മടക്കയാത്ര, ശുഭയാത്ര; മടങ്ങാൻ എസി ടിക്കറ്റുകൾ തയാർ

റാഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെ കേരള ടീം

റാഞ്ചി∙ ജൂനിയർ അതിലറ്റിക് മീറ്റിൽ പങ്കെടുക്കാൻ റാഞ്ചിയിലേക്കു ട്രെയിനിൽ തിങ്ങിഞെരുങ്ങി ദുരിതയാത്ര ചെയ്ത കേരള താരങ്ങൾക്ക് നാട്ടിലേക്ക് എസി കോച്ചുകളിൽ മടങ്ങാം. കുട്ടികളുടെ കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞ തൊടുപുഴ ഡീപോൾ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 1981 ബാച്ച് പൂർവ വിദ്യാർഥികളാണ് താരങ്ങൾക്ക് ശുഭയാത്രയൊരുക്കുന്നത്. മീറ്റ് അവസാനിക്കുന്ന തിങ്കളാഴ്ച വൈകിട്ടു പുറപ്പെടുന്ന ഹാതിയ – എറണാകുളം എക്സ്പ്രസിൽ, സെക്കൻഡ്, തേഡ് എസി കോച്ചുകളിലായി  41 ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഇവർ സ്പോർട്സ് കൗൺസിലിനെ ഏൽപിച്ചു. എസി കോച്ചുകൾ മാത്രമുള്ള പ്രതിവാര ട്രെയിനിൽ അത്രയും ടിക്കറ്റുകളേ ബാക്കിയുണ്ടായിരുന്നുള്ളൂ.  

കുട്ടികളുടെ ദുരിതയാത്രയെക്കുറിച്ച് അറി‍ഞ്ഞ ഡീപോൾ പൂർവ വിദ്യാർഥികൾ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് മേഴ്സി കുട്ടനുമായി ബന്ധപ്പെടുകയായിരുന്നു. ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് ഇതിനായി ഒറ്റ ദിവസം കൊണ്ട് ഇവർ സമാഹരിച്ചത്. 39 പെൺകുട്ടികളടങ്ങിയ ആദ്യ സംഘത്തെ രണ്ടു പരിശീലകർക്കൊപ്പം എസി കോച്ചുകളിൽ അയയ്ക്കും. സർവകലാശാലാ മത്സരങ്ങളിൽ പങ്കെടുക്കാൻ മുപ്പതോളം പേർ വിമാനത്തിലാണ് മടങ്ങുന്നത്. ശേഷിക്കുന്നവർക്ക് 7ന് യാത്ര തിരിക്കും വിധം 30 ആർഎസി ടിക്കറ്റുകൾ തയാറായിട്ടുണ്ടെന്നും ബാക്കി ടിക്കറ്റുകൾ ഉടൻ ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും ടീം അധികൃതർ പറഞ്ഞു.  24 പേർക്കുള്ള സീറ്റിൽ 136 പേരുമായി ആയിരുന്നു പകൽ കാലുകുത്താൻ  ഇടമില്ലാതെയും രാത്രി ഉറങ്ങാതെയും ധൻബാദ് എക്സ്പ്രസിൽ കേരള ടീം റാഞ്ചിയിലെത്തിയത്.