ഹാപ്പി ബെംഗളൂരു എഫ്സി; ബ്ലാസ്റ്റേഴ്സിന് തോൽവി

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളുരു എഫ്സിയുടെ മിക്കു ഗോള്‍ നേടുന്നു. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ഓഖി. ഫോർട്ട്കൊച്ചി  തീരത്തെ പുതുവൽസരാഘോഷ രാവിലേക്കു പാതിരാത്തോണി അടുപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു  കഴി‍ഞ്ഞില്ല. അവസാന നിമിഷം ആഞ്ഞടിച്ച ബെംഗളൂരു എഫ്സിക്ക് 3–1 വിജയം. ഇടവേളയിൽ ഗോളില്ലാ സമനില ആയിരുന്നു.

ഗോളുകൾ ഇങ്ങനെ: സുനിൽ ഛേത്രി (60’), മിക്കു എന്ന നിക്കോളസ് ഫെഡർ (90+3), (90+4),  കറേജ് പെക്കുസൻ (90+5). പെക്കുസന്റെ ഗോളിൽ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് അൽപമെങ്കിലും ആശ്വാസം. ബെംഗളൂരു മൂന്നാം സ്ഥാനത്താണിപ്പോൾ. 15 പോയിന്റ്. ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുതന്നെ. ഏഴു കളിയിൽ. ഏഴു പോയിന്റ്. സാധ്യതകൾ അവസാനിക്കുന്നില്ല. പക്ഷേ, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പുതുവൽസരം ആഘോഷിക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്സ് കളിക്കാർക്കും അർമാദിക്കാനുള്ള അവസരം  ആരാധകർക്കും നഷ്ടമായി. 

∙ രണ്ടാം പകുതി ചതിച്ചു

രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച മിക്കുവാണ്  പുതുവർഷത്തിന്റെ താരം. എന്തൊരു അടിയായിരുന്നു അത്. രണ്ടാം പകുതിയിൽ കസറുന്ന പതിവുള്ള ബെംഗളൂരുവിന്റെ മുഖം ‘ഹാപ്പി ന്യൂ ഇയർ’ എന്നു തിളങ്ങിയ നിമിഷങ്ങളായിരുന്നു കളിയുടെ അവസാനം തെളിഞ്ഞത്. അവസാന നിമിഷം കിട്ടിയ അവസരങ്ങൾ ബെംഗളൂരു മുതലാക്കിയപ്പോൾ അവസാനത്തേതിന്റെ അവസാന നിമിഷം ബ്ലാസ്റ്റേഴ്സിനും കൈവന്നു ഒരു നിമിഷം. പക്ഷേ വൈകിപ്പോയിരുന്നു. 

∙ ഫലിച്ചില്ല മാറ്റങ്ങൾ

വർഷത്തിലെ അവസാന ദിവസം, പക്ഷേ ഈ സീസണിൽ ആദ്യമായി, കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യക്കാരനായ ഗോളിയെ പരീക്ഷിച്ച ദിനമായിരുന്നു ഇന്നലെ. സുഭാശിഷ് റോയ് ചൗധരി ഗോൾ കാവലിൽ മികച്ചുനിന്നു. ബെംഗളൂരു നേടിയ ഗോളിൽ അദ്ദേഹത്തിന്റെ പിഴവു പറയാനുമില്ല. പക്ഷേ 73–ാം മിനിറ്റിൽ സുഭാശിഷിനെ ബ്ലാസ്റ്റേഴ്സ് പിൻവലിക്കുകയും ചെയ്തു. പകരം വന്നത് പോൾ റെച്ചൂക്ക. ഒരേ സമയം മൈതാനത്ത് അഞ്ചു വിദേശ താരങ്ങൾക്കേ അവസരമുള്ളൂ എന്നിരിക്കെ മുൻനിരയിലെ മാർക്ക് സിഫ്നിയോസിനെ പിൻവലിച്ചാണ് റെച്ചൂക്കയെ കളത്തിൽ ഇറക്കിയത്. 

∙ ഉരുൾപൊട്ടൽ

ആദ്യപകുതിയിൽ ആവേശത്തോടെ പൊരുതിയ ബ്ലാസ്റ്റേഴ്സിനെ തകർത്തുകളഞ്ഞത് രണ്ടാം പകുതിയിലെ പെനൽറ്റി കിക്ക് ആയിരുന്നു. സുഭാശിഷ് ബോസ് തൊടുത്തുവിട്ട പന്ത് സന്ദേശ് ജിങ്കാന്റെ കയ്യിൽ തട്ടിയപ്പോൾ റഫറി ആർ. വെങ്കിടേഷ് പെനൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്കു പിഴച്ചില്ല (1–0). തുടർച്ചയായ രണ്ടാം മൽസരത്തിലാണ് സന്ദേശ് ജിങ്കാന്റെ ഹാൻഡ് ബോളിൽ പെനൽറ്റി വിധിക്കപ്പെടുന്നത്

രണ്ടാം ഗോൾ മിക്കുവിന്റെ ഫിനിഷിങ് പാടവത്തിന്റെ മികച്ച ഉദാഹരണമായിരുന്നു. ഒപ്പം പിടിച്ച ലാൽറുവാത്താരയുടെ  വെല്ലുവിളികളെ മറികടന്ന മിക്കു ഗോളിയെ കീഴടക്കി (2–0). സ്റ്റേഡിയം ഞെട്ടി. അടുത്ത നിമിഷം മിക്കു വീണ്ടും വലയനക്കി. സുഭാശിഷിന്റെ ഡ്രിബ്ലിങ് മികവിൽ പന്തു മിക്കുവിന്റെ കാലിൽ. പിഴയ്ക്കാത്ത ഫിനിഷ് (3–0). അടുത്ത നിമിഷം മൂന്നു ഡിഫൻഡർമാരെ മറികടന്നു പെക്കുസന്റെ പ്രഹരം (1–3). ഇല്ല, തിരിച്ചടിക്കുള്ള സമയം അവസാനിച്ചിരുന്നു.