിരുന്നു ബ്രഹ്മാനന്ദ്).

related stories