ലയണൽ മെസ്സി ഔട്ട്; സോഷ്യൽമീഡിയയിൽ ‘ലയണൽ മൂസ’യാണിപ്പോൾ താരം

ലയണൽ മെസ്സി, അഹമ്മദ് മൂസ

വോൾഗോഗ്രാഡ്∙ അർജന്റീനയിലെ സമൂഹമാധ്യമങ്ങളിൽ ലയണൽ മെസ്സിക്കൊപ്പം മറ്റൊരു ലയണൽ വൈറൽ ആവുകയാണ്. ഐസ്‌ലൻഡിനെതിരെ ഇരട്ടഗോളുകൾ കുറിച്ചു തിളങ്ങിയ നൈജീരിയൻ സ്ട്രൈക്കർ അഹമ്മദ് മൂസയ്ക്കാണു സമൂഹമാധ്യമങ്ങളിൽ ‘ലയണൽ മൂസ’ എന്നു വിളിപ്പേരു വീണത്. അതേസമയം, അടുത്ത കളിയിൽ നൈജീരിയ അർജന്റീനയെ നേരിടുമ്പോൾ, തന്റെ നായകപരിവേഷം നഷ്ടപ്പെട്ടേക്കാമെന്നും മൂസ പറയുന്നു.

അർജന്റീനയ്ക്കും മെസ്സിക്കുമെതിരെ കളിക്കുമ്പോഴെല്ലാം താരം സ്കോർ ചെയ്യാറുണ്ട്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ 2–3നു നൈജീരിയ തോറ്റപ്പോൾ രണ്ടു ഗോളുകൾ നേടി. ബാർസിലോനയ്ക്കെതിരെ ലെസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ചപ്പോഴും മൂസ രണ്ടുതവണ ലക്ഷ്യം കണ്ടു. ഇത്തവണ ഏറ്റുമുട്ടുമ്പോഴും രണ്ടു ഗോളടിക്കാമെന്നാണു പ്രതീക്ഷയെന്നു താരം പറയുന്നു.

ലോകകപ്പിൽ നൈജീരിയയുടെ ടോപ് സ്കോറർ ആയ ഈ ഇരുപത്തഞ്ചുകാരൻ വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ നൈജീരിയ താരവുമാണ്. റെക്കോർഡുകൾ തകർക്കുന്നതിൽ അഭിമാനംകൊള്ളുന്ന മൂസ കോച്ച് തനിക്കു നൽകുന്ന പിന്തുണയ്ക്കു നന്ദി പറയുകയും ചെയ്തു.