Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷ്ടിച്ചവർ എങ്ങോട്ടാണ് ഈ വിഗ്രഹങ്ങളും പൊൻകുരിശുകളും കടത്തുന്നത്?

thieves-and-robbers

മോഷണം ഒരു ‘സമയകലയാണ്’ ചീത്തക്കാലങ്ങളിൽ ഒരു കലോത്സവത്തിനുള്ള കള്ളന്മാർ നമ്മുടെ നാട്ടിലിറങ്ങാറുണ്ട്. മോഷണത്തിന് ഏറ്റവും പ്രധാനം അതിനു തിരഞ്ഞെടുക്കുന്ന സ്ഥലവും സമയവുമാണ്, രാത്രികാലം, മഴക്കാലം, ആഘോഷകാലം, മരണസമയം, ദുരന്തകാലം... ഇങ്ങനെ മോഷ്ടാക്കൾ തിരഞ്ഞെടുക്കുന്ന ഓരോ സമയമുണ്ട്. 

ഇവരിൽ ചിലർക്കു പ്രിയം വീടുകൾ തന്നെ, മറ്റു ചിലർക്കു വ്യാപാര സ്ഥാപനങ്ങൾ വേറെ ചിലർക്കു വാഹനങ്ങളോടാണു താൽപര്യം. കൂട്ടത്തിലെ ഏറ്റവും ഭീരുക്കളാണു മോഷണത്തിന് ആരാധനാലയങ്ങൾ തിരഞ്ഞെടുക്കുന്നത്. 

ഒരു അവിശ്വാസിയായിരുന്നാൽ മാത്രം മതി, പിന്നെ ആരെ പേടിക്കാനാണ്. പാറാവില്ലാത്ത ദൈവങ്ങൾ സ്വയം രക്ഷിക്കുമെന്ന വിശ്വാസവും നമ്മുടെ നാട്ടിലുണ്ട്. തമിഴ്നാട്ടിലെ അവർക്കു മോഷണ കുലദൈവങ്ങൾ വരെയുണ്ട്. യൂറോപ്പിലും മോഷ്ടാക്കൾക്കു മധ്യസ്ഥ പുണ്യവാളനുണ്ട്. 

ഫലത്തിൽ പണവും വിശ്വാസവും കലയും ഇടകലർന്ന ഒരു സമാന്തര സംസ്ക്കാരം മനുഷ്യനുണ്ടായകാലം മുതൽ ഈ കുറ്റകൃത്യത്തിനുണ്ട്.

മോഷ്ടാക്കളുടെ രഹസ്യപ്രാർഥനകളെ നിർവീര്യമാക്കി മോഷണ മുതൽ ഉടമയുടെ അടുക്കൽ തിരികെ എത്തിക്കുന്ന  പ്രാർഥനകളിലും വിശ്വസിക്കുന്നവരുണ്ട്. മട്ടാഞ്ചേരിയിലെ ഒരു ആരാധനാലയത്തിൽ മോഷണ മുതൽ തിരികെ ലഭിക്കാനുള്ള പ്രത്യേക പ്രാർഥനകൾ തന്നെയുണ്ട്. 

മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്ബിന്റെ പ്രസംഗത്തിലൂടെ പ്രസിദ്ധമായ ഒരു ആരാധനാലയമുണ്ടു വടക്കൻ കേരളത്തിൽ. 

അവിടുത്തെ ശക്തിക്കു മുന്നിൽ വിഗ്രഹം കവർച്ചക്കാർ പരാജയപ്പെട്ട കഥയും അദ്ദേഹം പറഞ്ഞു. 

മോഷണം പതിവായ കാലത്താണ്  അദ്ദേഹം കണ്ണൂരിൽ എഎസ്പിയായെത്തിയത്. അവിടെ ഗാർഡിനെ ഇടാമെന്നും പറഞ്ഞിരുന്നു. നാട്ടുകാരും ഭക്തജനങ്ങളും അതു വേണ്ടെന്നു പറഞ്ഞു. വിഗ്രഹം ആർക്കും കൊണ്ടുപോകാൻ കഴിയില്ലെന്നും അഥവാ കൊണ്ടുപോയാൽ വൈകാതെ തിരികെ എത്തുമെന്നും അവർ ഉറച്ചു വിശ്വസിച്ചിരുന്നു. 

ഇവിടെ മൂന്നു തവണ മോഷണം നടന്നെങ്കിലും കവർച്ചക്കാർക്കു വിഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനോ മറിച്ചു വിൽക്കാനോ സാധിച്ചില്ല. ആദ്യ തവണ സമീപത്തെ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വിഗ്രഹം കണ്ടെത്തി. 

രണ്ടാം തവണ ക്ഷേത്രപരിസരത്തുതന്നെ വിഗ്രഹം കണ്ടെത്തി.  മൂന്നാം തവണ മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ വയനാട്  കൽപറ്റയിലെ ലോഡ്ജിൽ കണ്ടെത്തി. 

മോഷണം നടത്തിയ കള്ളന്മാരെ പിന്നീടു മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണു പൊലീസിനെ അത്ഭുതപ്പെടുത്തിയ മൊഴി ലഭിച്ചത്. 

‘‘ ഈ വിഗ്രഹം എടുത്താൽ ഉടൻ മോഷ്ടാക്കൾക്കു ദിക്കുകളെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടും. പരിചിതമായ സ്ഥലങ്ങളും അപരിചിതമായി അനുഭവപ്പെടും. യഥാർഥത്തിൽ പോവാൻ ഒരുങ്ങുന്ന സ്ഥലത്തിന്റെ വിപരീത ദിശയിൽ സഞ്ചരിക്കും. ഒടുവിൽ   

ശാരീരിക അവസ്ഥതയും തളർച്ചയും മോഹാലസ്യവും സംഭവിക്കും. ഇതോടെ വിഗ്രഹം ഉപേക്ഷിക്കാൻ തയാറാവും....’’ 

ഇങ്ങനെ സ്ഥലവും സമയവും നഷ്ടപ്പെടുന്ന മോഷ്ടാവ് അതീവ ദുർബലനാണ്. അവന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റും. 

എങ്ങോട്ടാണ് ഈ വിഗ്രഹങ്ങളും പൊൻകുരിശുകളും കടത്തുന്നത്? 

തമിഴ്നാട്ടിലെ വിരുദാചലത്തുനിന്നും 15 വർഷം മുൻപു മോഷണം പോയ അത്യപൂർവമായ ‘നരസിംഹി’ വിഗ്രഹം കണ്ടെത്തിയത് ഓസ്ട്രേലിയയിലെ നാഷനൽ ഗാലറിയിലാണ്. സംഘകാല ചരിത്രം അവകാശപ്പെടാവുന്ന വിഗ്രഹങ്ങൾ മോഷ്ടിച്ചു വിദേശത്തേക്കു കടത്തുന്ന വൻ റാക്കറ്റ് ഇന്ത്യയിലുണ്ട്. 

അവതാരമായ നരസിംഹ മൂർത്തിയെ ആരാധിക്കാറുണ്ടെങ്കിലും നരസിംഹിയുടെ ഉത്ഭവം സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭ്യമല്ല. ഈ വിഗ്രഹം മോഷ്ടിച്ച റാക്കറ്റിലെ പ്രധാനി പിടിക്കപ്പെട്ടതോടെയാണു തട്ടിപ്പിന്റെ ഉൾവഴികൾ പൊലീസിനു മുന്നിൽ തെളിഞ്ഞത്. 

വിദേശത്തെ അതിസമ്പന്നരെ ലക്ഷ്യമിട്ടാണു വിഗ്രഹമോഷണ റാക്കറ്റുകളുടെ പ്രവർത്തനം. അധിക ധനസമ്പാദനം, ആരോഗ്യം, തൊഴിൽവിജയം എന്നിവ നേടാൻ,  വീട് ,ഓഫിസ് എന്നിവിടങ്ങളിൽ അപൂർവ ശക്തിയുള്ള വിഗ്രഹങ്ങളുടെ സാന്നിധ്യം സഹായിക്കുമെന്ന വിശ്വാസം മുതലെടുത്താണു റാക്കറ്റിന്റെ പ്രവർത്തനം. 

ഇത്തരം മോഷണ മുതലുകൾ വലിയ വിലയ്ക്കു ലേലം ചെയ്യുന്ന കേന്ദ്രങ്ങളും വിദേശത്തുണ്ട്. നാട്ടിലെ സാധാരണ കള്ളന്മാർക്കും വിദേശികൾക്കുമിടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നതു വിദേശത്തെ ഇന്ത്യൻ വംശജരാണ്.

കേരളത്തിന്റെ ആധുനീക കുറ്റാന്വേഷണ ചരിത്രത്തിൽ പ്രത്യേകതരം കുറ്റകൃത്യം മാത്രം അന്വേഷിക്കാൻ ഒരു പൊലീസ് സേന നിയോഗിക്കപ്പെട്ടത് ഇത്തരം മോഷണങ്ങളുടെ കാര്യത്തിലാണ് ‘ടെംപിൾ തെഫ്റ്റ് സ്ക്വാഡ്’. നൂറിലധികം മോഷണങ്ങൾ ഈ സേന തെളിയിച്ചു.

കേരള രാഷ്‌ട്രീയത്തിൽ തിരുവാഭരണ മോഷണം തിരഞ്ഞെടുപ്പു വിഷയമായത് 1987 ലാണ്, യുഡിഎഫ് ഭരണകാലത്തായിരുന്നു മോഷണം.  അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ തിരുവാഭരണം കണ്ടെത്തുമെന്നുവരെ  പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. ആ വർഷം പ്രതിപക്ഷത്തിന്റെ സമയമായിരുന്നു.