അവസരം തന്നില്ല, അതുകൊണ്ടു കളിച്ചില്ല: തുറന്നടിച്ച് ഗംഭീർ

ഗൗതം ഗംഭീർ

ന്യൂഡൽഹി∙ തന്റെ കരിയറിലെ ഏറ്റവും മോശം ഐപിഎൽ സീസണാണ് ഇപ്പോൾ നടക്കുന്നതെന്ന് ഡൽഹി ഡെയർഡെവിൾസ് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. ടീമിലേക്ക് പരിഗണിക്കാതിരുന്നതു കൊണ്ടാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം തനിക്ക് കളിക്കാൻ സാധിക്കാതിരുന്നതെന്നും ഗംഭീർ വ്യക്തമാക്കി. 14 മൽസരങ്ങളിൽനിന്നും വെറും 10 പോയിന്റുമായി ഡൽഹി ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി പുറത്തായതിനു പിന്നാലെയാണ് ഗംഭീർ മനസ്സു തുറന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ടൂർണമെന്റിനിടെ ഗൗതം ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ശ്രേയസ് അയ്യർക്ക് കൈമാറിയിരുന്നു. പിന്നീട് ഗംഭീറിന് ഡൽഹി ടീമിൽ അവസരം ലഭിച്ചുമില്ല. ഹിന്ദുസ്ഥാൻ ടൈസ് ദിനപ്പത്രത്തിൽ എഴുതിയ കോളത്തിലാണ് ഐപിഎല്ലിനിടെ സംഭവിച്ച കാര്യങ്ങൾ ഗംഭീർ തുറന്നെഴുതിയത്.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം എന്തുകൊണ്ട് ഐപിഎല്ലിൽ കളിച്ചില്ലെന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. എന്റെ ഉത്തരം ലളിതമാണ്: അവസരം നൽകിയിരുന്നെങ്കിൽ ഉറപ്പായും ഞാൻ ഡൽഹിക്കായി തുടർന്നും കളിക്കുമായിരുന്നു. ചിലർ ചോദിക്കുന്നത് സത്യത്തിൽ എന്താണ് സംഭവിച്ചതെന്നാണ്. ഇതിനുള്ള ഉത്തരവും ലളിതമാണ്: കഗീസോ റബാഡ, ക്രിസ് മോറിസ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ പരുക്ക്, മികച്ച ടീം കോമ്പിനേഷൻ കണ്ടെത്തുന്നതിൽ വന്ന പിഴവ്, ചില താരങ്ങൾക്ക് ഫോമിലേക്ക് ഉയരാനാകാതെ പോയത്, സുപ്രധാന സമയങ്ങളിൽ ടീമെന്ന നിലയിൽ മികച്ച പ്രകടനം നടത്താനാകാതെ പോയത്, സമ്മർദ്ദ നിമിഷങ്ങളെ അതിജീവിക്കുന്നതിൽ വന്ന പിഴവ്... അങ്ങനെ ടീമിന്റെ തോൽവിക്ക് കാരണങ്ങൾ പലതാണ്. ഏതു ഫോർമാറ്റായാലും ബോളർമാരാണ് മൽസരം ജയിപ്പിക്കുന്നതെന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ. ഡൽഹി ടീമിന് വീഴ്ച സംഭവിച്ചതും ഈ മേഖലയിലാണെന്ന് ഞാൻ കരുതുന്നു – ഗംഭീർ കുറിച്ചു.

ഐപിഎല്ലിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ താൻ ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഗംഭീർ തള്ളിക്കളഞ്ഞു. ക്രിക്കറ്റിൽനിന്ന് വിരമിച്ച് ഞാൻ ഡൽഹിയിലെ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. രണ്ടും സത്യമല്ല. ഇപ്പോഴും കളത്തിൽ തുടരാനും കളിക്കുന്ന ടീമിന് വിജയം സമ്മാനിക്കാനുമാണ് ആഗ്രഹം –ഗംഭീർ കുറിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള എലിമിനേറ്റർ പോരാട്ടം കാണാൻ താൻ കാത്തിരിക്കുകയാണെന്നും ഗംഭീർ വ്യക്തമാക്കി. ഇപ്പോൾ ചില കുടുംബപരമായ ആവശ്യങ്ങൾക്കായി ഞാൻ ചണ്ഡിഗഡിലാണുള്ളത്. പ്ലേ ഓഫ് മൽസരങ്ങൾ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. കൊൽക്കത്ത–രാജസ്ഥാൻ മൽസര ഫലത്തിനായും ഞാൻ കാത്തിരിക്കുന്നു – ഗംഭീർ എഴുതി.

ടീമിന് പ്ലേ ഓഫിൽ സ്ഥാനം സമ്മാനിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിനെയും ഗംഭീർ വാനോളം പുകഴ്ത്തി. ഇപ്പോഴും എന്റെ മനസ് കൊൽക്കത്ത ടീമിനൊപ്പമാണ്. എന്റെ സ്വന്തം ടീമായിരുന്നുവെന്നതിനപ്പറും, വലിയ മൽസരങ്ങൾ കളിച്ച് കൊൽക്കത്ത ടീമിന് കൂടുതൽ പരിചയമുണ്ടെന്ന് ഞാൻ കരുതുന്നു. ദിനേഷ് കാർത്തിക് ഈ ടീമിനെ നയിച്ച രീതിയും മികച്ചതായിരുന്നു. സമ്മർദ്ദ നിമിഷങ്ങളെ അനായാസം കൈകാര്യം ചെയ്യാൻ കാർത്തിക്കിനായി. കുൽദീപ് യാദവ്, സുനിൽ നരെയ്ൻ എന്നിവരെ കാർത്തിക് ബോളിങ്ങിന് ഉപയോഗിച്ച രീതിയും ശ്രദ്ധേയമാണ്. ഇത് വീണ്ടും അവരുടെ തന്നെ ദിവസമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത് – ഗംഭീർ വ്യക്തമാക്കി.