എരിതീയിൽ താരങ്ങൾക്ക് ട്രാക്ക് വറചട്ടി

പട്യാലയിൽ സമാപിച്ച ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റിൽനിന്ന്. (ട്വിറ്റർ ചിത്രം)

പട്യാല ∙ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ് സമാപിച്ചെങ്കിലും ചില ‘ചൂടൻ’ വിഷയങ്ങൾ ചർച്ചയാകുകയാണ്. കടുത്ത ചൂടിൽ മൽസരങ്ങൾ നടത്തിയ അധികൃതർ കായികതാരങ്ങളുടെ ഭാവി അവതാളത്തിലാക്കുകയാണെന്ന പരാതി പരിശീലകർ ഉൾപ്പെടെയുള്ളവർ ഉയർത്തുന്നു. മീറ്റിന്റെ അവസാനദിവസമായ ഞായറാഴ്ച 400 മീറ്റർ, 1500 മീറ്റർ ഓട്ടം ഉൾപ്പെടെയുള്ള മൽസരങ്ങൾ നടന്നതു 46 ഡിഗ്രി ചൂടിൽ. പകൽസമയത്തല്ല, വൈകിട്ട് ആറുമണിക്കാണു പട്യാലയിലെ നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ഈ ചൂടിൽ മൽസരങ്ങൾ നേരിടേണ്ടിവന്നത്. ഭൂരിപക്ഷം താരങ്ങൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല ഭാവിമൽസരങ്ങളെക്കൂടി ഇതു ബാധിക്കുമെന്നു പരിശീലകർ പറയുന്നു.

ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മൽസരവേദി മാറ്റിയതിൽനിന്നു തുടങ്ങുന്നു അധികൃതരുടെ അനാസ്ഥ. ഡൽഹി ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന മൽസരം പട്യാലയിലേക്കു മാറ്റി. നിശ്ചയിച്ചതിലും കൂടുതൽ ദിവസം യാത്ര ചെയ്യേണ്ടിവന്നു കായികപ്രതിഭകൾക്ക്. അണ്ടർ 17 ലോകകപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനാൽ സ്റ്റേഡിയം ലഭിക്കില്ലെന്നതാണ് അധികൃതരുടെ വിശദീകരണമെങ്കിലും ഇക്കാര്യം ഏറെ നേരത്തെ അറിയാമായിരുന്നല്ലോ എന്ന മറുചോദ്യത്തിനു മറുപടിയില്ല.

പട്യാലയിൽ പുലർച്ചെ അഞ്ചര മുതൽ ഒൻപതുവരെയും വൈകിട്ടു നാലു മുതൽ ഏഴുവരെയുമാണു മൽസരങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ കനത്തചൂടിൽ വൈകിട്ടു മൽസരങ്ങൾ പലതും ആരംഭിച്ചത് അഞ്ചുമണിയോടെ. ആ സമയത്തും 45 ഡിഗ്രിക്കു മുകളിലായിരുന്നു മൽസര ദിവസങ്ങളിലെ താപനില. വാംഅപ്പ് ചെയ്യാൻ പലർക്കും സാധിച്ചില്ലെന്നു രാജ്യാന്തര താരങ്ങളുടെ പരിശീലകർ ഉൾപ്പെടെയുള്ളവർ പറയുന്നു.

ഹീറ്റ്സും സെമിഫൈനലും  ഫൈനലും ഉൾപ്പെടെ ഒരിനത്തിൽ മൂന്നിലേറെ തവണ ട്രാക്കിലിറങ്ങേണ്ടിവന്നവർ കടുത്ത എതിരാളികളെ മാത്രമല്ല പ്രതികൂല കാലാവസ്ഥയെയും ശാരീരിക അസ്വസ്ഥതകളെയും കൂടിയാണു നേരിട്ടത്. ചുട്ടുപൊള്ളിക്കിടക്കുന്ന സിന്തറ്റിക് ട്രാക്കിൽനിന്നു ചൂട് ശരീരത്തിലേക്കു കയറുകയായിരുന്നെന്നും  ഇത് അതിജീവിക്കുക ഏറെ പ്രയാസമാണെന്നും 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ മലയാളി താരം ജിൻസൺ ജോൺസൺ പറയുന്നു. കടുത്തചൂടിൽ നാലു ദിവസം കൊണ്ട് അഞ്ചുതവണയാണു ജിൻസൺ ട്രാക്കിലിറങ്ങിയത്.

800, 1500 മീറ്റർ ഓട്ടയിനങ്ങളിൽ ഒരു റൗണ്ട് കഴിയുമ്പോൾത്തന്നെ വായിലെ ജലാംശം വറ്റുന്ന അവസ്ഥയായിരുന്നെന്നു താരങ്ങൾ പറയുന്നു. വിദേശ പരിശീലകന്റെ കീഴിൽ ഒമാനിൽ പരിശീലനം നടത്തി മടങ്ങിയെത്തിയ ട്രിപ്പിൾ ജംപ് താരം എൻ.വി.ഷീന അവിടെപ്പോലും കാലാവസ്ഥ ഇത്ര പ്രശ്നമായിട്ടില്ലെന്നു വ്യക്തമാക്കുന്നു. ചില ഇനങ്ങളിൽ താരങ്ങൾ മൽസരം പൂർത്തിയാക്കാതിരുന്നതും മൽസരിക്കാതെ പിൻവാങ്ങിയതുമെല്ലാം കടുത്തചൂടിന്റെ ബാക്കിപത്രങ്ങൾ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുമുള്ളവരെയാണു ചൂട് ഏറെ ബാധിച്ചത്.

രാജ്യാന്തര താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ ഏറ്റവും മികച്ച പ്രകടനത്തിന്റെ അടുത്തെത്താൻ സാധിച്ചില്ല. ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു ദിവസങ്ങൾ മാത്രം അകലെനിൽക്കെയുള്ള ഈ മൽസരം താരങ്ങളെ ശാരീരികമായും മാനസികമായും  ബാധിച്ചുവെന്നു പരിശീലകർ പരാതിപ്പെടുന്നു. കഴിഞ്ഞവർഷം ചൂട് ശക്തമാകുന്നതിനു മുൻപ് ഏപ്രിലിലാണു ഡൽഹിയിൽ ഫെഡറേഷൻ കപ്പ് നടന്നത്.

 ഇത്തവണ പക്ഷേ അധികൃതർ ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല. സീനിയർ മൽസരം  അവസാനിക്കുന്നതോടെ തീരുന്നില്ല വിഷയം. ലക്നൗവിൽ ശനിയാഴ്ച മുതൽ ഫെഡറേഷൻ കപ്പ് ജൂനിയർ മീറ്റ് ആരംഭിക്കും. ചൂടിന്റെ കാര്യത്തിൽ അവിടെയും വിട്ടുവീഴ്ചയുണ്ടാവില്ല. സീനിയർ താരങ്ങൾ തളർന്നിടത്തു ജൂനിയർ താരങ്ങൾ പിടിച്ചുനിൽക്കുമോ എന്നതു കാത്തിരുന്നുകാണേണ്ട കാര്യം.