Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുരുളഴിയുന്ന നിഗൂഢതകൾ; പൊലീസിനെ ചുറ്റിച്ച ആ വിരലടയാളങ്ങൾ 

ജിജോ
finger-prints-and-police

പൊലീസിനെ വട്ടം കറക്കിയ ചില വിരലടയാളങ്ങളുണ്ട്. അതിലൊന്ന് പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതക കേസിൽ ഇനിയും തിരിച്ചറിയാൻ കഴിയാതെ അവശേഷിക്കുന്നുണ്ട്. കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ നിയമവിദ്യാർഥി കൊല്ലപ്പെട്ട ക്രൈം സീനിലാണ് ഉദ്യോഗസ്ഥർ ആ വിരലടയാളം കണ്ടെത്തിയത്. ജനലരികിൽ രണ്ടു വീതം സിമന്റ് കട്ടകൾ ഒന്നിനു വച്ച് അതിനു മുകളിൽ ഒരു പലകയിട്ടു ബെഞ്ചുപോലെ അവർ ഉപയോഗിച്ചിരുന്നു. പലകയുടെ മൂലയിൽ ഒരു വലിയ പ്ലാസ്റ്റിക്ക് കുപ്പി മുകൾഭാഗം മുറിച്ചു മാറ്റി വെള്ളം നിറച്ച് അതിൽ ഒരു ചെടിയും ഒരു അലങ്കാര മീനും വളർത്തിയിരുന്നു. 

കൊലപാതകത്തിനിടയിൽ ഈ പലക മറിഞ്ഞു. മീൻ വളർത്തിയിരുന്ന പ്ലാസ്റ്റിക്ക് കുപ്പി തറയിൽ വീണു. അതിൽ സിമന്റ്പൊടി കലർന്ന ഒരു വിരലടയാളം അവശേഷിച്ചു. പ്രതി അമീറുൾ ഇസ്‌ലാമിന്റേതെന്നു ന്യായമായും സംശയിച്ച വിരലടയാളം. പക്ഷേ, പ്രതി അറസ്റ്റിലായതോടെ ആ വിരലടയാളം അമീറുൾ ഇസ്‌ലാമിന്റേതല്ലെന്നു തെളിഞ്ഞു. വിരലടയാളം കൊല്ലപ്പെട്ട നിയമവിദ്യാർഥിയുടേതോ അവരുടെ അമ്മയുടേതോ അല്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നു. അപ്പോൾ പിന്നെ അതാരുടേത്? ചോദ്യം പൊലീസിനെ വട്ടംകറക്കി. 

കൊലയാളി ഒറ്റയ്ക്കായിരുന്നില്ലെന്ന പ്രചാരണം നാട്ടിൽ ശക്തമായി. പലരുടെയും പേരുകൾ പ്രതിസ്ഥാനത്തേക്ക് ഉയർന്നുവന്നു. ഒരു പഞ്ചായത്തിലെ മൂന്നു വാർഡുകളിലെ മുഴുവൻ പേരുടെയും വിരലടയാളങ്ങൾ പൊലീസ് ശേഖരിച്ചു. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ ഇത്തരമൊരു നടപടി ആദ്യമായിരുന്നു. എന്നാൽ ഈ വിരലടയാളങ്ങൾ ഒന്നും പ്ലാസ്റ്റിക്ക് കുപ്പിയിലേതുമായി ചേർന്നില്ല. 

കുറ്റപത്രത്തിലെ വലിയൊരു പഴുതായി ഈ വിരലടയാളം പ്രോസിക്യൂഷനു ഭീഷണിയായി. ഒടുവിൽ പൊലീസ് ഒരു തീരുമാനത്തിലെത്തി. കൊലപാതകം നടന്ന ദിവസത്തിനും മാസങ്ങൾക്കും മുൻപേ പതിഞ്ഞതാണ് വിരലടയാളമെന്നു വാദിക്കുക. കൊലപാതകവുമായി ഈ വിരലടയാളത്തിനു ബന്ധമില്ലെന്നു സ്ഥാപിച്ചു കേസ് രക്ഷിക്കുക. 

ക്രൈം സീനിൽ കണ്ടെത്തുന്ന വിരലടയാളം പ്രതിയെ പിടികൂടാൻ എന്നും പൊലീസിനു സഹായകമായിട്ടുണ്ട്. ആ പതിവു തെറ്റിച്ച കേസാണു പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം. പൊലീസ് സേനയെ ആകമാനം തെറ്റിദ്ധരിപ്പിച്ചു നിരപരാധിയെ കുടുക്കിയ ചില വിരലടയാളങ്ങളുണ്ട്. അത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തതു ഹോളണ്ടിലാണ്. തോമസ് ബുക്കൻ എന്ന മോഷ്ടാവ് ഒരു റബർ കയ്യുറയിൽ കൃത്രിമവിരലടയാളങ്ങളുണ്ടാക്കിയ ശേഷം ആ കയ്യുറ ധരിച്ചാണു മോഷണം നടത്തിയത്. 

മോഷണസ്ഥലത്ത് സ്വന്തം വിരലടയാളം പതിയാതെ നോക്കാൻ ഏതെങ്കിലും സാധാരണ കയ്യുറ ധരിച്ചാൽ തന്നെ മതി. ഇതു പക്ഷേ പൊലീസിനെ തെറ്റിദ്ധരിപ്പിക്കണമെന്ന ഉദ്ദേശ്യം അയാൾക്കുണ്ടായിരുന്നു. 

നിർഭാഗ്യവശാൽ കൃത്രിമ വിരലടയാളങ്ങളുമായി മറ്റൊരാളുടെ യഥാർഥ വിരലടയാളം പൊരുത്തപ്പെട്ടതാണു വിനയായത്. എന്നാൽ വിരലടയാളങ്ങൾക്കൊപ്പം സാധാരണ കണ്ടെത്താറുള്ള മനുഷ്യകോശങ്ങൾ കൃത്രിമ വിരലടയാളത്തിൽ കാണാതിരുന്നതും റബ്ബർ നിർമാണത്തിന് ഉപയോഗിക്കുന്ന രാസപദാർഥം വിരലടയാളത്തിൽ കണ്ടെത്തിയതും നിരപരാധിക്കു സഹായകരമായി. സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി നിരപരാധിയെ വിട്ടയച്ചു. 

കേരളത്തിൽ 1900ലാണു തിരുവിതാംകൂർ വിരലടയാള ബ്യൂറോയുടെ തുടക്കം. അന്നു മുതൽ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായിട്ടുള്ള മുഴുവൻ പ്രതികളുടെയും വിരലടയാളങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തന്നെ ഏറ്റവും കുറ്റമറ്റ വിവരശേഖരമാണിത്. 

ആദ്യമായി കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസിന്റെ ശേഖരത്തിലുള്ള വിരലടയാള വിവരങ്ങൾ പോരാതെ വരും. ഇന്ത്യയിൽ ആധാർ വിവരശേഖരണം നടന്നതോടെ 103 കോടി വ്യക്തികളുടെ വിരലടയാളങ്ങൾ സർക്കാരിന്റെ കൈവശമെത്തി. 

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള ഈ വിവരശേഖരം, ദേശസുരക്ഷയെ ബാധിക്കുന്ന കേസുകൾ, നാടിനെ പിടിച്ചു കുലുക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവയുടെ അന്വേഷണത്തിൽ കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെ പരിശോധിക്കാനാവും. 

ആധാർ വിവരങ്ങൾ പൊലീസിന് എളുപ്പത്തിൽ ലഭ്യമാവുന്ന കാലത്തു കുറ്റവാളികളെ മാത്രമല്ല അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാനും എളുപ്പമാവും. 

നിലവിൽ കുറ്റവാളികൾ അജ്‍ഞാത മൃതദേഹമായി മോർച്ചറികളിലെത്തുന്ന അവസരത്തിൽ മാത്രമാണു സംസ്ഥാന ഫിംഗർ പ്രിന്റ് ബ്യൂറോയിലെ വിരലടയാള വിവരങ്ങൾ മരിച്ചയാളെ തിരിച്ചറിയാൻ ഉപകാരപ്പെടുന്നത്. 

വിരലടയാളം നാലു തരം 

∙ നാല് ഇനം വിരലടയാളങ്ങളുണ്ട്. ആർച്ച്, ലൂപ്പ്, വേൾ, കോമ്പോസിറ്റ്. ഇവയുടെ കോമ്പിനേഷനുകളായി 12 തരം തിരിവുകളും വിരലടയാള വിശകലനത്തിൽ ഉപയോഗിക്കാറുണ്ട്. ലോകത്ത് കണ്ടെത്തിയിട്ടുള്ള പുരാതനമായ വിരലടയാളങ്ങൾ കുറ്റവാളികളുടേതല്ല. കരകൗശല വിദഗ്ധരുടേതാണ്. ചരിത്രഗവേഷകർ നടത്തുന്ന ഉദ്ഖനനങ്ങളിൽ കണ്ടെത്തുന്ന കളിമൺപാത്ര ശകലങ്ങളിലാണു പുരാതന കാലത്ത് അവയുടെ നിർമാതാക്കളായിരുന്ന റോമാക്കാരുടെയും ചൈനാക്കാരുടെയും വിരലടയാളങ്ങൾ മായാതെ കിടക്കുന്നത്.