Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ രണ്ടാമനായി മമ്മൂട്ടി വരട്ടെ, ചന്തുവായി ലാലും

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
lal-mammootty-release

കുഞ്ഞാലി മരയ്ക്കാർ ജീവിച്ചിരിക്കാത്തതു താര ആരാധകരുടെ ഭാഗ്യം. അല്ലെങ്കിൽ മരയ്ക്കാരുടെ വെടിമരുന്നു കുത്തിനിറയ്ക്കുന്ന തോക്ക് അവരുടെ നെഞ്ചിൻകൂടു തവിടു പൊടിയാക്കിയേനെ. 

രണ്ടു കുഞ്ഞാലിമരയ്ക്കാർ ഇപ്പോൾ പിന്നണിയിലുണ്ട്. ഒന്ന് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ‌ രണ്ട്, മോഹൻലാലിന്റെ കുഞ്ഞാലിമരയ്ക്കാർ. താൻ വൈകാതെ കുഞ്ഞാലിമരയ്ക്കാറാകുമെന്നു മമ്മൂട്ടി പ്രഖ്യാപിച്ചതോടെ യുദ്ധം തുടങ്ങി. മോഹൻലാൽ കുഞ്ഞാലിമരയ്ക്കാരുടെ പടയാളികൾ സാമൂഹ്യ മാധ്യമത്തിൽ കയറി തങ്ങളാണു ആദ്യം പ്രഖ്യാപിച്ചതെന്നു പറഞ്ഞു. പിന്നെ ജഗതി പറഞ്ഞതുപോലെ ‘ചറപറാ ചറപറാ’ വെടിയാണ്. ആദ്യമെല്ലാം കുഴപ്പമില്ലായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു കുഞ്ഞാലിമരയ്ക്കാർമാരുടെയും പേരിലുള്ള യുദ്ധ ചരിത്രം വായിച്ചാൽ അശ്ളീല മഹാഗ്രഥം വായിച്ചതുപോലെയാണ്. 

ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിനിടയിലൂടെ മതവും ജാതിയുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും വരുന്നു. മമ്മൂട്ടിയുടെ മരയ്ക്കാർ ഉള്ളതിനാൽ താൻ പിന്മാറുന്നുവെന്നു പ്രിയദർശൻ പറഞ്ഞതോടെ അടി പ്രിയനും കിട്ടിത്തുടങ്ങി. അടിക്കുന്നതിലും തിരിച്ചുകൊടുക്കുന്നതിലുമെല്ലാം  ഫാൻസ് അസോസിയേഷനുകൾക്കു പങ്കുണ്ടോ ഇല്ലയോ എന്നു വ്യക്തമല്ല. 

കുഞ്ഞാലിമരയ്ക്കാർമാർതന്നെ നാലുപേരുണ്ടായിരുന്നു എന്നാണു ചരിത്രം. അതിൽ  നലാമനാണത്രെ പേരു കേട്ട കുഞ്ഞാലി മരയ്ക്കാർ. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം ചരിത്രവും കഥയും ഇഴ ചേർന്നതാകും. അല്ലാതെ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചിട്ടില്ല നാലു കുഞ്ഞാലിമരയ്ക്കാർമാരും ഈ ലോകം വിട്ടത്. എഴുതുന്ന ആളുടെ ഭാവനയും ചരിത്രവും ഇടകലർന്നതാകും കുഞ്ഞാലിമരയ്ക്കാരുടെ കഥ. 

രണ്ടുപേരുടെയും സിനിമ വരട്ടെ. അല്ലാതെ ആദ്യം വരുന്ന കുഞ്ഞാലിമരയ്ക്കാരെ മാത്രമെ കാണൂ എന്ന് ഏതെങ്കിലും പ്രേക്ഷകനു വാശിയുണ്ടോ. നല്ല സിനിമയാണെന്നു തോന്നിയാൽ ജനമതു കാണും. അതിനു ഒരു ഫാൻസിന്റെ പിന്തുണയും ആവശ്യമില്ല. ബോക്സോഫീസിൽ മൂക്കും കുത്തി വീണ സിനിമകളെ രക്ഷിക്കാൻ ഒരു ഫാൻസുകാരും വരാറില്ല. നല്ല സിനിമയാണെന്നുറപ്പുണ്ടെങ്കിൽപ്പോലും അതു നല്ലതാണെന്നു പരസ്യമായി പറയാറുമില്ല. സിനിമ നല്ല കച്ചവടമാണ്. 

20 കോടി രൂപ മുടക്കുന്ന നിർമ്മാതാവിനു നല്ലകാശു തരിച്ചു കിട്ടണമെങ്കിൽ നല്ല പബ്ളിസിറ്റി വേണം. അതിനു ചാവേറുകളായി കുറെപ്പേരെയും വേണം. അതാണു ഫാൻസ്. ഇത്തരമൊരു പരിപാടിയെ ഇല്ലാത്ത ഫഹദ്  ഫാസിലിനെ ഇല്ലാതാക്കാൻ ആർക്കെങ്കിലും കഴിഞ്ഞോ.അടുത്ത കാലത്തു നന്നായി ഓടിയൊരു സിനിമ ഫഹദിന്റെതല്ലെ. ‘എന്തൊരു അഭിനയമാണ്’ എന്നു പറഞ്ഞു സന്തോഷത്തോടെ കണ്ടതു ഈ ഫാൻസുതന്നെയാണ്. അല്ലാതെ അതിനായി  ഫഹദോ ദിലീഷ് പോത്തനോ ബംഗാളികളെ ഇറക്കിയിയതായും അറിവില്ല. 

രണ്ടോ മൂന്നോ കുഞ്ഞാലിമരയ്ക്കാറുമാർ ഉണ്ടാകേണ്ടതു മലയാള സിനിമയുടെ ആവശ്യമാണ്.20 കോടി രൂപയുടെ നാലു മരയ്ക്കാർ ഉണ്ടായാൽ 80 കോടി രൂപ മാർക്കറ്റിലേക്ക് ഇറങ്ങും. ദിവസക്കൂലിക്കു നിൽക്കുന്ന ലൈഫ് ബോയ്മാർക്കും പാത്രം കഴുകുന്നവർക്കും വണ്ടി ഓടിക്കുന്നവർക്കും പാചകക്കാർക്കും ധാരാളം ജോലി കിട്ടും. 80 കോടി രൂപയുടെ ഒരു ഫാക്റ്ററി തുടങ്ങുന്നതിന തുല്യമാണിത്. ഒരു ഫാക്റ്ററി തുടങ്ങാൻ നൂറുകണക്കിനുദ്യോഗസ്ഥരുടെ കാലു പിടിക്കണം. അവർക്കു പണം മുതൽ കോഴിവരെ കൊടുക്കണം. സിനിമയ്ക്ക് അതൊന്നുമില്ല. ചെറിയ പൊല്ലാപ്പുകൾ മാത്രം നേരിട്ടാൽ 80 കോടി രൂപയുടെ ഇടപാടു നടക്കും. സിനിമ വിജയിച്ചാൽ അതു എട്ടോ പത്തോ മടങ്ങായി വളരും. അതുവീണ്ടും സിനിമാ മാർക്കറ്റിലേക്കു വരും. 

രണ്ടോ മൂന്നോ കോടി എണ്ണി വാങ്ങുന്ന താരത്തിന്റെ ജീവിതം മാത്രമല്ല സിനിമ. ആയിരക്കണക്കിനു പാവങ്ങളുടെ കുടുംബ പ്രശ്നമാണ്. പരമാവധി കുഞ്ഞാലിമാർ‌ വരട്ടെ. ഞാൻ പുലിമുരുകൻ രണ്ടാമനായി വരുമെന്നു മമ്മൂട്ടി പറഞ്ഞാലും ചതിയൻ ചന്തുവായി വരുമെന്നു മോഹൻലാൽ പറ‍ഞ്ഞാലും ആരാധകർ പറയേണ്ടതു ‘വാ ചേട്ടന്മാരെ വാ, വാ ’ എന്നാണ്. തിയറ്ററുകൾ നിറയുകയും പണം വരുകയും ചെയ്താൽമാത്രമെ വ്യവസായം പച്ച പിടിക്കൂ. അതുണ്ടായാൽ മാത്രമെ പുതിയ പരീക്ഷണത്തിനു ധൈര്യമുണ്ടാകൂ. അല്ലെങ്കിൽ പഴയ കച്ചവട ഫോർമുലയിൽ വീണ്ടും വീണ്ടും സിനിമ ചുട്ടെടുത്തുകൊണ്ടേയിരിക്കും. 

അതുകൊണ്ടു നമുക്കു പുത്തൻ കുഞ്ഞാലിമാരെ കാത്തിരിക്കാം. പ്രിയദർശൻ മുതൽ ദിലീഷ് പോത്തൻ വഴി സൗബീൻ വരെയുള്ളവരെ നമുക്കു പ്രോത്സാഹിപ്പിക്കാം.