‘അമ്മേ, ആ റിബൺ ഇപ്പോഴും മെസ്സിയുടെ കാലിലുണ്ട്’; സല്യൂട്ട്, മെസ്സി! – വിഡിയോ

അമ്മയുടെ ഇഷ്ടത്തേക്കുറിച്ച് മെസ്സിയോടു സംസാരിക്കുന്ന റിപ്പോർട്ടർ (പഴയ ചിത്രം). നൈജീരിയയ്ക്കെതിരായ മൽസരശേഷം റിബൺ കാട്ടിക്കൊടുക്കുന്ന മെസ്സി.

നൈജീരിയയ്ക്കെതിരെ മൽസരത്തിനുശേഷം തന്നോടു ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറെ അമ്പരപ്പിച്ചു ലയണൽ മെസ്സി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് അർജന്റീന റിപ്പോർട്ടർ താൻ മുൻപ് മെസ്സിക്കു നൽകിയ ഒരു സമ്മാനത്തെക്കുറിച്ച് ഓർമിപ്പിച്ചത്.

മെസ്സിക്ക് മുൻപു ഭാഗ്യം വരാനായി ഒരു റിബൺ നൽകിയിരുന്നു. തന്റെ അമ്മയ്ക്ക് തന്നേക്കാൾ ഇഷ്ടം താങ്കളെയാണെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് ആ ‘ഭാഗ്യ റിബൺ’ നൽകിയത്. അത് ഇപ്പോഴും കൈവശമുണ്ടോ അതോ കള‍ഞ്ഞോ എന്നാണു റിപ്പോർട്ടർ ചോദിച്ചത്.

ചിരിച്ചുകൊണ്ടുനിന്ന മെസ്സി പെട്ടെന്നു സോക്സ് നീക്കി റിബൺ കാണിച്ചു കൊടുക്കുകയായിരുന്നു. പിന്നാലെ റിപ്പോർട്ടർ ക്യാമറയെ നോക്കിപ്പറ‍ഞ്ഞു: ‘‘അമ്മേ, ആ റിബൺ ഇപ്പോഴും മെസ്സിയുടെ കൈവശമുണ്ട്...’’

ക്രൊയേഷ്യയ്ക്കെതിരെ മൽസരത്തിനു ശേഷമുള്ളതിൽനിന്നു വ്യത്യസ്തനായി ജയിച്ചതിന്റെ ആഹ്ലാദത്തിൽ ചിരിച്ചു കൊണ്ടാണ് മെസ്സി ഇന്നലെ എല്ലാവരെയും അഭിമുഖീകരിച്ചത്. ഡ്രസ്സിങ് റൂമിൽ അർജന്റീന ആഘോഷത്തിനിടെ മെസ്സി ജഴ്സിയൂരി ആഹ്ലാദിക്കുന്നതും കാണാമായിരുന്നു.