കാലം മാറി; ടാറ്റ അക്കാദമിയും

ജംഷഡ്പുർ ടാറ്റ ഫുട്ബോൾ അക്കാദമി (ഫയൽചിത്രം)

ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ടീമുകളിലായി കളിക്കുന്ന ടാറ്റ ഫുട്ബോൾ അക്കാദമി താരങ്ങളെ തൂത്തുകൂട്ടിയാൽ സ്വതന്ത്രമായി ഒന്നാന്തരമൊരു ടീമിനെ ഇറക്കാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ റിനോ ആന്റോയും മിലൻ സിങ്ങും ഗോളി സുഭാശിഷ് ചൗധരിയും മുതൽ ബെംഗളൂരുവിന്റെ ഉദാന്ത സിങ്ങിലൂടെ ജംഷഡ്പുരിന്റെ സുബ്രത പോളിലെത്തുന്നതാണ് ആ നിര.

ബാർസലോനയുടെ ലാ മാസിയ പോലെ, റയൽ മഡ്രഡിന്റെ ലാ ഫാബ്രിക്ക പോലെ ഇന്ത്യയ്ക്ക് ഒരു ഫുട്ബോൾ അക്കാദമി അഭിമാനിക്കാനായുണ്ടെങ്കിൽ അതിവിടെയാണ്, ജാർഖണ്ഡിലെ ജംഷഡ്പൂരിൽ. മൂന്നുപതിറ്റാണ്ടു പൂർത്തിയാക്കിയ ടാറ്റ ഫുട്ബോൾ അക്കാദമി (ടിഎഫ്എ) മാറുന്ന കാലത്തിനനുസരിച്ചു മുഖം മാറ്റാനുള്ള ഒരുക്കത്തിലാണെന്നു ജംഷഡ്പുർ എഫ്സിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ മുകുൾ ചൗധരി പറഞ്ഞു. 

∙ ഇന്ത്യൻ കുപ്പായം

ടിഎഫ്എയിലൂടെ കളിപഠിച്ചു വളർന്ന 140 താരങ്ങൾ ഇതുവരെ ഇന്ത്യൻ ജഴ്സിയിലിറങ്ങി. ആദ്യ ബാച്ചിൽനിന്നു കാൾട്ടൺ ചാപ്മാൻ. രണ്ടാമത്തെ ബാച്ചിൽനിന്നു റെനഡി സിങ്. മൂന്നാം ബാച്ചിൽനിന്നു മഹേഷ് ഗാവ്‍ലി, റോക്കി ബരെറ്റോ... പട്ടിക അങ്ങനെ നീളുന്നു. ഏറ്റവുമൊടുവിലത്തെ ബാച്ചിൽപെട്ട ഉദാന്തയിലും പ്രോണയ് ഹൽദാറിലുമെത്തി നിൽക്കുന്നു രാജ്യത്തിനായി കളിച്ച ടിഎഫ്എ കെഡറ്റുകളുടെ പട്ടിക. 1987ൽ ആയിരുന്നു അക്കാദമിയുടെ തുടക്കം. 

∙ ഐഎസ്എൽ ഡ്രീം 

റിനോയും ഉദാന്തയും സുബ്രതയും ഉൾപ്പെടുന്ന ടിഎഫ്എ പൂർവ വിദ്യാർഥികളിൽ വേറെയുമാളുകൾ ഐഎസ്എല്ലിൽ വിവിധ ടീമുകൾക്കൊപ്പമുണ്ട്. കൊൽക്കത്തയുടെ റോബിൻ സിങ്ങും മുംബൈയുടെ രാജു ഗെയ്ക്ക്‌വാദും ഗോവയുടെ നാരായൺദാസും ബെംഗളൂരുവിന്റെ ആൽവിൻ ജോർജും ഹർമൻജോത് സിങ് ഖബ്രയുമൊക്കെ പഴയ ടിഎഫ്എക്കാരാണ്. 2008ലെ എട്ടാം ബാച്ചുകാരനാണു റിനോ. ഉദാന്തയും പ്രോണയിയും 2012 ബാച്ചുകാരാണ്. കേരളത്തിന്റെ ഗോളി സുഭാശിഷും ജംഷഡ്പുർ ഗോളി സുബ്രതയും ഒരേ ബാച്ചുകാരാണ്. 2004ൽ ഇരുവരും ടിഎഫ്എ വിട്ടു. 

∙ കുതിപ്പ് തുടരാൻ

രാജ്യത്തെ മറ്റു ക്ലബ്ബുകളുടെ അക്കാദമികൾ മെച്ചപ്പെട്ടപ്പോൾ അടുത്തകാലത്തായി ടിഎഫ്എ പ്രതാപം മങ്ങി. അതു മനസ്സിലാക്കി മാറ്റത്തിന്റെ പാതയിലാണു തങ്ങളെന്നു മുകുൾ പറഞ്ഞു. ജംഷഡ്പുർ ടീമിന്റെ നഴ്സറിയായി അക്കാദമി മാറ്റാനുള്ള ഒരുക്കത്തിലാണു തങ്ങൾ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു. 15 വയസ്സ് പൂർത്തിയായവർക്കാണ് അക്കാദമിയിലേക്കു പ്രവേശനം ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ടാൽ പഠനവും പരിശീലനവുമെല്ലാം സൗജന്യമാണ്. കേരളത്തിൽ അടുത്ത മാർച്ചിൽ ട്രയൽസുണ്ടാകും.