Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന പോലെ പൊങ്ങി ഫാങ്

Fang stocks

അമേരിക്കയിൽ ട്രംപിനെ എതിർത്തിരുന്നവർക്കു മിണ്ടാട്ടം മുട്ടുന്ന സ്ഥിതിയാണ്. അമേരിക്കൻ സമ്പദ് വ്യവസ്ഥ ബൂം ചെയ്യുന്നു. 17 ട്രില്യൻ ഡോളർ (17 ലക്ഷം കോടി ഡോളർ) വലുപ്പമുള്ള സമ്പദ് വ്യവസ്ഥയാണേ! അതെത്രയെന്നു രൂപയിൽ എഴുതി ഫലിപ്പിക്കാൻ കഴിയില്ല. ഇന്ത്യയുടെ ആകെ ആഭ്യന്തര വരുമാനം രണ്ടര ലക്ഷം കോടി ഡോളർ മാത്രം. ചൈനയുടെത് എട്ട് ലക്ഷം കോടി. അപ്പോൾ അമേരിക്കയുടെ വലുപ്പം ഏതാണ്ട് ഊഹിക്കാമല്ലോ.

യുഎസിൽ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. അമേരിക്കയിൽ കുടിയേറിയ ആഫ്രിക്കക്കാരുടേയും ലാറ്റിനോകളുടേയും തൊഴിലില്ലായ്മയും കുറഞ്ഞു. നികുതികൾ കുറയുന്നു, വേതനം ഉയരുന്നു. അമേരിക്കയിലെ പ്രൈമറി ഇലക്‌ഷനുകളിൽ വോട്ട് ചെയ്യുന്നതു സാധാരണക്കാരായ പാർട്ടി പ്രവർത്തകരാണ്. അവരെല്ലാം ട്രംപ് അനുകൂലികളായി. ചുരുക്കത്തിൽ ട്രംപ് ഷൈൻ ചെയ്യുകയാണ്. 2020ൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിലും ട്രംപ് കേറുമോ എന്ന തോന്നലായി. ഇംപീച്ച് ചെയ്യണമെന്ന മുറവിളി തണുത്തു. ഇതൊക്കെ അവിടെ ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാരോടു പറഞ്ഞാൽ മിക്കവരും അടിക്കാൻ വരും. ട്രംപിനെ എതിർക്കുന്നവരുടെ ദേഷ്യത്തിനു കുറവില്ല.

അങ്ങനെയിരിക്കെയാണ് ഫാങ് സ്റ്റോക്ക്സ് എന്നൊരു പദപ്രയോഗം ഇറങ്ങിയത്. സിഎൻബിസിയിലെ മാഡ്മണി പ്രോഗ്രാം ചെയ്യുന്ന ജിം ക്രേമറാണ് ഫാങ് (എഫ്എഎഎൻജി) എന്ന വാക്ക് ഉണ്ടാക്കിയത്. സായിപ്പ് ഒരു പുതിയ വാക്ക് ഇറക്കിയാൽ ലോകം മുഴുവൻ അതു പടരും. ഡിജിറ്റൽ രംഗത്തെ അമേരിക്കൻ പുലികളായ ഫെയ്സ്ബുക്, ആപ്പിൾ, ആമസോൺ, നെറ്റ്ഫ്ളിക്സ്, ഗൂഗിൾ എന്നിവയുടെ ആദ്യ അക്ഷരങ്ങൾ ചേരുമ്പോഴാണു ഫാങ്. ഇവയുടെ വിപണി മൂല്യത്തിലെ കയറ്റിറക്കങ്ങൾ മാത്രം മതി ഓഹരിവിപണിയെ അല്ലെങ്കിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ കയറ്റിറക്കങ്ങളെ വിലയിരുത്താൻ.

വിവാദങ്ങൾക്കിടയിലും ഫാങ് കമ്പനികളുടെ ഓഹരി വിലകൾ കുതിക്കുകയാണ്. സ്വകാര്യത തകർക്കുന്ന തരം ഡേറ്റ കൈമാറ്റം, കുത്തകവൽക്കരണം, നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നികുതി കൊടുക്കാതെ ഒഴിയൽ, ബിസിനസ് എതിരാളി കമ്പനികളെ തകർക്കൽ തുടങ്ങി അനേകം കുറ്റങ്ങൾ അവയുടെ മേൽ ചാ‍ർത്തിയിട്ടുണ്ട്. പക്ഷേ, ഒന്നും ഏശുന്ന മട്ടില്ല. അവയെ കൂടാതെ അമേരിക്കയ്ക്കു നിലനിൽപ്പില്ലെന്ന സ്ഥിതിയാണ്. അവ വളരുമ്പോൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയും വളരുന്നു. ട്രംപ് എന്തൊക്കെയോ ചെയ്ത് അമേരിക്കയെ രക്ഷിച്ചെന്ന ഇമേജുണ്ടാക്കാൻ ഈ കമ്പനികളുടെ വളർച്ചയും കാരണമായിട്ടുണ്ട്.

ടെക്നോളജി വമ്പൻമാർക്കിടയിൽ എൻ പ്രതിനിധീകരിക്കുന്ന നെറ്റ്ഫ്ളിക്സ് ആരാ? സിനിമാ പ്രദർശനവും വിഡിയോ സ്ട്രീമിങ് ആപ്പും മറ്റും വച്ച് ഐടി വമ്പൻമാർക്കിടയിൽ നെറ്റ്ഫ്ളിക്സ് എങ്ങനെ കയറിപ്പറ്റി? നെറ്റ്ഫ്ളിക്സിന്റെ വളർച്ച കണ്ട് വൻകിട ഹോളിവുഡ് സ്റ്റുഡിയോകൾ കണ്ണുതള്ളുകയാണ്. 80 ഹോളിവുഡ് പടങ്ങളാണ് അവർ ഇക്കൊല്ലം നിർമിച്ചത്. ഫോക്സും യൂണിവേഴ്സിൽ പിക്ചേഴ്സും അതിനടുത്ത് എത്തില്ല. പ്രോഗ്രാമുകളുണ്ടാക്കാൻ അവരുടെ ബജറ്റ് 1300 കോടി ഡോളർ. ബിബിസിക്കും എച്ച്ബിഒയ്ക്കും അത്തരം ബജറ്റില്ല.

നെറ്റ്ഫ്ളിക്സിന്റെ വളർച്ച 2009നു ശേഷം 55 ഇരട്ടിയാണ്. ആമസോണിന്റേത് 20 ഇരട്ടി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് നാലിരട്ടിയിലേറെ. 2012ലെ ഐപിഒയ്ക്കു ശേഷം ഫെയ്സ്ബുക് വളർന്നത് അഞ്ചിരട്ടി. പനപോലെ വളരുന്നു. മലവെള്ളം പോലെ വന്നു മറിയുന്ന പണം മലവെള്ളം പോലെ വലിഞ്ഞാൽ അമേരിക്ക മെലിയും, ട്രംപ് വലയും.

ഒടുവിലാൻ ∙ ചൈനയ്ക്ക്  ഫാങ് കമ്പനികളോടു കിടപിടിക്കാവുന്ന കമ്പനികളുണ്ട്. ആമസോണിനു ബദൽ ആലിബാബ, ഫെയ്സ്ബുക്കിനു ബദൽ ടെൻസെന്റ്, ഐഫോണിനു ബദൽ ഷഓമി, ഗൂഗിളിനു ബദൽ ബൈദു, ഊബറിനു ബദൽ ദിദി. നമുക്ക് വല്ല ബദലും ഉണ്ടോ!

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam