നടുക്കടലിലെ ഏകാകി; അർജന്റീനയുടെ തോൽവിക്ക് വൈകാരികമായ കാരണങ്ങളേറെ

തോൽവി എന്ന വിനാശവിധി മെസ്സി മുൻകൂട്ടി കണ്ടിരുന്നോ.? ലൈനപ്പിനു മുൻപു ടീം ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ ക്യാമറ മെസ്സിയുടെ മുഖത്തേക്ക് സൂം ചെയ്തു. നിശ്ചയദാർഢ്യത്തോടെ തലയുയർത്തി നിൽക്കുന്നതിനു പകരം നെറ്റിയിൽ കൈവച്ചു ചിന്താഭാരത്തോടെ ക്യാപ്റ്റൻ. അർജന്റീന പാതി കളി അവിടെ തോറ്റു.

കൃത്യം രണ്ടു വർഷം മുൻപ്, 2016 ജൂൺ 22നു മെസ്സി ഒരു അതിമാനുഷനായിരുന്നു. കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോൾ ടൂർണമെന്റിൽ അമേരിക്കയ്ക്കെതിരെ മെസ്സിയുടെ ഫ്രീകിക്ക് മിസൈൽ പോലെ അമേരിക്കൻ പോസ്റ്റിൽ വന്നുവീണു. ഹൂസ്റ്റണിലായിരുന്നു ആ കളി. അമേരിക്കയുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ആസ്ഥാനം. ഭൂമിക്കപ്പുറം പോയ ഒട്ടേറെ ആകാശയാനങ്ങളെ ഹൂസ്റ്റണിലെ നാസ കേന്ദ്രത്തിലിരുന്നു നിയന്ത്രിച്ച അമേരിക്കക്കാർക്ക് ആ ഫ്രീകിക്കിന്റെ ഗതി ഗണിച്ചെടുക്കാനായില്ല. ആരാധകർ അന്നു മെസ്സിക്കു മുന്നിൽ മുട്ടുകുത്തി– മിശിഹ..!

അന്ന്, അമേരിക്കയ്ക്കു നൊന്തപ്പോൾ ആഹ്ലാദിച്ച ആരാധകർ ഇന്നലെ ക്രൊയേഷ്യയ്ക്കെതിരെ അർജന്റീന 3–0നു തകർന്നടിച്ചപ്പോൾ സഹതപിക്കുകയായിരുന്നു. കാരണം ഈ തോൽവി അർജന്റീന ടീം അർഹിച്ചതാണെന്നു കടുത്ത ആരാധകർപോലും സമ്മതിക്കുന്ന കാര്യം. ലയണൽ മെസ്സി എന്ന മേൽവിലാസം കൊണ്ടു മാത്രം ഫുട്ബോളിൽ ഒന്നും ജയിക്കാനാകില്ലെന്ന് അർജന്റീന ടീം എന്നു തിരിച്ചറിയും? ഈ കളി വച്ച് അവരെത്ര മുന്നോട്ടു പോകും?

തോൽവി എന്ന വിനാശവിധി മെസ്സി മുൻകൂട്ടി കണ്ടിരുന്നോ.? ലൈനപ്പിനു മുൻപു ടീം ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ ക്യാമറ മെസ്സിയുടെ മുഖത്തേക്ക് സൂം ചെയ്തു. നെറ്റിയിൽ കൈവച്ചു ചിന്താഭാരത്തോടെ ക്യാപ്റ്റൻ. അർജന്റീന പാതി കളി അവിടെ തോറ്റു. ചുറ്റും ആരാധകർ ആരവം ഉയർത്തുമ്പോഴും ഉള്ളിൽ ഏകാകിയായിരുന്നു ആ നായകൻ എന്നു വ്യക്തം.

സഹകളിക്കാരുമായി മെസ്സി ഒട്ടും ചേർന്നു പോകുന്നില്ലെന്നു പിന്നീടു വ്യക്തമായി. വെള്ളത്തിൽ വീണ വെണ്ണത്തുള്ളിയാണ് അർജന്റീന ടീമിൽ മെസ്സി. രണ്ടും ഒന്നാകുന്നില്ല ഒരിക്കലും. ആദ്യ കളിയിലേതു പോലെ മാർക്ക് ചെയ്യപ്പെടാതെ നിന്നിട്ടും അർജന്റീന താരങ്ങൾ മെസ്സിക്ക് പന്തു പാസ് ചെയ്യാതിരുന്നത് അദ്ഭുതകരമായ കാഴ്ചയായിരുന്നു. കളിയിൽ ആകെ മെസ്സി പന്തു തൊട്ടതു 49 പ്രാവശ്യം മാത്രം!

ഇടവേളയ്ക്കുശേഷം ഒരു അദ്ഭുതം ആരാധകർ പ്രതീക്ഷിച്ചു. കളി ഗോളില്ലാതെ നിൽക്കുന്നു എന്നതുകൊണ്ടു തന്നെ തികച്ചും യാഥാർഥ്യബോധമുള്ള പ്രതീക്ഷ. ഡ്രസ്സിങ് റൂമിൽ പ്രചോദനാത്മാകമായ ഒരു സംസാരം, തന്ത്രങ്ങളിൽ എന്തെങ്കിലും മാറ്റം. എന്നാൽ, ഇടവേള കഴിഞ്ഞു ടണലിലൂടെ കയറി വന്ന അർജന്റീന താരങ്ങളുടെ ഹതാശമായ മുഖം കണ്ടപ്പോഴേ ഉറപ്പായി. ഇല്ല– ഒന്നും സംഭവിക്കാൻ പോകുന്നില്ല.

ഈ കളി തങ്ങൾ ജയിക്കാൻ പോകുന്നു എന്ന വിശ്വാസം അതോടെ ക്രൊയേഷ്യൻ താരങ്ങളുടെ മനസ്സിലുണർന്നു. പതിയെ അതവരുടെ കളിയിലേക്കും പടർന്നു. മോഡ്രിച്ച് മുന്നിൽനിന്നു നയിച്ച ക്യാപ്റ്റനായി. റാകിട്ടിച്ച് നല്ല കയ്യാളായി.