മെസ്സിയുടെ മുഖം പറഞ്ഞു, മനസ്സ് അസ്വസ്ഥമാണ്; തോൽവിക്ക് മൂന്ന് കാരണങ്ങൾ

കടുത്ത ഉൽകണ്ഠയും മാനസിക സമ്മർദവും ഒരു മനുഷ്യനെ എത്രമാത്രം അസ്വസ്ഥമാക്കാം എന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം മെസ്സി. ദേശീയഗാനത്തിനിടെ നെറ്റിയിൽ തിരുമ്മുന്ന മെസ്സി, കൈകൊണ്ടു മുഖം മറയ്ക്കുന്ന മെസ്സി, തല കുനിച്ചു നിൽക്കുന്ന മെസ്സി... കളിയിലെ അതിമാനുഷൻ മാനസിക സമ്മർദങ്ങൾക്കും സംഘർഷങ്ങൾക്കും അടിപ്പെടുന്ന വെറുമൊരു മനുഷ്യൻ മാത്രമായി മാറിയ രാത്രി.

തന്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹത്തിനു കടുത്ത ആശങ്കയുണ്ടായിരുന്നുവെന്നു വേണം കരുതാൻ. അത്തരമൊരു വ്യക്തിയുടെ ശരീരഭാഷയായിരുന്നു മത്സരത്തിലുടനീളം അദ്ദേഹത്തിന്റേത്. ടീമിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ആ ഒഴുക്കിനെ വഴിതിരിച്ചുവിടാൻ മെസ്സിക്കു കഴിയാതെപോയി. അദ്ദേഹത്തിന്റെ മുഖഭാവം തോൽവി സമ്മതിച്ചവനെ ഓർമിപ്പിക്കുന്നതായി.

ടീമംഗങ്ങളുടെ മാനസിക സമ്മർദം കുറയ്ക്കാൻ ഡോക്ടർമാർ ഒപ്പമുണ്ടാവാറുണ്ട്. ചിലപ്പോൾ ആ വിദഗ്ധനും പരാജയപ്പെടുന്ന ഘട്ടമുണ്ടാവും. അത്തരമൊരു മാനസികാവസ്ഥ മെസ്സിയും നേരിട്ടിട്ടുണ്ടാവാം. വളരെ ചെറിയ കാര്യത്തിനുപോലും ടെൻഷനടിക്കുന്നവരാണു നമ്മളിൽ പലരും. അപ്പോൾ, കോടിക്കണക്കിനു പേരുടെ മുന്നിലേക്കിറങ്ങുന്ന മെസ്സി സമ്മർദത്തിനു കീഴ്പ്പെട്ടുപോയാൽ കുറ്റം പറയാനാകുമോ?

തോൽവിക്ക് 3 കാരണങ്ങൾ

ഒന്നാംനിര ബെഞ്ചിൽ

ചിലെയുടെയും പിന്നീടു സ്പാനിഷ് ക്ലബ് സെവിയ്യയുടെയും പരിശീലകനായിരുന്നപ്പോൾ എതിരാളികളെ സമ്മർദത്തിലാക്കുന്ന ഹൈ പ്രസ് ഗെയിമിന്റെ വക്താവായിരുന്നു ഹോർഗെ സാംപോളി. അർജന്റീന ടീമിൽ ആ കളി നടപ്പില്ല എന്നതു സാംപോളി ആദ്യമേ തിരിച്ചറിഞ്ഞതാണ്. പക്ഷേ, പകരം എന്തു ചെയ്യണം എന്നത് ഇതുവരെ മനസ്സിലാകാത്ത കാര്യം. തന്റെ ലൈനപ്പ് പരീക്ഷണങ്ങളുടെ തുടർച്ചയായിരുന്നു സാംപോളിക്കു ക്രൊയേഷ്യയ്ക്ക് എതിരെയുള്ള മൽസരം. നടപടി ധീരമായിരുന്നു. പക്ഷേ ഭീമാബദ്ധവും!

ഹോം വർക്കില്ലാതെ ഫോർമേഷൻ

ഐസ്‌ലൻഡിനെതിരെ വിജയിക്കാതെ പോയ 4–2–3–1 ഫോർമേഷൻ അർജന്റീന ഇത്തവണ മാറ്റി. 3–4–3 ഫോർമേഷനിലാണ് അവർ ഇറങ്ങിയത്. മൂന്നു ഡിഫൻഡർമാരെ വച്ചു കളിച്ചതിനാൽ മൈതാനപാർശ്വങ്ങളിൽ അർജന്റീന ഒട്ടും സുരക്ഷിതരല്ല എന്ന് ക്രൊയേഷ്യ മനസ്സിലാക്കി. പെരിസിച്ചും റെബിച്ചും അതിന്റെ സൂചന പലവട്ടം നൽകിയതാണ്. ഒടുവിൽ ഒരു ക്രോസ് ഫീൽഡ് പാസിൽ അർജന്റീന പ്രതിരോധം ചിതറി. അർജന്റീന സമീപകാലത്തെല്ലാം കളിച്ചതു നാലു ഡിഫൻഡർമാരെവച്ചാണ്. പെട്ടെന്നുള്ള മാറ്റം ടീമിന് ഉൾക്കൊള്ളാനായില്ല.

കീപ്പറും കൂട്ടുപ്രതികളും

ഗോൾകീപ്പർ വില്ലി കാബയ്യറോ മാത്രമല്ല. പ്രതിരോധനിരയിലെ എല്ലാവരും തോൽവിക്ക് ഉത്തരവാദികളാണ്. ഗോൾകീപ്പർക്ക് തുടരെ മൈനസ് പാസുകൾ നൽകിയ മെർക്കാഡോയും ടാഗ്ലിയാഫിക്കോയും ഒട്ടാമെൻഡിയും അർജന്റീന ആരാധകർക്കു നെഞ്ചിടിപ്പിന്റെ നിമിഷങ്ങളാണു നൽകിയത്. മുന്നോട്ടു കയറിവന്ന് ഒരു സ്വീപ്പർ കീപ്പറെ പോലെ കളിച്ച കാബെല്ലെറോ അതു തനിക്കു പറ്റിയ പണിയല്ലെന്നു തിരിച്ചറിഞ്ഞില്ല.  

(സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ്)