ഹാൻഡ്ബോളിൽ പങ്ങടയുടെ അപ്പർ ഹാൻഡ്

പങ്ങട എസ്എച്ച് ഹാൻഡ് ബോൾ അക്കാദമി താരങ്ങൾ പരിശീലനത്തിൽ. പരിശീലകൻ ജോർജ് ജോബ് സമീപം. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

കോട്ടയം ∙ കേരളത്തിന്റെ ഹാൻഡ്ബോൾ ടീമിൽ 21 താരങ്ങൾ, മഹാത്മാഗാന്ധി സർവകലാശാല ടീമിൽ 5 താരങ്ങൾ, കേരള പൊലീസിൽ 12 താരങ്ങൾ, ഇന്ത്യൻ ആർമി ടീമിൽ മൂന്നുപേർ.. ഇവരെല്ലാം വരുന്നത് കോട്ടയം ജില്ലയിലെ പാമ്പാടി പങ്ങട എസ്എച്ച് ഹാൻഡ്ബോൾ അക്കാദമിയിൽനിന്നാണ്. അക്കാദമി പ്രവർത്തനം തുടങ്ങിയിട്ട് ഇരുപതു വർഷമായി. ഇതിനകം ഒട്ടേറെ താരങ്ങൾ രാജ്യാന്തര തലത്തിൽ വരെ മിടുക്കു തെളിയിച്ചു. എല്ലാവരുടെയും ഗുരുനാഥനായി ഒരാളുണ്ട് അക്കാദമിയിൽ; കൂത്രപ്പള്ളി സ്വദേശി ജോർജ് ജോബ്. പങ്ങട എസ്എച്ച് ഹൈസ്കൂളിലെ കുട്ടികൾക്കു വേണ്ടിയാണ് അക്കാദമി പ്രവർത്തിക്കുന്നത്. പക്ഷേ, ഇവിടെ പഠിച്ചിറങ്ങിയവർ അക്കാദമി വിട്ടു പോകാറില്ല. കോളജിൽ പഠിക്കുന്നവരും ഇവിടെ പരിശീലനം തുടരുന്നു.

രാജ്യാന്തര, ദേശീയ താരങ്ങൾ..

കഴിഞ്ഞ ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്ത കേരള ടീമിലെ ആറുപേർ അക്കാദമിയിൽ നിന്നായിരുന്നു. 2013ൽ ചൈനയിൽ പര്യടനം നടത്തിയ ഇന്ത്യൻ ഹാൻഡ്ബോൾ ടീമിൽ അംഗമായിരുന്ന ധനു മാത്യു, ഏഷ്യൻ ഗെയിംസ് താരം പ്രസീത പ്രസന്നൻ, 2008 ൽ അഖിലേന്ത്യാ ജൂനിയർ ചാംപ്യന്മാരായ കേരളാ ടീമിന്റെ ക്യാപറ്റൻ ജോസ്ന ഏബ്രഹാം തുടങ്ങിയവരൊക്കെ എസ്എച്ച് അക്കാദമിയുടെ താരങ്ങളാണ്.

വിജയതന്ത്രം നിരന്തര പരിശീലനം..

ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് നാലു മുതൽ ആറു വരെയുമാണു പരിശീലനം. നിരന്തരമായ പരിശീലനവും സീനിയിർ താരങ്ങൾ അക്കാദമിക്കു നൽകുന്ന പിന്തുണയുമാണു വിജയത്തിനു പിന്നിലെന്ന് ജോർജ് ജോബ് പറയുന്നു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ജോൺ കൊച്ചുമലയിലും ഹെഡ്മാസ്റ്റർ പി.എം.റെജിമോനും ഉൾപ്പെടെ സ്കൂൾ ഒന്നടങ്കം അക്കാദമിക്കു പിന്തുണയുമായി ഒപ്പമുണ്ട്.