താരങ്ങൾക്ക് ഇനി വിമാനയാത്ര !

മലപ്പുറം ∙  കാലുകുത്താൻ  ഇടമില്ലാതെ, ഒരുപോള കണ്ണടയ്ക്കാനാകാതെ ദുരിതം പേറിയുള്ള ട്രെയിൻ യാത്രകൾ ഇനി മറക്കാം. ദേശീയ മൽസരങ്ങളിൽ കിരീടം പിടിക്കാനിറങ്ങുന്ന കേരളത്തിന്റെ കായികതാരങ്ങൾക്ക് ആകാശമാർഗം ആശ്വാസ യാത്രയൊരുക്കാൻ സ്പോർട്സ് കൗൺസിലിന്റെ പദ്ധതി വരുന്നു. ദേശീയ തലത്തിൽ മെഡൽ പ്രതീക്ഷയായ ടീമുകളെയെല്ലാം അടുത്തവർഷമാദ്യം മുതൽ വിമാനത്തിൽ യാത്രയാക്കാനാണു തീരുമാനം. ക്രമേണ എല്ലാ ഇനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

സ്വകാര്യ എയർവെയ്സുകളിലൊന്നുമായി ധാരണയിലെത്തി പദ്ധതി നടപ്പാക്കാണ് ആലോചിക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന എയർവെയ്സിനെ കേരള ടീമിന്റെ ട്രാവൽ പാർട്നറാക്കും. കേരളത്തിന്റെ ഔദ്യോഗിക ട്രാക്ക് സ്യൂട്ടുകളിൽ ഇവരുടെ ലോഗോയും ഉൾപ്പെടുത്തും. യാത്രാ ചെലവ് കൗൺസിൽ വഹിക്കും. നിലവിൽ 75 ശതമാനം കൺസഷനോടെ സെക്കൻഡ് ക്ലാസ് സ്ലീപ്പർ ക്ലാസിലാണു കേരള ടീമുകളുടെ യാത്ര.

റാഞ്ചിയിൽ‌ ദേശീയ ജൂനിയർ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനു പുറപ്പെട്ട കേരള ടീമിന്റെ യാത്രാദുരിതങ്ങളാണ് പുതിയ പദ്ധതി ആവിഷ്കരിക്കാൻ കൗൺസിലിനു പ്രേരണയായത്. സ്പോർട്സ് കൗൺസിലിന്റെ എ കാറ്റഗറിയിൽപെട്ട അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ബാഡ്മിന്റൻ, ബാസ്‍കറ്റ്ബോൾ, ഫെൻസിങ് തുടങ്ങിയ ഇനങ്ങളിലെ ടീമുകളെയാണ് ആദ്യഘട്ടത്തിൽ വിമാന യാത്രയ്ക്കു പരിഗണിക്കുകയെന്നു കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ പറഞ്ഞു. ഈ ഇനങ്ങളിലെ സബ്ജൂനിയർ, ജൂനിയർ, സീനിയർ, യൂത്ത്, ഓപ്പൺ വിഭാഗം ടീം അംഗങ്ങൾക്കു വിമാനയാത്ര തരപ്പെടും.