ദശാംശം തെറ്റാത്ത ദിശാബോധം; ഫ്രാൻസിന്റെ വിജയശിൽപി പരിശീലകൻ ദെഷാം

ദിദിയെ ദെഷാമിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ഫ്രഞ്ച് താരങ്ങൾ.

കളത്തിനു പുറത്തും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറാണ്, ഈ ഒക്ടോബറിൽ 50 തികയുന്ന ദിദിയെ ദെഷാം. പാരിസിൽ ക്യാപ്റ്റന്റെ ആംബാൻഡോടെ 20 വർഷം മുൻപ് ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം കൈനീട്ടി വാങ്ങിയ ദെഷാമിന് ഈ കളിയുടെ ഒഴുക്കറിയാം. 

പ്രതിരോധത്തിലൂന്നിയ ആക്രമണ ഫുട്ബോളാണു ദെഷാമിന്റെ ശൈലി. സെമിയിൽ ബൽജിയത്തെ 1–0ന് തോൽപിച്ച കളിയിൽ ദെഷാമിന്റെ ടീം നടപ്പാക്കിയ പ്രതിരോധക്കളി വിമർശനം കേൾക്കാൻ കാരണം ഇതുമാത്രം. പക്ഷേ, ദെഷാമിന് കളി ജയിക്കുകയെന്ന ലക്ഷ്യമാണ് പ്രധാനം, അതിലേക്കുള്ള വഴിയല്ല. 

ആറു വർഷം മുൻപു പരിശീലകനാകുന്ന കാലത്ത് അലമ്പന്മാരുടെ ടീമായിരുന്നു ഫ്രാൻസ്. പിന്നീടു ദെഷാമിന്റെ കീഴിൽ ഫ്രാൻസ് 82 കളിയിൽ 52ലും ജയിച്ചു. അലമ്പന്മാരെ പടിക്കു പുറത്താക്കി. കഴിഞ്ഞ ലോകകപ്പ് ടീമിൽനിന്ന് പോൾ പോഗ്ബ ഒഴിവാക്കപ്പെട്ടു. കഴിഞ്ഞ യൂറോക്കാലത്ത് സാമുവൽ ഉംറ്റിറ്റിയെ ടീമിലെടുത്ത് സകലരെയും ഞെട്ടിച്ചു. ഈ ലോകകപ്പിനു തൊട്ടുമുൻപാണ് രണ്ടു പ്രമുഖരെ വെട്ടി പകരം ചെറുപ്പക്കാരായ ബെഞ്ചമിൻ പവാർദിനെയും ലൂക്കാസ് ഹെർണാണ്ടസിനെയും കോച്ച് ടീമിലെടുത്തത്.