ബ്രസീൽ, ഗോളടിച്ചുകൂട്ടുക, പ്രതിരോധം മറക്കാതിരിക്കുക: മറഡോണ

ബ്രസീലിനെതിരെ ഗോൾ നേടുന്ന സ്വിറ്റ്സർലൻഡ് താരം സ്യൂബർ.

ബ്രസീലിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ വലിയ പ്രശ്നമാണ്. ഗോൾ സ്കോർ ചെയ്തു ലീഡിന്റെ ആത്മവിശ്വാസത്തോടെ കളിക്കുന്ന ഒരു ടീം ഗോൾ വഴങ്ങുന്നത് ഒട്ടും നല്ല ലക്ഷണമല്ല. ഇന്നത്തെ കളിയിൽ സെർബിയ ഗോളടിക്കാൻ മാത്രമായിരിക്കും ശ്രമിക്കുക.

ദക്ഷിണ അമേരിക്കൻ ടീമുകൾക്ക് ഈ ലോകകപ്പ് അത്ര ശുഭകരമല്ല. യൂറോപ്യൻ എതിരാളികൾ അവരെ ഗോളടിക്കാൻ അനുവദിക്കുന്നില്ല. അർജന്റീനയുമായി താരതമ്യം ചെയ്യുമ്പോൾ അൽപം ഭേദമാണു ഗ്രൂപ്പ് റൗണ്ടിൽ ബ്രസീലിന്റെ അവസ്ഥ. അങ്ങനെയെങ്കിലും ഗ്രൂപ്പിലെ അവസാന മൽസരത്തിൽ സെർബിയയോടു രണ്ടും കൽപിച്ചു ജയത്തിനായി പോരടിക്കേണ്ട നിലയിലാണ് എന്റെ അയൽരാജ്യക്കാർ.

പ്രതീക്ഷ ബ്രസീലിന്റെ മുൻനിരയിലാണ്. നെയ്മർ, കുടിഞ്ഞോ, ജീസസ് എന്നിവർക്കു താളമുണ്ട്. മധ്യനിരയിൽ മികച്ച നീക്കങ്ങൾ കഴിഞ്ഞ കളികളിലെല്ലാം കണ്ടു. അതിൽനിന്നുള്ള പ്രചോദനമായിരുന്നു അവരുടെ ഗോളുകൾ. നെയ്മർ ഗോൾ കണ്ടെത്തിക്കഴിഞ്ഞു എന്നതു ശുഭകരമാണ്. ആദ്യ കളിയിൽ ഗോളടിക്കാൻ പറ്റാത്തതിന്റെ നിരാശ രണ്ടാമത്തെ കളിയിലും അയാളുടെ ശരീരഭാഷയിലുണ്ടായിരുന്നു. എന്നാൽ, വൈകി വീണ ഗോളിലൂടെ നെയ്മറും ബ്രസീലും ആത്മവിശ്വാസം തിരികെപ്പിടിച്ചു എന്നുറപ്പിച്ചു പറയാം.

ഇങ്ങനെയൊക്കെയാണെങ്കിലും, ബ്രസീലിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ വലിയ പ്രശ്നമാണ്. ഗോൾ സ്കോർ ചെയ്തു ലീഡിന്റെ ആത്മവിശ്വാസത്തോടെ കളിക്കുന്ന ഒരു ടീം ഗോൾ വഴങ്ങുന്നത് ഒട്ടും നല്ല ലക്ഷണമല്ല. ഇന്നത്തെ കളിയിൽ സെർബിയ ഗോളടിക്കാൻ മാത്രമായിരിക്കും ശ്രമിക്കുക. അത്തരത്തിൽ ആക്രമിച്ചു കയറുന്ന ഒരു ടീമിനെ മെരുക്കാൻ ഇപ്പോഴത്തെ ബ്രസീൽ പ്രതിരോധത്തിനു സാധിക്കുമോയെന്നു സംശയമാണ്.

കഴിഞ്ഞ ലോകകപ്പ് സെമിയിൽ ജർമനിക്കെതിരെ സംഭവിച്ച പ്രതിരോധപ്പിഴവ് ബ്രസീലുകാർ ഓർമിക്കുന്നതു നല്ലതാണ്. ബ്രസീൽ കോച്ച് ടിറ്റെ അവതരിപ്പിക്കുന്ന 4–2–3–1 ഫോർമേഷനിൽ പ്രതിരോധമുണ്ടെങ്കിലും അതു കളത്തിൽ നടപ്പാകുന്നതു വേറെ വിധത്തിലാണ്. കസീമിറോയെയും പൗളിഞ്ഞോയെയും ബായ്ക്ക് ലൈനിനു തൊട്ടുമുൻപിൽ, ‘സ്പോയ്‌ലേഴ്സ്’ എന്നു വിളിക്കാവുന്ന പൊസിഷനിലാണു കോച്ച് കളിപ്പിക്കുന്നത്. പക്ഷേ, അത് അത്ര ഫലപ്രദമാകുന്നില്ല. സെർബിയയും കഴിഞ്ഞ രണ്ടുകളിയിലും ഇതേ ഫോർമേഷനിലാണു ടീമിനെ ഇറക്കിയത്.

ഇന്നത്തെ കളിയുടെ ഫലം എന്തായാലും സെർബിയയെ ആരും ചോദ്യം ചെയ്യില്ല. ബ്രസീലിന്റെ അവസ്ഥ നേരെ തിരിച്ചും. കഴിഞ്ഞ കളിയിൽ അവസാന മിനിറ്റിലെ വിജയം ബ്രസീൽ ടീമിന്റെ പോരാട്ടവീര്യത്തിന്റെ തെളിവാണ്. അതിലാണ് ഞാനും പ്രതീക്ഷയർപ്പിക്കുന്നത്.