ഐഎസ്എൽ: ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ (2–2)

എഫ്‌സി ഗോവയും നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയുമായുള്ള മൽസരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

ഫത്തോര്‍ഡ (ഗോവ)∙ ഐഎസ്എലിൽ ആതിഥേയരായ എഫ്‌സി ഗോവയെ സമനിലയിൽ തളച്ച് നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി. ഫത്തോര്‍ഡയിലെ ജവാഹര്‍ലല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മൽസരത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. ഗോവയുടെ ഫെറാന്‍ കൊറോമിനാസ് ആണു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗോവയ്‌ക്കു വേണ്ടി മന്ദര്‍റാവു ദേശായിയും ( 43-ാം മിനിറ്റ്‍) ഫെറാന്‍ കൊറോമിനാസും (53-ാം മിനിറ്റ്‍), നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനു വേണ്ടി മാര്‍സീഞ്ഞ്യോയും ( 45-ാം മിനിറ്റ്) ജോണ്‍ മോസ്‌ക്യൂറയും (71-ാം മിനിറ്റ്) ഗോള്‍ നേടി. ഈ സമനിലയോടെ എഫ്സി ഗോവ 20 പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. രണ്ടു ടീമുകളുടെയും രണ്ടാമത്തെ സമനിലയാണിത്‌. ഗുവാഹട്ടിയില്‍ നടന്ന ആദ്യ പാദത്തില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ 2-1നു ഗോവയെ പരാജയപ്പെടുത്തിയിരുന്നു.

എഫ്‌സി ഗോവയും നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയുമായുള്ള മൽസരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

കളിയുടെ ആദ്യ മിനിറ്റുകളില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ആസൂത്രിത നീക്കങ്ങളിലൂടെ ഗോവന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. ഗോവയുടെ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിനു പരുക്കേറ്റതിനെ തുടര്‍ന്ന് ആദ്യം തന്നെ പിന്മാറേണ്ടി വന്നതും എതിരാളികളെ തുണച്ചു. പതുക്കെയാണു ഗോവ കളിയിലേക്കു വന്നത്. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ മുഖം തുറന്ന ഇരുടീമുകളും രണ്ടാം പകുതിയിലും ഈ ആവേശം കാത്തു. രണ്ടു ടീമുകളും ഓരോ മാറ്റങ്ങളുമായാണ്‌ ഇറങ്ങിയത്‌. ഗോവയുടെ സെരിറ്റണ്‍ ഫെര്‍ണാണ്ടസും നോര്‍ത്ത്‌ ഈസ്‌റ്റിന്റെ നിര്‍മൽ ഛേത്രിയും കളിക്കാനുണ്ടായില്ല.

എഫ്‌സി ഗോവയും നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയുമായുള്ള മൽസരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ