Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രയെത്ര ആമിയോർമകൾ

തോമസ് ജേക്കബ്
madhavikutty-kamala-surayya-kadhakkoottu

ആമി എന്ന മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാ സുരയ്യയെ നിരന്തരം ഓർമിക്കാൻ എത്രയെത്ര കാരണങ്ങൾ. അതിൽ പുതിയ കാരണം അവരുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന സിനിമയാണ്. മഞ്ജു വാരിയരാണു മാധവിക്കുട്ടിയുടെ വേഷമിടുന്നത്.

ആ സിനിമയെപ്പറ്റി കേട്ടപ്പോൾ അത്രമേൽ സങ്കീർണവും സുന്ദരവുമായ മാധവിക്കുട്ടിയുടെ ജീവിതത്തെപ്പറ്റി ഞാൻ ഓർത്തു. എത്രമാത്രം ബുദ്ധിമുട്ടാവും ആ വലിയ ജീവിതത്തെ രണ്ടര മണിക്കൂറോളം മാത്രം നീളുന്ന ഒരു സിനിമയിൽ പകർത്തുകയെന്നും ഓർത്തു.

സ്വന്തം ജീവിതത്തെക്കുറിച്ചും സ്വന്തം ലോകത്തെക്കുറിച്ചും ഇത്രയധികം എഴുതിയ മറ്റൊരാൾ മലയാളത്തിലുണ്ടാകുമോ? നാലപ്പാട്ട് തറവാട്ടിൽ ഓരോരുത്തരും തേച്ച തൈലങ്ങളെക്കുറിച്ചുപോലും മാധവിക്കുട്ടി പലതവണ എഴുതിയിട്ടുണ്ട്. ദേഹത്തു തേയ്ക്കാൻ ദിനേശവല്യാദി, തലയിൽ തേയ്‌ക്കാൻ നീലിഭൃംഗാദി, അച്‌ഛന് അസനവില്വാദി... ആദിയായ തൈലങ്ങൾ ആദിയും അന്തവുമില്ലാതെ അവർ എഴുത്തിലും തേച്ചുപിടിപ്പിച്ചു. എല്ലാവരും മുട്ടിനും പാദത്തിനും തൈലമിട്ടപ്പോൾ മാധവിക്കുട്ടി വാക്കുകൾക്കും കുറച്ചു തൈലമിട്ടു. വാക്കുകൾ കൂടുതൽ ചെറുപ്പമായി.

എത്രയെത്ര എഴുത്തുവിഷയങ്ങൾ. മാധവിക്കുട്ടിയുടെ ഓർമകളിൽ കടന്നുവരുന്ന വാല്യക്കാർക്കുതന്നെ കയ്യും കണക്കുമില്ലായിരുന്നു. ഒരുപക്ഷേ, മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വാല്യക്കാരുണ്ടായിരുന്നത് വാക്കുകളുടെ ഈ യജമാനത്തിക്കായിരിക്കും. കലി നാരായണൻ നായർ മുതൽ ജാനുവമ്മയും ചിരുതേയിയമ്മയും വരെയുള്ള വാല്യക്കാരെക്കുറിച്ച് എന്റെ വാല്യക്കാർ എന്ന ഒരു പുസ്‌തകംതന്നെ മാധവിക്കുട്ടിക്ക് എഴുതാമായിരുന്നു.

ഒരു പ്രഷർ കുക്കറിന്റെ അടപ്പു കാണാതായ സംഭവം മാധവിക്കുട്ടി പറഞ്ഞത് സഹോദരി സുലോചന നാലപ്പാട് ഓർമിച്ചിട്ടുണ്ട്.. എവിടെയൊക്കെ തപ്പിയിട്ടും അടപ്പു കിട്ടിയില്ല. അങ്ങനെയിരിക്കേ രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ മാധവിക്കുട്ടിയോടു വാല്യക്കാരി ചോദിച്ചത്രേ, ചേച്ചീ, ഇനി ഈ അടപ്പില്ലാത്ത കുക്കർ കൊണ്ട് ഒരുപയോഗവുമില്ലെങ്കിൽ അത് എനിക്കു തരാമോ എന്ന്. മാധവിക്കുട്ടി അപ്പോഴേ അത് അവർക്കു നൽകി. പിന്നീടാണത്രേ മനസ്സിലായത്, ആദ്യം അടപ്പ് അടിച്ചുമാറ്റിയതും വാല്യക്കാരി തന്നെയാണെന്ന്, ഇതു വാല്യക്കാർ പൊതുവേ പരീക്ഷിക്കാറുള്ള തന്ത്രമാണെന്നും മാധവിക്കുട്ടി പറഞ്ഞു. സുലോചന പറയുന്നത് ഇത് യഥാർഥത്തിൽ സംഭവിച്ചതായാലും അല്ലെങ്കിലും ഇത്തരം കഥകൾ മെനഞ്ഞുണ്ടാക്കുന്നതിൽ മാധവിക്കുട്ടി സമർഥയായിരുന്നുവെന്നാണ്. അതിൽ കുറച്ച് എഴുതിയെന്നു മാത്രം.

അത്തരത്തിലൊരു കുസൃതിക്ക് അവരുടെ വാല്യക്കാരി ചിരുതേയിയമ്മ വയസ്സുകാലത്തു പോലും ഇരയായതാണ്. മുംബൈയിൽ മാധവിക്കുട്ടി താമസിക്കുമ്പോൾ മകനെ നോക്കാൻ കോഴിക്കോട്ടു നിന്നു കൊണ്ടുവന്നതായിരുന്നു ചിരുതേയിയമ്മയെ. പക്ഷേ, മുംബൈയിലെ ജീവിതത്തോട് അവർക്ക് എന്തോ ഒരിഷ്‌ടക്കേട്. എപ്പോഴും എനിക്കങ്ങ് പോവണം, പോവണം എന്ന് ഒരേ വർത്തമാനം. അങ്ങനെയിരിക്കേ ചിരുതേയിയമ്മ ഒരു ദിവസം മാധവിക്കുട്ടിയോടു പറഞ്ഞു, തലയണയുടെ അടിയിൽ നിന്ന് തനിക്കൊരു പ്രേമലേഖനം കിട്ടിയ കാര്യം. നോക്കിയപ്പോൾ ഒരു ശങ്കുണ്ണി നായർ എഴുതിയതാണ്. വായിച്ചുനോക്കിയിട്ട് മാധവിക്കുട്ടിയും ഇതു കൊള്ളാമല്ലോ എന്നു പറഞ്ഞു. പിന്നെ പല ദിവസങ്ങളിലും ഇതുപോലെ ശങ്കുണ്ണി നായരുടെ പ്രേമലേഖനം കിട്ടി. എല്ലാം ചിരുതേയിയമ്മയ്‌ക്കുള്ളത്. പക്ഷേ, ശങ്കുണ്ണി നായരെ മാത്രം ആരും കണ്ടിട്ടില്ല. അതോടെ ചിരുതേയിയമ്മയ്ക്കു നാട്ടിലേക്കു മടങ്ങണമെന്ന ചിന്ത ഇല്ലാതായി. ശങ്കുണ്ണി നായരെ ഒന്നു കണ്ടാൽ കൊള്ളാമെന്നായി. ഇതു മാധവിക്കുട്ടി പറ്റിച്ച പണിയായിരുന്നു.

സുലോചന എഴുതിയ ‘എന്റെ ജ്യേഷ്ഠത്തി കമല’ എന്ന പുസ്തകം ആമിയോർമകളുടെ സുന്ദരസമാഹാരമാണ്. സർഗശേഷി കഴിച്ചാൽ, കമലയെ കമലയാക്കിയത് കയ്യിലെ വളയൂരിക്കൊടുക്കുക, ചികിത്സയ്ക്ക് ആശുപത്രിയിലേക്കു പണമെത്തിച്ചു കൊടുക്കുക, പണിതീരാത്ത വീടുകളുടെ പണി തീർത്തുകൊടുക്കുക, സ്കൂൾ‌/കോളജ് ഫീസ് കൊടുക്കുക, നഴ്സിങ് ട്രെയിനിങ് ഏർപ്പാടാക്കുക എന്നീ സമ്പ്രദായങ്ങളാണെന്നു സുലോചന എഴുതിയിട്ടുണ്ട്.

മ‍ജ്ജവരെ ഇറങ്ങിച്ചെന്ന് ഉറഞ്ഞുകൂടിയ ദാനശീലം മകൾക്കു വടേക്കര മാധവൻ നായരുടെ (വി.എം. നായർ) പൈതൃകം തന്നെയാണെന്നും സുലോചന എഴുതി. ദാനം ഇടതുകൈ അറിഞ്ഞാവാം അറിയാതെയുമാവാം. ‘ഇടതുകൈ’ എന്ന പദംകൊണ്ടുദ്ദേശിക്കുന്നത് വി.എം. നായരുടെ പത്നി ബാലാമണിയമ്മയെയാണെങ്കിൽ ഒരിക്കലുമറിഞ്ഞില്ല. ദാസേട്ടനെ (മാധവിക്കുട്ടിയുടെ ഭർത്താവ്) ആണെങ്കിൽ – പകുതി അറിയും, പകുതി അറിയില്ല.

റിസർവ് ബാങ്കിൽ നിന്ന് എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച ദാസ് ബാലാമണിയമ്മയെക്കാൾ ‘സാമ്പത്തിക’ ത്തിൽ ഒരുപടി മുന്നിലായിരുന്നതിനാൽ, ആ ഒഴുക്കിന് തന്നാലാവുംവിധം തടയിടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

സുലോചന എഴുതുന്നു: ആമിയോപ്പുവിനെയും ദാസേട്ടനെയും പരിചയമുള്ളവർക്കറിയാം, മൂന്നു സന്ദർഭങ്ങളിലാണു ദാസേട്ടൻ രംഗപ്രവേശം ചെയ്യുകയെന്ന് – വിലപിടിച്ച സമ്മാനങ്ങൾ ആമിയോപ്പു ആർക്കെങ്കിലും എടുത്തുകൊടുക്കുമ്പോൾ, സന്ദർശകർ കുറേക്കഴിഞ്ഞ് യാത്ര പറയാതിരിക്കുമ്പോൾ, എന്തെങ്കിലുമൊരു പ്രശ്നമുണ്ടായി ആമിയോപ്പു കരഞ്ഞ് ആത്മഹത്യചെയ്യുമെന്നു പറയുമ്പോൾ. ആദ്യത്തെ രണ്ടു സന്ദർഭങ്ങളിൽ ദാസേട്ടൻ വില്ലൻവേഷമണിയും. ഒരു സ്വർണവളയുമായി പോകുന്ന സന്ദർശകയുടെ പിന്നാലെ പോയി ഗേറ്റിൽവച്ചു വള തിരികെ വാങ്ങിയ കഥയുണ്ട്. വളയുടെ പാറ്റേൺ തട്ടാനു കാട്ടിക്കൊടുത്ത് അതുപോലൊരെണ്ണം പണിയിക്കാനാണെന്നവർ പറഞ്ഞിട്ടും വള തിരിച്ചെടുക്കപ്പെട്ടു. തട്ടാനിവിടെ വന്നുനോക്കിക്കോട്ടെ എന്നോ മറ്റോ പറഞ്ഞുകാണും.

യാത്രയാകാൻ വിസമ്മതിച്ചു നിൽക്കുന്ന അതിഥികളെ ദാസേട്ടൻ കൈകാര്യം ചെയ്യുക വളരെ വിദഗ്ധമായിട്ടാണ്. ‘ആമിക്കു വിശ്രമിക്കേണ്ട സമയമായി. പോയിട്ട് പിന്നെ വരൂട്ടോ, വരാതിരിക്കരുത്’ എന്നിങ്ങനെയാണു ചുമലിൽ കൈവച്ചും പുറത്തു തട്ടിയുമുള്ള ഡയലോഗ്. ആരോടും മറുത്തു പറയാനാവില്ല തന്റെ ഭാര്യയ്ക്കെന്ന് അദ്ദേഹത്തിനു നന്നായറിയാം. താനിതു ചെയ്തില്ലെങ്കിൽ അവർ പോയിക്കഴിഞ്ഞാൽ ‘തീരെ വയ്യേ, സംസാരിച്ചു സംസാരിച്ച് ശ്വാസംമുട്ടുന്നു’ എന്നൊക്കെ പറഞ്ഞു പോയിക്കിടക്കുകയും കരയുകയും ചെയ്യും ആമിയോപ്പു.’

മൂന്നാമതു പറഞ്ഞ ദുർഘട ഘട്ടങ്ങൾ ദാസിനെപ്പോലെ നേരിടാനുള്ള ധൈര്യം ആർക്കുമുണ്ടാവില്ല. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിക്കു ധനശേഖരണാർഥം ഹേമമാലിനിയുടെ ഡാൻസ് സംഘടിപ്പിച്ചു വലിയ നഷ്ടം വരുത്തിവച്ചതും, ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ ആമിയെക്കുറിച്ചു മോശമായെഴുതിയതും ഒക്കെയാവും അനിഷ്ടസംഭവങ്ങൾ. ആമി മുറിയിൽക്കയറി വാതിലടച്ചാൽ ദാസ് ചെന്നു മെല്ലെ വാതിൽക്കൽ മുട്ടും. എന്നിട്ടു പറയും: ‘ആമ്യേ സൂയിസൈഡ് ചെയ്യണ്ട ട്ടോ, അതൊക്കെ പ്രയാസാവും,’ എന്നൊക്കെ. കുട്ടികളവിടെയുണ്ടെങ്കിൽ അവരോടും ആംഗ്യം കാണിക്കും, പറഞ്ഞോളൂ പറഞ്ഞോളൂ എന്ന്.

ഇതു കുറേ കേട്ടാൽ മാധവിക്കുട്ടിയുടെ ചിരി മുറിക്കകത്തുനിന്നു കേൾക്കാം.

പിന്നെ, മുറിവാതിൽ ചിരിയോടെ തുറക്കുകയായി.

വായിക്കാം, ഇ - വീക്ക് ലി