വളയാതെ വളരാന്‍ വായന വേണം

വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായനതന്നെ. അറിവിന്റെ പ്രാധാന്യത്തെപ്പറ്റി ഭഗവദ്ഗീതയില്‍ പറയുന്നത് ഇപ്രകാരമാണ് - ‘നഹി ജ്ഞാനേന സദൃശ്യം പവിത്രമിഹ വിദ്യതേ’. മനസ്സിലെ മാലിന്യങ്ങള്‍ അകറ്റാന്‍ അറിവിനു പകരം മറ്റൊരുപായമില്ല എന്നാണ്.

വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം. ബെര്‍ത്തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’  എന്ന ശക്തമായ വാക്കുകളാണ്. ഒരുപക്ഷേ, ‘വാളല്ലെന്‍ സമരായുധം’ എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം ഒരു ചിന്താഗതി തന്നെയായിരിക്കണം.

ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കുമെന്നാണ് എന്റെ നിഗമനം. പത്രം, വാരിക, കഥാപുസ്തകങ്ങള്‍ എന്നിവയാണ് വായിക്കപ്പെടുന്ന പ്രധാന മാധ്യമങ്ങള്‍. ഇതു മൂന്നും കയ്യിലെടുക്കാത്തവരും വായിക്കുന്നുണ്ട്- ഇ വായന. വാട്സാപ്പില്‍ വരുന്ന ചെറുകുറിപ്പുകള്‍ മതിമറന്നു വായിച്ചിരിക്കുന്നവരെയും നമുക്കു വായനക്കാരെന്നു വിളിക്കാം. ഓരോ വായനയിലൂടെയും ലഭിക്കുന്നത് ഓരോ തരം അറിവാണ്. ഓരോരുത്തരും അവരവരുടെ അഭിരുചി അനുസരിച്ചായിരിക്കുമല്ലോ വായനാ വിഷയം തിരഞ്ഞെടുക്കുന്നതും.

സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യര്‍ ആശയവിനിമയത്തിന് അക്ഷരങ്ങളും അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളും വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിത്തുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്താന്‍ മാര്‍ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. ഇവിടെ വായിക്കാന്‍ പഠിക്കുന്നതിനു മുന്‍പുതന്നെ എഴുതാന്‍ മനുഷ്യന്‍ പഠിച്ചു എന്നുവേണം കരുതാന്‍. മനുഷ്യസഹജമായ സൗന്ദര്യാവിഷ്‌കരണ കൗതുകത്തില്‍ നിന്നാവാം എഴുത്തിന്റെ ഉത്ഭവം. 

ആദിമ മനുഷ്യര്‍ കല്ലിലും മണ്ണിലും എഴുത്തു തുടങ്ങി. ഗുഹാമുഖങ്ങളില്‍ ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍നിന്ന് അക്ഷരങ്ങളിലേക്കു മാറിയതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി. ആദ്യകാലങ്ങളില്‍ മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങള്‍ എഴുതി. പില്‍ക്കാലത്ത് മണ്‍കട്ടകളിൽ എഴുത്ത് തുടങ്ങിയതോടെ വായനയ്ക്കു പൊതു മാര്‍ഗങ്ങളുണ്ടായി. മൃഗത്തോലിലും മരപ്പലകയിലും എഴുത്തു തുടര്‍ന്നപ്പോള്‍ എഴുതിയത് കൈമാറാനും കാത്തുസൂക്ഷിക്കാനും എളുപ്പമായി. പിന്നീടത് മരത്തോലിലും ഓലകളിലുമായി. ചൊല്ലിക്കേട്ട കാവ്യങ്ങളും കഥകളും വായിക്കാൻ പുതിയ മാര്‍ഗ്ഗം തേടിയതിങ്ങനെയാണ്. പന്ത്രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അക്ഷരലിപികള്‍ മണ്‍കട്ടയിലേക്കും പിന്നീട് ഓലകളിലേക്കുമൊക്കെ പടര്‍ന്നു കയറിയത്. 

വായനയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഘട്ടം ആരംഭിക്കുന്നത് കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. ഋഷികളില്‍നിന്നും പണ്ഡിതന്മാരില്‍ നിന്നും വായന സാധാരണക്കാരിലേക്കു നീങ്ങിയത് അങ്ങനെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്‌കാരികമായ വിപ്ലവമായി മാറി. അച്ചടിവിദ്യയിലെ സാങ്കേതിക വളര്‍ച്ച ഒരു ഗ്രന്ഥത്തെ ഒരേസമയം പലരിലുമെത്തിച്ചു. വായന ചിന്താശേഷിയുടെയും സര്‍ഗ്ഗപ്രക്രിയയുടെയും നവീനമാര്‍ഗമായി മാറിയതിന് ഏതാനും നൂറ്റാണ്ടുകളുടെ പഴക്കം മാത്രമേയുള്ളൂ. കുറഞ്ഞ കാലം കൊണ്ട് വായന മനുഷ്യവര്‍ഗത്തിന്റെ ഉന്നതമായ വികാസ പരിണാമത്തിന് കാരണമാകുകയും ചെയ്തു. മനുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയും ചിന്താശക്തിയും അപഗ്രഥനശേഷിയും വായനയിലൂടെയാണ് വികസിക്കുന്നത്. ഇന്ന് വായന പുതിയ രൂപങ്ങള്‍ തേടുന്നു. പുസ്തകവായന കംപ്യൂട്ടറിലേക്കും ലാപ്‌ടോപ് റീഡിങ്ങിലേക്കും മാറിയിരിക്കുന്നു. വായനയുടെ വികാസ പരിണാമമറിഞ്ഞ്, കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നത് പലതുകൊണ്ടും പ്രാധാന്യമുള്ളതായിരിക്കുന്നു.

വായന എന്ന വാക്കു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പി.എന്‍. പണിക്കര്‍ എന്ന അക്ഷര മഹര്‍ഷിയുടെ നാമമാണ്. 

ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം, സനാതനധര്‍മ വായനശാലയുടെയും പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍, അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളിലെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. പണിക്കര്‍ മുഴുവന്‍ സമയ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ‘വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആ സ്ഥാനത്തുനിന്നു വിരമിച്ചു. 1978 മുതല്‍ അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്റെ സെക്രട്ടറിയായും സ്റ്റേറ്റ് റീഡേഴ്‌സ് സെന്ററിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 കേരളം വായനാദിനമായി ആചരിക്കുന്നു.

കാലഘട്ടം മാറിയതോടെ വായനയിലും മാറ്റങ്ങള്‍ ഉണ്ടായി. ഇന്ന് ഇ-വായനയുടെ കാലമാണ്. ബുദ്ധിയെയും ഭാവനയെയും വികസിപ്പിക്കുന്ന വായന, കുട്ടികളില്‍ ശീലമാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ മിക്ക രക്ഷാകര്‍ത്താക്കളും പാഠപുസ്തകങ്ങള്‍ മാത്രം വായിക്കാനാണ് കുട്ടികളെ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ അതിനപ്പുറമുള്ള പരന്ന വായനയാണ് കുട്ടിയുടെ സ്വാഭാവിക വ്യക്തിത്വത്തെ വളര്‍ത്തുന്നത്. ചെരുപ്പുകുത്തിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയി മാറിയ എബ്രഹാം ലിങ്കനും രാമേശ്വേരത്തെ പത്രവിതരണക്കാര്‍ പയ്യനില്‍നിന്ന് ഇന്ത്യന്‍ പ്രസിഡന്റ് ആയി മാറിയ എ.പി.ജെ. അബ്ദുൽ കലാമും തങ്ങളുടെ വിജയഘടകത്തിലൊന്നായി പറയുന്നത് പരന്ന വായനയാണ്. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാം നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്താക്കളുമാണ്. 

നമ്മുടെ കുട്ടികളും ഗ്രന്ഥശാലകളില്‍ പോകട്ടെ, ഇഷ്ടമുള്ളതു തിരഞ്ഞെടുത്തു വായിക്കട്ടെ, രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷയ്ക്കുമപ്പുറം വളരട്ടെ. അതിന് പുറംവായനയ്ക്കു വേണ്ട സൗകര്യങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ ഒരുക്കണം.