സുഖമാണോ, മലയാളികൾ അടിപൊളി!

മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2017, സ്പോർട്സ് ക്ലബ് പുരസ്‌കാര സമർപ്പണ ചടങ്ങിനെത്തിയ ബാഡ്മിന്റൺ താരം പി.വി. സിന്ധു കൊച്ചി കായലിലൂടെ നടത്തിയ ബോട്ട് സവാരി ആസ്വദിക്കുന്നു. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ

കൊച്ചി ∙ കടൽ കായലിനെ ചുംബിക്കുന്ന അഴിമുഖത്തെത്തിയപ്പോൾ സിന്ധുവിന്റെ റെയ്ബാൻ ഗ്ലാസിൽ ചീനവലകൾ ചാഞ്ഞിറങ്ങി. തൊട്ടരികെ കടന്നുപോയ ബോട്ടിലെ യാത്രക്കാർക്ക് സിന്ധുവിന്റെ വക ഫ്ലൈയിങ് കിസ്. മലയാളത്തിലെത്തിയ സ്നേഹാന്വേഷണങ്ങൾക്ക് ഒരു ചിരിയിലൂടെ നിഷ്കളങ്കമായ മറുപടി. ‘എനിക്കു രണ്ടു വാക്കുകളേ മലയാളത്തിൽ അറിയൂ. സുഖമാണോ, അടിപൊളി’. കായൽക്കാറ്റിൽ സിന്ധുവിന്റെ മുടിയിഴകൾ റിലാക്സ് ചെയ്തു.

ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ് കഴിഞ്ഞു ഡൽഹിയിലെത്തിയ ഉടൻ മലയാള മനോരമ അവാർഡ് ദാനത്തിനായി കൊച്ചിക്കു തിരിക്കുകയായിരുന്നു പി.വി. സിന്ധു. രാവിലെ ആറിനു കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയ ശേഷമാണ് സിന്ധു ബോട്ടിങ്ങിന് ഇറങ്ങിയത്. പിതാവും മുൻ ഇന്ത്യൻ വോളിബോൾ താരവുമായ പി.വി. രമണയും ഒപ്പമുണ്ടായിരുന്നു.

മട്ടാഞ്ചേരിയിലെ ഹാർബർ പാലം കടന്ന് അഴിമുഖത്തേക്കെത്തുമ്പോൾ‌ ആഡംബര യോട്ടിന്റെ ഡക്കിൽ കയറി ടൈറ്റാനിക്ക് നായിക കേറ്റിനെപ്പോലെ സിന്ധു കൈകൾ ഉയർത്തി. ഡ്രോപ് ഷോട്ടുകൾ കോരിയെടുക്കുന്ന നീളൻ കൈകളിൽ ചൂടിനെ വകഞ്ഞു കായലിന്റെ ഇളംതണുപ്പുള്ള കാറ്റ്. ‘സത്യത്തിൽ റിയോ ഒളിംപിക്സിനു ശേഷം ഒന്നു റിലാക്സ് ചെയ്തിട്ടില്ല.

ഇന്നു  മുതൽ ഹൈദരാബാദിൽ കോമൺവെൽത്ത് ഗെയിംസിനുള്ള പരിശീലനം തുടങ്ങും’  ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ ഗോൾഡ് തേടിയുള്ള യാത്രയുടെ ഇടവേളയാണ് സിന്ധുവിന്റെ ഈ കൊച്ചി സന്ദർശനം. കോമൺവെൽത്ത് തയാറെടുപ്പുകളെക്കുറിച്ചു താരം മനസ്സ് തുറക്കുന്നതിനിടെത്തന്നെ പിതാവ് രമണയുടെ ഫോണിലേക്ക് ഒരു സന്ദേശമെത്തി. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ സിന്ധു ഇന്ത്യൻ പതാകയേന്തുമെന്നതായിരുന്നു ആ സന്ദേശം.