Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം പറയുന്നു, പഞ്ചാബിന് കപ്പില്ലെങ്കിൽ ക്യാപ്റ്റൻ മണ്ണുകപ്പും!

കളി തോറ്റാൽ കോച്ചിനെ പറഞ്ഞുവിടുന്ന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സംസ്കാരമാണോ എന്നു ചോദിക്കരുത്, കിങ്സ് ഇലവൻ പഞ്ചാബിന്റെ രീതി കഴിഞ്ഞ ഒൻപതു വർഷമായി അങ്ങനെയാണ്. കപ്പിൽ കുറഞ്ഞൊന്നും അവരുടെ ലക്ഷ്യത്തിലില്ല. എന്നിട്ടും ഒരുവട്ടം പോലും ഐപിഎൽ ചാംപ്യന്മാരായതുമില്ല. കഴിഞ്ഞ ഒൻപതു സീസണുകളിലായി ഒരു തവണ മാത്രം ഫൈനൽ കളിച്ച പഞ്ചാബ് ക്യാപ്റ്റന്മാരെ പുറത്താക്കിയത് ഒൻപതു തവണ! ഏറ്റവുമധികം ക്യാപ്റ്റൻമാരുടെ തൊപ്പിതെറിപ്പിച്ച ടീമെന്ന റെക്കോർഡും പഞ്ചാബിനുണ്ട്.

മോശം പ്രകടനത്തെത്തുടർന്ന് കഴിഞ്ഞ സീസണിനിടയ്ക്ക് ഡേവിഡ് മില്ലറെ മാറ്റി മുരളി വിജയിയെ നായകനാക്കി. ഇത്തവണ ഓസിസ് താരം ഗ്ലെൻ മാക്സ്‍വെൽ ആണു നായകൻ. ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗനെയും വെസ്റ്റ് ഇൻഡീസിന്റെ ഡാരെൻ സമിയെയും മറികടന്നാണ്, ഒരു കളിപോലും ക്യാപ്റ്റനായി പരിചയമില്ലാത്ത മാക്സ്‌വെൽ പഞ്ചാബിനെ നയിക്കാനിറങ്ങുന്നത്. ഇത്തവണയെങ്കിലും കപ്പടിക്കുമോ?

2014ലാണ് പഞ്ചാബ് ഐപിഎൽ ഫൈനൽ കളിച്ചത്. അന്ന് 552 റൺസുമായി ടീമിന്റെ ടോപ് സ്കോററായത് മാക്സ്‍വെല്ലാണ്. പത്താം സീസണിൽ പഞ്ചാബിന്റെ അദ്ഭുത മുന്നേറ്റം സ്വപ്നംകാണുന്ന ടീം മാനേജ്മെന്റ് ഒരിക്കൽകൂടി മാക്സ്‌വെല്ലിന്റെ ബാറ്റിൽ പ്രതീക്ഷ വയ്ക്കുന്നു. വിരേന്ദർ സേവാഗാണ് ടീമിന്റെ മെന്റർ. മൊഹാലിയിലും ഇൻഡോറിലുമായാണ് ഹോം മൽസരങ്ങൾ.

കരുത്ത്

ട്വന്റി 20യിലെ മികച്ച മാച്ച് വിന്നർമാരുടെ പടയാണ് പഞ്ചാബിൽ. കഴിഞ്ഞ സീസണിൽനിന്ന് മാക്സ്‍വെൽ, ഷോൺ മാർഷ്, ഡേവിഡ് മില്ലർ എന്നിവരെ നിലനിർത്തിയ ടീം ഇത്തവണത്തെ ലേലത്തിലൂടെ ഇയാൻ മോർഗൻ, ഡാരൻ സമി എന്നീ ഓൾറൗണ്ടർമാരെയും ടീമിലെത്തിച്ചു. ബാറ്റ് വിദേശതാരങ്ങളുടെ കൈയിലാണെങ്കിൽ പന്ത് ഇന്ത്യക്കാർക്കാണ്. കഴിഞ്ഞ സീസണിലെ താരങ്ങളായ മോഹിത് ശർമയ്ക്കും അക്സർ പട്ടേലിനും പുറമെ ഇത്തവണ തമിഴ്നാട് പേസർ ടി. നടരാജനെ മൂന്നുകോടിക്ക് സ്വന്തമാക്കി. ഇന്ത്യൻ താരം വരുൺ ആരോണിനെയും ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യൻതാരം വൃദ്ധിമാൻ സാഹയുടെ ഫോം പഞ്ചാബിനെ തുണയ്ക്കും.

വെല്ലുവിളി

ബാറ്റിങ്ങിൽ വിദേശതാരങ്ങൾക്കായി വലയെറിഞ്ഞ ടീം മാനേജ്മെന്റിനു പേസ് ഡിപ്പാർട്ട്മെന്റിലേക്ക് ഒരു മികച്ച താരത്തെ എത്തിക്കാനായില്ല. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ അക്സർ പട്ടേലിനു പകരക്കാരാനാകാൻ മറ്റൊരു സ്പെഷലിസ്റ്റ് സ്പിന്നറില്ലെന്നതും വെല്ലുവിളി. പരുക്കേറ്റ ഓപ്പണർ‌ മുരളി വിജയിയെ ടൂർണമെന്റിനു മുൻപേ പഞ്ചാബിനു നഷ്ടമായി. ബാറ്റിങ് ഓപ്പണറാക്കാൻ ലക്ഷ്യമിട്ട മാർട്ടിൻ ഗുപ്റ്റിലിനും പരുക്കാണ്. മാക്സ്‍വെല്ലും മോർഗനും സമ്മിയും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചാൽ ഷോൺ മാർഷും ഡേവിഡ് മില്ലറും ഹാഷിം അംലയും പുറത്തു കാത്തിരിക്കേണ്ടി വരും.

ടി. നടരാജൻ

∙ 3 കോടി രൂപ

∙ ഐപിഎൽ പ്രതിഫലത്തുകയിൽ അദ്ഭുതം സൃഷ്ടിച്ച ഇന്ത്യൻ താരം. 10 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഈ തമിഴ്നാട് പേസറെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത് മൂന്നു കോടി രൂപയ്ക്ക്. തമിഴ്നാട് പ്രീമിയർ ലീഗിൽ ഏഴു മൽസരങ്ങളിൽനിന്ന് പത്തു വിക്കറ്റു നേടിയ പ്രകടനം ഐപിഎല്ലിലേക്ക് വഴിതുറന്നു. കഴിഞ്ഞ രഞ്ജി സീസണിൽ തമിഴ്നാടിനായി 27 വിക്കറ്റുകൾ നേടി.