Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്രമിച്ച മനസ്സ്

 സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
 Relaxed Mind Representative Image

ചിലർക്ക് എപ്പോഴും പിരുമുറുക്കമാണ്. ഒരു ചർച്ചയിലോ സംവാദത്തിലോ ഇങ്ങനെ പിരിമുറുകി പങ്കെടുത്താൽ സൃഷ്ടിപരമായ ഒരു സംഭവാനയും നൽകാൻ കഴിയില്ല എന്നതാണ് വാസ്തവം. കേൾവിക്കാർക്ക് പ്രിയതരമായ വാക്കുകളും മറ്റുള്ളവർക്ക് ഗുണപ്രദമായ പ്രവർത്തികളും ഉണ്ടാകാൻ മനസ്സിനെയും ശരീരത്തെയും പിരിമുറുക്കത്തിൽ നിന്ന് വിമുക്തമാക്കണം.

അക്ബർ ചക്രവർത്തിയുടെ ഉപദേശകനായിരുന്ന ബീർബലിനെ നോക്കൂ.  ഒരു കൊട്ടാരം ഉപദേശകൻ എന്ന നിലയ്ക്ക് വീർപ്പുമുട്ടിയ, പിരിമുറുക്കം നിറഞ്ഞ ഒരു മനസ്സല്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പകരം എപ്പോഴും കാറ്റു കടക്കാനും ആശയങ്ങൾക്ക് ഇരിപ്പിടം നൽകാനും തക്കവണ്ണം വിശാലമായി തുറന്നിട്ടതായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഇത് അക്ബർ ചക്രവർത്തിക്കും നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അങ്ങേയറ്റം കുഴപ്പിക്കുന്ന ചോദ്യങ്ങൾ ബീർബലിനു നരേ എറിഞ്ഞു കൊടുക്കുന്നത് അദ്ദേഹം ശീലമാക്കിയത്. ബീർബലിൽ നിന്ന് അടർന്നുവീഴുന്ന വാക്കുകൾ കേവലം വാക്കുകൾക്ക് അപ്പുറം അർഥസഞ്ചയങ്ങളായിരിക്കുമെന്ന് രാജാവിന് നല്ല നിശ്ചയമുണ്ടായിരുന്നു. 

ഒരിക്കൽ വളരെ നിസ്സാരമായ ഒരു ചോദ്യമാണ് അക്ബർ ചക്രവർത്തി രാജസദസ്സിലേക്ക് എയ്തത്. തന്റെ കൊമ്പൻ മീശയെ ആരെങ്കിലും പിടിച്ച് പിരിച്ചാൽ എന്തു ചെയ്യണം എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടപ്പോഴേ  പിരിമുറുക്കത്തിലായ സദസ്യർ ഒാരോരുത്തരും ഘനഗംഭീരമായ ഉത്തരങ്ങൾ പറഞ്ഞു. അങ്ങനെ ചെയ്യുന്നവനെ പിടിച്ച് തല്ലിച്ചതയ്ക്കണമെന്നും തൂക്കിക്കൊല്ലണമെന്നും തലവെട്ടിക്കളയണമെന്നുമൊക്കെ കർക്കശമായ നിർദ്ദേശങ്ങൾ ഒാരോരുത്തർ പറഞ്ഞു. നിശബ്ദനായിരുന്ന ബീർബലിനോട് എന്തെങ്കിലും പറയൂ എന്നായി ചക്രവർത്തി. ബീർബൽ തന്റെ സ്വതസിദ്ധമായ അയത്നലളിത ഭാഷയിൽ പറഞ്ഞു, അങ്ങനെ ചെയ്യുന്നയാൾക്ക് നല്ല മധുരമിഠായി വാങ്ങിക്കൊടുക്കണമെന്ന്. 

രാജസദസ് അന്തംവിട്ടുപോയി. രാജാവും സ്തബ്ധനായി. പക്ഷേ പറഞ്ഞത് ബീർബലാവുമ്പോൾ അതിൽ നല്ല അന്തരാർഥം ഉണ്ടാവും. ബീർബൽ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദമാക്കാൻ ചക്രവർത്തി ആവശ്യപ്പെട്ടു. നാളിന്നേവരെ എന്നു മാത്രമല്ല ഇനി നാളെയും അക്ബർ ചക്രവർത്തിയുടെ മീശ പിടിച്ച് പിരിക്കാൻ അവകാശമുള്ള ഒരാളെ മാത്രമെ താൻ കണ്ടിട്ടുള്ളൂവെന്നും അത് ചക്രവർത്തിയുടെ പേരക്കിടാവാണെന്നും ബീർബൽ വിശദീകരിച്ചു. ചക്രവർത്തിയുടെ വാൽസല്യഭാജനമായ പേരക്കുട്ടിക്ക് മധുരമിഠായി അല്ലാതെ പിന്നെ എന്താണ് നൽകുക! ബീർബലിന്റെ വിശദീകരണം കേട്ടവരെല്ലാം പിരിമുറുക്കം മാറി ചിരിച്ചിരുന്നു. വലിഞ്ഞു മുറുകിയ മനസ്സിന് ഒരിക്കലും ഇത്തരമൊരു ഭാവനയുണ്ടാവില്ല. ഭാവനാ മാധുര്യം ഉണ്ടാവണമെങ്കിൽ മനസ്സ് അയഞ്ഞിരിക്കണം. ബീർബലിന് അതുണ്ടായിരുന്നു. നമുക്കും അതുണ്ടാവണം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam