Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണോയിക്ക് മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം; ചിത്ര രണ്ടാമത്, രാഹുൽ മൂന്നാമത്

HS Pranoy Sindhu മലയാള മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2017 പുരസ്കാരം ബാഡ്മിന്റന്‍ താരം എച്ച്.എസ്. പ്രണോയ്ക്ക് രാജ്യാന്തര ബാഡ്മിന്റന്‍ താരം പി.വി. സിന്ധു കൊച്ചിയില്‍ സമര്‍പ്പിക്കുന്നു.

കൊച്ചി ∙ കേരളം കയ്യടിച്ചു; ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് മനോരമ സ്പോർട്സ് സ്റ്റാർ. കേരളത്തിന്റെ കായികസംഗമമായി മാറിയ പ്രൗഢോജ്വല വേദിയിൽ, ബാഡ്മിന്റനിലെ ഇന്ത്യയുടെ അഭിമാനതാരം പി.വി. സിന്ധുവിൽനിന്ന് പ്രണോയ് പുരസ്കാരം ഏറ്റുവാങ്ങി. മൂന്നുലക്ഷം രൂപയും ശിൽപവും അടങ്ങിയതാണ് കേരളത്തിലെ ഏറ്റവും ജനകീയമായ ഈ കായിക പുരസ്കാരം.

manorama-sports-star-winners മലയാള മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2017 പുരസ്കാരം ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു കൊച്ചിയില്‍ സമ്മാനിച്ചപ്പോള്‍. രണ്ടാം സ്ഥാനം നേടിയ അത്‌ലീറ്റ് പി.യു. ചിത്ര, മൂന്നാം സ്ഥാനം നേടിയ ഫുട്ബോള്‍ താരം കെ.പി. രാഹുല്‍, പുരസ്കാര ജേതാവ് ബാഡ്മിന്റന്‍ താരം എച്ച്.എസ്. പ്രണോയ്, മലയാള മനോരമ എഡിറ്റര്‍ ഫിലിപ് മാത്യു, സാന്റ മോനിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാന്‍ ഡെന്നി തോമസ് ചെമ്പഴ എന്നിവർ‍. ചിത്രം: മനോരമ

അത്‌ലീറ്റ് പി.യു. ചിത്രയ്ക്കാണ് രണ്ടാംസ്ഥാനം (രണ്ടു ലക്ഷം രൂപയും ശിൽപവും). ഫുട്ബോൾ താരം കെ.പി. രാഹുൽ (ഒരു ലക്ഷം രൂപയും ശിൽപവും) മൂന്നാംസ്ഥാനത്തെത്തി. നാടിനെ ഊർജസ്വലമാക്കാൻ യത്നിച്ച മികച്ച ക്ലബ്ബുകൾക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. വോളിബോളിനെ ഗ്രാമോത്സവമാക്കിയ കോഴിക്കോട് കുന്നമംഗലത്തെ പയമ്പ്ര വോളി ഫ്രണ്ട്സ് സെന്റർ ഒന്നാം സമ്മാനമായ മൂന്നു ലക്ഷം രൂപയും ശിൽപവും ഏറ്റുവാങ്ങി.

രണ്ടാംസ്ഥാനക്കാർക്കുള്ള രണ്ടു ലക്ഷം രൂപയും ശിൽപവും കോഴിക്കോട് പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്കും മൂന്നാംസ്ഥാനക്കാർക്കുള്ള ഒരു ലക്ഷം രൂപയും ശിൽപവും തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷനും സമ്മാനിച്ചു. സാന്റാ മോനിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ സഹകരണത്തോടെയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

എച്ച്.എസ്. പ്രണോയ്

'കേരളത്തിൽ, സ്വന്തം നാട്ടുകാരുടെ മുൻപിൽ പരിശീലിച്ചും കളിച്ചും വളരണമെന്നാണ് എന്റെ എക്കാലത്തെയും ആഗ്രഹം. നിർഭാഗ്യവശാൽ ഇപ്പോഴതിനു സാധിക്കുന്നില്ല. പക്ഷേ മലയാളികളുടെ സ്നേഹവും പ്രോത്സാഹനവും എനിക്കൊപ്പമുണ്ടെന്നതിനു വലിയ തെളിവാണ് ഈ പുരസ്കാരം. എന്റെ നേട്ടങ്ങൾ‌ കേരളത്തിന്റെ കൂടെ നേട്ടമായി കാണുന്നതിനു വലിയ നന്ദി. പുരസ്കാരം നൽകുന്ന ഉത്തരവാദിത്തം വളരെ വലുതാണ്. കഠിനാധ്വാനം ചെയ്ത്, വിജയങ്ങൾ സ്വന്തമാക്കി ലോകവേദിയിൽ എന്റെ നാടിന്റെ യശസ്സുയർത്താൻ വീണ്ടും ശ്രമിക്കും.'

പി.യു. ചിത്ര

‌'കായിക ജീവിതത്തിൽ എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണിത്. കുടുംബാംഗങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഇതു സ്വീകരിക്കാനായെന്നത് വലിയ സന്തോഷം. എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിലെ കായിക പ്രേമികളെല്ലാം എനിക്ക് താങ്ങായി ഒപ്പം നിന്നു. ആ സ്നേഹവും കരുതലും മനോരമ സ്പോർട്സ് അവാർഡിലൂടെ വീണ്ടും എന്നോടുകാട്ടി. കഠിനാധ്വാനം ചെയ്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ഞാൻ ഇനിയും ശ്രമിക്കും. കുടുംബാംഗങ്ങൾ‌ക്കും പരിശീലകനും പ്രതിസന്ധി ഘട്ടങ്ങളിൽ സ്നേഹത്തോടെ ഒപ്പം നിന്ന എല്ലാവർക്കുമാണ് ഈ അവാർഡ് സമർപ്പിക്കുന്നത്.'

കെ.പി. രാഹുൽ

'കേരളത്തിലെ മികച്ച കായിക താരങ്ങളുടെ ആറംഗ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ തന്നെ ജീവിതത്തിൽ വലിയൊരു അംഗീകാരം കിട്ടിയ അനുഭവമായിരുന്നു. ഇപ്പോഴിതാ മികച്ച മൂന്നാമത്തെ താരവുമായി. കായികരംഗത്ത് തുടക്കക്കാരനായിട്ടും എന്റെ മൽസരങ്ങൾ മലയാളികൾ ആവേശത്തോടെ കാണുന്നുണ്ട്., ഗോളുകളും നീക്കങ്ങളും ഓർത്തുവച്ച് അഭിനന്ദിക്കുന്നവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കേരളത്തിൽ ജനിക്കാനായതുകൊണ്ടാണ് എനിക്ക് ഈ നേട്ടങ്ങളിലേക്കെല്ലാം എത്താനായത്.'