Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂരിന് കണ്ണു കിട്ടിയതോ?; പരുക്കിൽ വലഞ്ഞു താരങ്ങൾ

Kohli-Video-Pic

കണ്ണു കിട്ടിയതാണോ എന്ന സംശയം പലർക്കുമുണ്ട്. വിമർശകരെപ്പോലും മോഹിപ്പിച്ച ബാറ്റിങ് ലൈനപ്പുണ്ടായിരുന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ഇപ്പോഴത്തെ അവസ്ഥ അത്ര ദയനീയം. ഗെയിലിനൊപ്പം ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിടാൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഏതു പൊസിഷനിൽ ഇറങ്ങിയാലും കത്തിക്കയറുന്ന സാക്ഷാൽ എബി ഡിവില്ലേഴ്സ്, മധ്യനിരയുടെ നെടും തൂണാകാൻ ലോകേഷ് രാഹുൽ... റോയൽ ചാല​ഞ്ചേഴ്സിന്റെ ബാറ്റിങ് നിരയിൽ പ്രമുഖർ പരുക്കിന്റെ കെണിയിൽ പെട്ട് കൂടാരം കയറിക്കഴിഞ്ഞു.

ഓസീസ് പരമ്പരയ്ക്കിടെ പരുക്കേറ്റ ലോകേഷ് രാഹുൽ ഈ സീസണിലില്ല. തൊളെല്ലിനു പരുക്കു ഭേദമാകാത്ത കോഹ്‍ലിക്ക് സീസണിലെ മിക്ക മൽസരങ്ങളും നഷ്ടമാകും. പുറംവേദന ഭേദമാകാത്ത ഡിവില്ലേഴ്സ് ഇന്നത്തെ ഉദ്ഘാടന മൽസരത്തിനില്ല. വാലറ്റത്ത് ബാറ്റുകൊണ്ട് വിസ്മയം സൃഷ്ടിച്ച ‘ഇന്ത്യൻ പയ്യൻ’ സർഫറാസ് ഖാനും പരുക്കേറ്റു. ബാറ്റിങ്ങിലേക്കു തിര​ിഞ്ഞുനോക്കേണ്ടതില്ലെന്ന് അഹങ്കരിച്ച ബാംഗ്ലൂർ ടീം ഇപ്പോൾ ആളെ തികയ്ക്കാൻ തലപുകയ്ക്കുകയാണ്. കോഹ്‍ലിയുടെ അസാന്നിദ്ധ്യത്തിൽ ഓസീസ് താരം ഷെയ്ൻ വാട്സൻ ചാലഞ്ചേഴ്സിനെ നയിക്കും.

കഴി​ഞ്ഞ സീസണിൽ നായകൻ കോഹ‍്‍ലിയുടെ പ്രകടനം മാത്രം നോക്കിയാൽ മതി ബാംഗ്ലൂരിന്റെ നഷ്ടബോധം മനസിലാക്കാൻ. 16 മൽസരങ്ങളിലും കളിച്ച കോഹ‍്‍ലി 973 റൺസ് നേടി. നാലു സെഞ്ചുറികളും ഏഴ് അർധ സെഞ്ചുറികളും ഉൾപ്പെടെയാണിത്. റൺവേട്ടയിൽ മൂന്നാമതെത്തിയത് ചാലഞ്ചേഴ്സ് താരം ഡിവില്ലേഴ്സാണ്. ബാറ്റിങ് നിര മികച്ചുനിന്നിട്ടും ബോളിങ്ങിലെ പിഴവ് ടൂർണമെന്റിലുടനീളം ടീമിനെ വലച്ചിരുന്നു. 12 കോടി മുടക്കി ഇംഗ്ലിഷ് താരം ടൈമൽ മിൽസിനെ ഇത്തവണ ടീമിലെത്തിച്ചത് പഴയ പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ്. പ്രമുഖ താരങ്ങൾ പരുക്കേറ്റു പുറത്തായതോടെ മലയാളിതാരം സച്ചിൻ ബേബിക്ക് ഇത്തവണ ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാം.

കരുത്ത്

പ്രമുഖരുടെ നഷ്ടം നികത്താൻ ടീം മാനേജ്മെന്റിനു നോട്ടം ക്രിസ് ഗെയിലിന്റെ ബാറ്റിലേക്കാണ്. ഗെയിലൊന്ന് ആഞ്ഞടിച്ചാൽ ഏതു താരത്തിന്റെ അഭാവവും മറയ്ക്കാം. വിരാട് കോഹ്‍ലി പുറത്തിരിക്കുന്ന മൽസരങ്ങളിൽ ഗെയിൽ ഉത്തരവാദിത്തത്തോടെ ബാറ്റുവീശുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നായകന്റെ താൽക്കാലിക വേഷമണിയുന്ന വാട്സൻ വിദേശ ലീഗുകളിലെ മികച്ച പ്രകടത്തിനുശേഷമാണ് ഐപിഎല്ലിനെത്തുന്നത്. സ്റ്റുവർട്ട് ബിന്നിയും കേദർ ജാദവും പവൻ നേഗിയും മധ്യനിരയ്ക്ക് മുതൽക്കൂട്ടാകും. കഴിഞ്ഞ സീസണിൽ തിളങ്ങിയ ഇന്ത്യൻ താരം യുസവേന്ദ്ര ചൗഹാനാണ് ഇത്തവണയും സ്പിൻ ആയുധം.

വെല്ലുവിളി


കോഹ്‍ലി, ഗെയിൽ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന്റെ കൂറ്റൻ സ്കോറുകളുടെ അടിത്തറ. കോഹ്‍ലി പുറത്തിരിക്കുന്ന മൽസരങ്ങളിൽ മറ്റൊരു ഓപ്പണറെ കണ്ടെത്തുകയാണ് ഇനി പ്രധാന വെല്ലുവിളി. ബാറ്റിങ്ങിലും ബോളിങ്ങിലും മുതൽക്കൂട്ടായ ഷെയ്ൻ വാട്സന്റെ പ്രകടനങ്ങളെ ക്യാപ്റ്റൻസി സമ്മർദങ്ങൾ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന ഡിവില്ലേഴ്സിന്റെ സേവനം ടൂർണമെന്റിനിടയ്ക്ക് ബാംഗ്ലൂരിനു നഷ്ടമാകും.

ടൈമൽ മിൽസ്

∙ 12 കോടി രൂപ

∙ ഇംഗ്ലിഷ് ഫാസ്റ്റ് ബോളർ. ട്വന്റി20 സ്പെഷലിസ്റ്റ്. 12 കോടിക്ക് റോയൽ ചാലഞ്ചേഴ്സിലെത്തിയതോടെ ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിഫലത്തുക കിട്ടുന്ന ബോളറായി.

Your Rating: