‘അതെ, ആഷിക്ക് അബു അമ്പരപ്പിക്കുകയാണ്’

ചിലരോടു നമുക്കു ചിലപ്പോൾ വല്ലാത്ത സ്നേഹം തോന്നും. ആഷിക്ക് അബുവിനോടു സ്നേഹം തോന്നിയ പല സന്ദർഭങ്ങളുമുണ്ട്. സംവിധായകനും നിർമാതാവും ഗ്ലാമറുള്ള ഭാര്യയുടെ ഭർത്താവുമെല്ലാമായിട്ടും ഭൂമിയോളം താഴ്ന്നു പെരുമാറുന്നതു കാണുമ്പോഴാണു കൂടുതൽ സ്നേഹം തോന്നിയിട്ടുള്ളത്. ഇപ്പോൾ വീണ്ടും ആഷിക്ക് എന്നെ അമ്പരപ്പിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ പോലുള്ള സിനിമകൾ മലയാള സിനിമയുടെ വഴിത്തിരിവുകളാണ്. അതു കണ്ട ശേഷം അതുപോലൊരു സിനിമയെടുക്കണമെന്നു പലരും മോഹിച്ചു പോയിട്ടുണ്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കച്ചവടത്തിന്റെ കാര്യത്തിൽ ഡയറി കലക്കിപ്പൊരിച്ചു. അതുപോലൊരു ചിത്രം അത്രയും പണമുണ്ടാക്കുമെന്ന് ആരും കരുതിയിട്ടില്ല. സ്വാഭാവികമായും അടുത്ത സിനിമ വൻ കച്ചവടമുണ്ടാക്കേണ്ടതാണ്.

എന്നാൽ ഡിസംബറിൽ റിലീസ് ചെയ്യാനിരുന്ന ഈ.മ.യൗ റിലീസ് ചെയ്യാതെ കിടന്നു. സാമ്പത്തിക പ്രശ്നം തന്നെയാകും കാരണം. റിലീസ് ചെയ്യാൻ ൈവകുന്തോറും കേടു വന്നു പോകുന്നൊരു ജൈവ വസ്തുവിനെപ്പോലെയാണ് സിനിമ. എത്ര ഹിറ്റു സംവിധായകനായാലും ഇത്തരം സന്ദർഭങ്ങളിൽ തളർന്നുപോകും. ലിജോ തളർന്നോ എന്നറിയില്ല. ഇവിടെയാണു വീണ്ടും ആഷിക്ക് അബുവിനെ സ്നേഹിക്കാൻ തോന്നുന്നത്.

ഈ.മ.യൗ എന്ന സിനിമയുടെ റിലീസ് ആഷിക്ക് ഏറ്റെടുക്കുന്നുവെന്ന വിവരം അടുത്ത കാലത്തു സിനിമാരംഗത്തു കേട്ട നല്ല വാർത്തകളിലൊന്നാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ കിട്ടിയ ലാഭമല്ലാതെ കാര്യമായ ചില്വാനമൊന്നും ആഷിക്കിന്റെ കയ്യിലുണ്ടാകാൻ ഇടയില്ല. സംവിധാനം ചെയ്തു കോടികൾ ബാങ്കില്‍ ഇടാനുള്ള കച്ചവട മനസ്സൊന്നും ഇല്ലതാനും. ഉണ്ടായിരുന്നെങ്കിൽ പപ്പടം പോലെ സിനിമൾ ചുട്ടെടുത്തു വിറ്റേനെ.

ഈ.മ.യൗ എന്ന സിനിമയുടെ റിലീസ് ഏറ്റെടുക്കുമ്പോൾ ആഷിക്ക് സ്നേഹിക്കുന്നതു മലയാള സിനിമയെയാണെന്ന് ആഷിക്കിനെ അടുത്തറിയാത്തവർക്കുപോലും മനസ്സിലാകും. കിട്ടിയതെല്ലാം ഈരിഴ തോർത്തുമുണ്ടു കെട്ടി വാരിക്കൊണ്ടുപോകുന്നവരുടെ ഇടയിൽ ഇത്തരം ചിലരാണു സിനിമയുടെ ജീവൻ കാത്തു സൂക്ഷിക്കുന്നത്. ന്യൂജെൻ, നല്ല സിനിമ, കമ്മിറ്റ്മെന്റ് എന്നിവയെല്ലാം പറഞ്ഞു നടക്കുന്ന ഒരു കുട്ടി പോലും ഈ.മ.യൗവിനുവേണ്ടി രംഗത്തു വന്നു കണ്ടില്ല. കൂട്ടായ്മയും മണ്ണാട്ടങ്കട്ടയുമൊന്നുമില്ലെന്നതിനു തെളിവാണ് ഈ.മ.യൗ തിയറ്ററിലെത്താതെ കിടന്നത്.

ആഷിക്ക് ഇതുവരെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ ജോലി ചെയ്തിട്ടുപോലുമില്ല. എന്നിട്ടും ഒരു സംവിധായകന്റെ ചങ്കിലെ ചോപ്പു കണ്ടു തിരിച്ചറിയുന്നു എന്നതു ചെറിയ കാര്യമല്ല. ഇതു വായിക്കുന്ന ബുദ്ധിജീവികളിൽ ചിലരെങ്കിലും പറയും, പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാണെന്ന്. കയ്യിലെ ചില്വാനമെടുത്തു പബ്ലിസിറ്റി നടത്താനുള്ള മണ്ടത്തരമൊന്നും ആഷിക്കിനില്ലെന്നു തിരിച്ചറിയുക. ഡ്രൈവറുടെ മകനായതുകൊണ്ട് പോകുന്ന വഴികളെക്കുറിച്ചു നല്ല ധാരണ മനസ്സിലുണ്ടെന്നാണു തോന്നിയിട്ടുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരിയെ കൈ പിടിച്ചു കയറ്റുന്നതിനു തുല്യമാണിത്. ഇതൊരു ചെറുപ്പക്കാരനാണ് ചെയ്യുന്നത്. അല്ലാതെ അനുഭവങ്ങളുടെ സീസണിങ് കഴിഞ്ഞ സംവിധായകനോ നിർമാതാവോ അല്ല. ഇങ്ങനെ കൈ പിടിക്കാൻ ആളില്ലാതെ തോറ്റുപോയ ഒരുപാടു പേരുണ്ട്. ഇതു സാമ്പത്തിക കരുത്തിന്റെ കയ്യാണെന്നു തോന്നുന്നില്ല, സ്നേഹത്തിന്റെ കൈ തന്നെയാണ്. സ്നേഹപൂർവം നീട്ടുന്ന ഇത്തരം കൈകളിലൂടെയാണു മലയാള സിനിമ വളർന്നത്. അല്ലാതെ കച്ചവടക്കാരിലൂടെയും കൂടെ നടക്കുന്നവന്റെ സിനിമയ്ക്കു വയ്ക്കാൻ നാടൻ ബോംബുണ്ടാക്കുന്ന താടിക്കാരിലൂടെയുമല്ല. ഞാൻ ഈ.മ.യൗവിനുവേണ്ടി കാത്തിരിക്കുന്നു. ആ സിനിമ നല്ലതായാലും ഇല്ലെങ്കിലും അതിനു പുറകിൽ സ്നേഹത്തിന്റെ ചെറിയൊരു മായാനദിയുണ്ട്.