ഐപിഎൽ ലേലം 27 മുതൽ; പണമൊഴുക്കാൻ ഫ്രാഞ്ചൈസികൾ

വെടിക്കെട്ടു ക്രിക്കറ്റിന്റെ തമ്പുരാനായ ക്രിസ് ഗെയിൽ, പ്രായം തളർത്താത്ത പോരാട്ട വീര്യത്തോടെ യുവ്‍രാജ് സിങ്, ഇന്ത്യൻ പിച്ചുകളുടെ മനസ്സറിയുന്ന രവിചന്ദ്ര അശ്വിൻ... പണപ്പെട്ടി നിറച്ചെത്തുന്ന ഐപിഎൽ മുതലാളിമാർ പതിനൊന്നാം സീസണിൽ വലയെറിയുന്നത് ആർക്കൊക്കെ വേണ്ടിയാകും? മുന്തിയ വിലയ്ക്ക് ആരു വിറ്റുപോകും? 27നും 28നും ബെംഗളൂരുവിൽ നടക്കുന്ന താരലേലത്തിൽ 360 ഇന്ത്യക്കാരടക്കം 578 താരങ്ങൾ പങ്കെടുക്കും. രണ്ടു കോടി അടിസ്ഥാന വിലയുള്ള 16 മർക്വീ താരങ്ങളിൽ ഇന്ത്യയുടെ അശ്വിനും രഹാനെയും ധവാനും ഗംഭീറുമൊക്കെയുണ്ട്. 

ലേലത്തിനു മുന്നോടിയായി കളിക്കാരുടെ അടിസ്ഥാന വില വിവരങ്ങൾ പുറത്തുവന്നു. കൈക്കുഴ ബോളിങ്ങിലൂടെ ബാറ്റ്സ്മാൻമാരെ വെള്ളംകുടിപ്പിക്കുന്ന ഇന്ത്യയുടെ യുവ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനു രണ്ടു കോടിയാണ് അടിസ്ഥാന വില. സമീപകാലത്തെ മിന്നുംപ്രകടനങ്ങൾ മലയാളി താരം സഞ്ജു സാംസണിന് ഒരുകോടി വിലയിട്ടു.

സസ്പെൻഷനുശേഷം തിരിച്ചെത്തിയ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർകിങ്സും ലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാകും. എന്തു വില കൊടുത്തും അശ്വിനെ സ്വന്തമാക്കുമെന്നു വ്യക്തമാക്കിയ ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി പണക്കളിയുടെ ആവേശത്തിനു തിരികൊളുത്തിക്കഴിഞ്ഞു. 

മലയാളി താരങ്ങളുടെ വിലവിവരപ്പട്ടിക 

സ​ഞ്ജു  സാംസൺ - 1 കോടി

ബേസിൽ തമ്പി - 30 ലക്ഷം 

സച്ചിൻ ബേബി - 20 ലക്ഷം 

രോഹൻ പ്രേം - 20 ലക്ഷം 

അരുൺ കാർത്തിക് - 20 ലക്ഷം 

കെ.എം. ആസിഫ് - 20 ലക്ഷം 

സന്ദീപ് വാര്യർ - 20 ലക്ഷം 

കെ.കെ. ജിയാസ് - 20 ലക്ഷം 

എം.ഡി. നിതീഷ് - 20 ലക്ഷം 

വിനോദ് കുമാർ - 20 ലക്ഷം 

സൽമാൻ നിസാർ - 20 ലക്ഷം 

എസ്. മിഥുൻ - 20 ലക്ഷം 

ഫാബിദ് അഹമ്മദ് - 20 ലക്ഷം

ലേലത്തിന് പുതിയമുഖം

താര ലേലത്തിനു മുന്നോടിയായി കഴിഞ്ഞ സീസണിലെ അഞ്ചു കളിക്കാരെ ഇത്തവണ ഓരോ ടീമുകൾക്കും നിലനിർത്താം. അതിൽ പരമാവധി മൂന്നുപേരെ മാത്രമേ ലേലത്തിൽ വയ്ക്കാതെ സ്വന്തമാക്കാനാകൂ. ശേഷിക്കുന്ന താരങ്ങളെ ആർടിഎം (റൈറ്റ് ടു മാച്ച്) വഴി ലേലത്തിൽ അവതരിപ്പിക്കണം.

ലേലത്തിനൊടുവിൽ‌ ലഭിക്കുന്ന പരമാവധി വില കൊടുത്ത് ഫ്രാഞ്ചൈസിയ്ക്ക് അവരെ സ്വന്തമാക്കാം. ഉദാഹരണത്തിന് സ്പിന്നർ യുസ്‍വേന്ദ്ര ചാഹൽ ബാംഗ്ലൂർ റോയൽ ചാല​ഞ്ചേഴ്സിന്റെ ആർടിഎം പട്ടികയിലുണ്ട്. നാലുകോടിക്ക് മുംബൈ ചാഹലിനായി ലേലം വിളിച്ചാൽ അത്രയും തുക മുടക്കിയാലേ താരത്തെ ബാംഗ്ലൂരിനു സ്വന്തമാക്കാനാകൂ. എതിരാളികളുടെ കീശകാലിയാക്കാൻ ആർടിഎം താരങ്ങൾക്കായി ലേലത്തുക കുത്തനെ ഉയർത്തുന്ന തന്ത്രങ്ങളാകും ഇത്തവണ ഫ്രാഞ്ചൈസികൾ പരീക്ഷിക്കുക. 

മാർക്വീ താരങ്ങൾ

ആർ. അശ്വിൻ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ക്രിസ് ഗെയ്‌ൽ, മിച്ചൽ സ്റ്റാർക്, ബെൻ സ്റ്റോക്സ്,  കീറൻ പൊള്ളാർഡ്, ഫാഫ് ഡുപ്ലെസി, ഗൗതം ഗംഭീർ, ജോ റൂട്ട്, കെയ്ൻ വില്യംസൺ, യുവ്‌രാജ് സിങ്,  ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്, ഷക്കീബ് അൽഹസൻ, ഗ്ലെൻ മാക്സ്‌വെൽ

ഐപിഎൽ സീസൺ ഏപ്രിൽ ഏഴുമുതൽ‌

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം സീസണിന് ഏപ്രിൽ ഏഴിനു തുടക്കം. മുംബൈ വാങ്കഡ‍െ സ്റ്റേഡിയമാണ് ഉദ്ഘാടന, ഫൈനൽ മൽസരങ്ങൾക്കു വേദി. ഫൈനൽ മേയ് 27നു നടക്കും. മൽസര സമയത്തിൽ ഇത്തവണ മാറ്റമുണ്ട്. വൈകിട്ടു നാലിനു നടന്നിരുന്ന ആദ്യ മൽസരം 5.30ലേക്കും രാത്രി എട്ടിനു നടക്കുന്ന രണ്ടാം മൽസരം ഏഴിലേക്കും മാറ്റി.