പുരസ്കാരച്ചടങ്ങിൽ താരമായി സിന്ധു; ആതിഥേയരായി മലയാളത്തിന്റെ അഭിമാന താരങ്ങൾ

ഒളിംപ്യന്‍ ചിരികള്‍: മലയാള മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2017 പുരസ്കാരം സമ്മാനിക്കാന്‍ കൊച്ചിയിലെത്തിയ ഇന്ത്യയുടെ രാജ്യാന്തര ബാഡ്മിന്റന്‍ താരം പി.വി. സിന്ധു, ഒളിംപ്യന്മാരായ മേഴ്സി കുട്ടന്‍, ഷൈനി വില്‍സണ്‍, എം.ഡി. വല്‍സമ്മ, രാധിക സുരേഷ് എന്നിവര്‍ക്കൊപ്പം. ചിത്രം: മനോരമ

കൊച്ചി ∙ മാനത്തായിരുന്നില്ല, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു താരങ്ങളുദിച്ചത്. ആശങ്കയോടെയും പിരിമുറുക്കത്തോടെയും മൽസര വേദികളിൽ സ്ഥിര സാന്നിധ്യമാകുന്ന കായിക താരങ്ങൾ ഇവിടെ നിറചിരിയുടെ സന്തോഷക്കാഴ്ചകളായി. സാന്റ മോനിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ സഹകരണത്തോടെ മനോരമ ഏർപ്പെടുത്തിയ കായിക പുരസ്കാര സമർപ്പണം അക്ഷരാർഥത്തിൽ കേരളത്തിന്റെ കായിക സംഗമമായി.

ഇന്ത്യയുടെ ബാഡ്മിന്റൻ സുവർണ റാണി പി.വി. സിന്ധു തന്നെയായിരുന്നു സമ്മാന സായാഹ്നത്തിന്റെ മുഖ്യതാരം. പുരസ്കാരത്തിളക്കമുള്ള ചിരിയോടെ എച്ച്.എസ്. പ്രണോയിയും പി.യു. ചിത്രയും കെ.പി. രാഹുലും ഒപ്പം ചേർന്നപ്പോൾ മനസ്സു നിറഞ്ഞ കയ്യടികളാൽ അവരെ ആദരിച്ചത് താരങ്ങളും മുൻ താരങ്ങളും പരിശീലകരും കായിക വിദഗ്ധരുമടങ്ങിയ സമ്പന്ന സദസ്സ്. മൊത്തം 12 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാര സമർപ്പണവേദി നാടിനെ പ്രചോദിപ്പിച്ച താരങ്ങളുടെ തലപ്പൊക്കത്താൽ ദീപ്തമായി. ടി.സി. യോഹന്നാനും ഐ.എം. വിജയനും ഷൈനി വിൽസനുമെല്ലാം നിറഞ്ഞ സദസ്സ് യുവതാരങ്ങളുടെ മികവ് ആദരിക്കപ്പെടുന്നതിനു സാക്ഷ്യം വഹിച്ചപ്പോൾ ഉയർന്നുപാറിയത് സ്പോർട്സ് മാൻ സ്പിരിറ്റിന്റെ ആവേശക്കൊടി.

നാലുവർഷം മുൻപ് മനോരമ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൽ കിരീടം നേടിയ അതേ വേദിയിലേക്കു സിന്ധു വീണ്ടുമൊരിക്കൽകൂടി വന്നപ്പോൾ കുട്ടികൾ അടക്കമുള്ള സദസ്സ് കയ്യടികളാൽ മുഖരിതമായി. റിയോയിലെ ഒളിംപിക് വേദിയിലെ ഫൈനൽ പോരാട്ടത്തിനിറങ്ങിയ സിന്ധുവിനെ പ്രോൽസാഹിപ്പിച്ച അതേ ആവേശം വേദിയിലും സദസ്സിലും അലയടിച്ചു. ഓർമകളിലേക്കുള്ള പിൻനടത്തമായിരുന്നു സിന്ധുവിന്റെ വാക്കുകളിൽ. കേരളത്തിന്റെ കായിക പാരമ്പര്യവും ആവേശവും പ്രോൽസാഹനവും എടുത്തുപറഞ്ഞ താരം പത്താം വയസ്സിൽ കൊച്ചിയിൽ മൽസരിച്ചതും വിജയിയായതും ഓർത്തെടുത്തു. സിന്ധുവിന്റെ സഹതാരമായിരുന്ന പി.സി. തുളസി അപ്രതീക്ഷിത അതിഥിയായതോടെ സൗഹൃദച്ചിരിക്ക് അഴകേറി. വേഗം തന്നെ ലോക ഒന്നാം നമ്പറാകാൻ കഴിയട്ടെ എന്ന തുളസിയുടെ ആശംസയ്ക്ക് കോമൺവെൽത്ത് ഗെയിംസിലെ സ്വർണപ്രതീക്ഷ പങ്കുവച്ച് സിന്ധുവിന്റെ സുന്ദര ‘റിട്ടേൺ’.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് സംഘം അവതരിപ്പിച്ച മനോഹര നൃത്തത്തിലും പീലി വിടർത്തിയത് കായിക ഇനങ്ങൾ തന്നെ. കബഡിയിൽ തുടങ്ങി ക്രിക്കറ്റും ഫുട്ബോളും വടംവലിയും പിന്നിട്ട് ബാഡ്മിന്റനും അവരുടെ ചുവടുകളിൽ നിറഞ്ഞതോടെ കലയഴകാലും സമ്മോഹനമായി പുരസ്കാര സായാഹ്നം.

കേരളത്തിലെ 300 ക്ലബ്ബുകളോട് മൽസരിച്ച് മുന്നിലെത്തിയ ക്ലബുകളെയാണ് ആദ്യം ആദരിച്ചത്. കോഴിക്കോട് കുന്നമംഗലത്തെ പയമ്പ്ര വോളി ഫ്രണ്ട്സ് സെന്റർ സാരഥികൾ ഒന്നാം സമ്മാനമായ മൂന്നു ലക്ഷം രൂപയും ട്രോഫിയും ഏറ്റുവാങ്ങിയപ്പോൾ അവരുടെ നേട്ടങ്ങളെ ആദരിച്ചത് വോളിബോൾ വിസ്മയം ടോം ജോസഫ്. രണ്ടാം സ്ഥാനക്കാർക്കുള്ള രണ്ടു ലക്ഷം രൂപയും ട്രോഫിയും കോഴിക്കോട് പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമി സാരഥികൾ നെഞ്ചോടു ചേർത്തപ്പോൾ ആശംസയേകിയത് ടി.സി. യോഹന്നാൻ എന്ന ലോങ് ജംപ് ഇതിഹാസം. മൂന്നാം സ്ഥാനക്കാർക്കുള്ള ഒരു ലക്ഷം രൂപയും ട്രോഫിയും തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ സ്വീകരിച്ചപ്പോൾ നല്ല വാക്കോതിയത് ഐ.എം. വിജയനെന്ന ഫുട്ബോൾ പ്രതിഭ.

പിന്നീടായിരുന്നു യുവതാരോദയം. ആറു പേരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ആരാകും മനോരമ സ്പോർട്സ് സ്റ്റാർ എന്ന ആകാംക്ഷ നിറഞ്ഞ സദസ്സ് ഓരോ പേരിനൊപ്പവും ആർത്തുവിളിച്ചു. എസ്എംഎസ് വോട്ടിങ്ങിലൂടെയും വിദഗ്ധ സമിതിയുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ മുന്നിലെത്തിയ പ്രണോയിയും ചിത്രയും രാഹുലും ആശങ്കാ നിമിഷങ്ങളെ ചിരിയോടെ നേരിട്ടു. കാത്തിരിപ്പിനു ശുഭാന്ത്യം കുറിച്ച് സിന്ധുവിൽനിന്ന് പ്രണോയ് പുരസ്കാരമേറ്റുവാങ്ങുമ്പോൾ രണ്ടാം സ്ഥാനക്കാരി ചിത്രയും മൂന്നാം സ്ഥാനക്കാരൻ രാഹുലും ചിരി ചോരാതെ അരികെ നിന്നു.

മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, സാന്റ മോനിക്ക മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ, ചെയർമാൻ ഡെന്നി തോമസ് ചെമ്പഴ എന്നിവർ പ്രസംഗിച്ചു. പി.വി. സിന്ധുവിനുള്ള മനോരമയുടെ സ്നേഹ സമ്മാനം സ്പോർട്സ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ കൈമാറി.