Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ സിനിമത്തൂവൽ പക്ഷികൾ

തോമസ് ജേക്കബ്
pushkar-gayathri-kadhakkoottu

പച്ചക്കറി വാങ്ങുന്ന കാര്യംപോലും ചർച്ച ചെയ്തുതുടങ്ങിയാൽ വഴക്കിട്ടു വീടിന്റെ ക്രമസമാധാനനില തകർക്കുന്ന എത്രയോ ഭാര്യാഭർത്താക്കന്മാരുണ്ട്. കിടപ്പുമുറി മുതൽ അടുക്കളവരെ അവർ യുദ്ധക്കളമാക്കുന്നു. പക്ഷേ, ഇരുവരുടെയും ആശയലയനത്തിന്റെ സൗന്ദര്യം വലിയ വിജയത്തിലേക്ക് എത്തിക്കുന്നവരുമുണ്ട്. വീട്ടിൽനിന്നു വിസ്മയം വിരിയിച്ച അങ്ങനെയുള്ള രണ്ടു പേരെ നമുക്കൊന്നു പരിചയപ്പെടാം.

പുഷ്കറും ഗായത്രിയും.

ചെന്നൈയിലെ ചലച്ചിത്രദമ്പതികളാണ് ഇവർ. ഈ പ്രതിഭാധനർ ഒരുമിച്ചു സംവിധാനം ചെയ്ത ‘വിക്രം വേദ’ എന്ന സിനിമ തെന്നിന്ത്യയിൽത്തന്നെ വൻവിജയം നേടി മുന്നേറുകയാണിപ്പോൾ. ചെറിയൊരു കുടുംബകഥയല്ലല്ലോ ആ സിനിമ. നാടകീയ സംഭവമുഹൂർത്തങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ അസ്സൽ ആക്‌ഷൻ ത്രില്ലർ.

ആ സിനിമയുടെ കൈയടക്കവും കഥയുടെ ഇഴയടുപ്പവും പ്രേക്ഷകരെയും നിരൂപകരെയും നന്നായി ആകർഷിക്കുന്നുണ്ട്.

പൊലീസ് ഓഫിസറും അധോലോകനായകനും മുഖ്യ കഥാപാത്രങ്ങളാവുന്നതാണു കഥ. ആ കഥ പറഞ്ഞതിലാണു പുതുമ. വിക്രമാദിത്യൻ - വേതാളം കഥയെ ഓർമിപ്പിച്ച് ഓരോ തവണയും ധർമത്തെയും നീതിയെയും കുറിച്ചുള്ള ഒരു ചോദ്യവുമായി പൊലീസ് ഓഫിസറെ നേരിടുന്ന ഗുണ്ടാത്തലവൻ. ക്ലൈമാക്സ് വരെ നീളുന്ന സസ്പെൻസ്. എല്ലാത്തിലുമുപരി മാധവന്റെയും വിജയ് സേതുപതിയുടെയും ഉജ്വലമായ അഭിനയ മൽസരം.

ആ സിനിമ കാണുന്ന എത്ര പേർ ഒാർത്തിരിക്കും, ഒരേ വീടും ജീവിതവും സ്വപ്നങ്ങളും പങ്കിടുന്ന രണ്ടു പേരിൽനിന്നാണ് ആ സുന്ദരസിനിമ ഉണ്ടായതെന്ന്. പക്ഷേ, സത്യമതാണ്.

ചെന്നൈ ലയോള കോളജിലെ പഠനകാലത്തു തുടങ്ങി ജീവിതത്തിലേക്കു കൈപിടിച്ച ആ രണ്ടു പേർ മിണ്ടിമിണ്ടി ഒരു സൂപ്പർ ഹിറ്റ് സിനിമയുണ്ടാക്കുകയായിരുന്നു. പരസ്യ ചിത്രങ്ങളിൽനിന്നു തുടക്കം കുറിച്ച ഇവർ പത്തു വർഷത്തിനിടെ കഥയെഴുതി സംവിധാനം ചെയ്ത മൂന്നാം സിനിമയാണിത്. ജീവിതത്തിലെ ഈ വമ്പൻ ഹിറ്റൊരുക്കാൻ വേണ്ടിവന്നതു നാലു വർഷം.

സിനിമയുടെ ലോകത്തു ദമ്പതികളുടെ സംവിധായകവേഷം അപൂർവതതന്നെയാണ്. വിദേശ ഉദാഹരണങ്ങൾക്കൊപ്പം നമ്മുടെ രാജ്യത്തുനിന്നും അങ്ങനെയുള്ളവർ ഉണ്ടായിട്ടുണ്ട്. ബോളിവുഡിലെ ആദ്യ സംവിധായക, ജീവിത ജോടി കുമാർ സെൻ സമർഥും ശോഭന സമർഥുമാണ്. 1931ൽ വിവാഹിതരായ അവർ ഒരേ സിനിമ സംവിധാനം ചെയ്തില്ലെങ്കിലും പല സിനിമകളുടെയും സംവിധാനം നിർവഹിച്ചു.

കേതൻ മെഹ്ത – ദീപ സാഹി, ആർ. ബാൽകി – ഗൗരി ഷിൻഡെ, ആമിർ ഖാൻ – കിരൺ റാവു തുടങ്ങിയ ദമ്പതികളും ഒരുമിച്ചല്ലെങ്കിലും സംവിധായകരായ ബോളിവുഡ് പ്രശസ്തരിൽ ഉൾപ്പെടുന്നു.

ഭർത്താവ് സംവിധായകൻ, ഭാര്യ സഹസംവിധായിക. കണ്ണൂർ സർവകലാശാലാ നരവംശശാസ്‌ത്ര പഠന വകുപ്പിലെ ഡോ. എം.എസ്. മഹേന്ദ്രകുമാറിനും ഭാര്യ വി.എസ്. ശാലിക്കും സിനിമ കുടുംബകാര്യമാണോ എന്നു ചോദിച്ചാൽ ആണ് എന്നാണ് ഉത്തരം. മഹേന്ദ്രകുമാർ സംവിധാനം ചെയ്‌ത പുരാവസ്‌തു എന്ന സിനിമ മൂന്നു വർഷം മുൻപാണ് തിയറ്ററിലെത്തിയത്. ഈ ചിത്രത്തിൽ സഹസംവിധായികയായിരുന്നു ഭാര്യ ശാലി.

സംവിധായകരുടെ പിന്നാലെ കൂടി സിനിമ പഠിച്ച ആളല്ല മഹേന്ദ്രകുമാർ. രണ്ടു സിനിമയ്‌ക്കു തിരക്കഥയെഴുതി പല സംവിധായകരുടെയും ഓഫിസുകൾ കയറിയിറങ്ങി വർഷം രണ്ടു കടന്നപ്പോൾ ഒരു കാര്യം ബോധ്യമായി. ഇങ്ങനെ നടക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നടക്കേണ്ടി വരുമെന്ന്. ഒടുവിൽ സ്വന്തമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, സിനിമയെക്കുറിച്ചു ശരിക്കു പഠിച്ച ശേഷമാണ് ഇദ്ദേഹം സംവിധാനത്തിനിറങ്ങിയത്. തൃശൂരിൽ നടന്ന മൂന്നുദിവസത്തെ ശിൽപശാലയിൽ പങ്കെടുത്തപ്പോൾ മലയാളത്തിലെ പ്രമുഖരായ സിനിമാ പ്രവർത്തകരുടെ ക്ലാസുകൾ ലഭിച്ചു. കെ.ജി. ജോർജാണ് സംവിധാനത്തെക്കുറിച്ചു പഠിപ്പിച്ചത്. അതോടെ സിനിമ ചെയ്യാനുള്ള ധൈര്യമായി. എഴുതിപൂർത്തിയാക്കിയ രണ്ടു തിരക്കഥകളിൽ പുരാവസ്‌തു എന്ന ചിത്രം ആദ്യം ചെയ്യാൻ തീരുമാനിച്ചു.

പുരാവസ്‌തു ശാസ്‌ത്രജ്‌ഞനായ സുബ്രഹ്‌മണ്യശർമയുടെയും ഭാര്യ രാജലക്ഷ്‌മിയുടെയും ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയ്‌ക്കു പ്രമേയം. മഹേന്ദ്രകുമാർ പുരാവസ്‌തുവിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുമ്പോൾ ഭാര്യ ശാലി സഹസംവിധായികയായി മുഴുവൻ സമയം കൂടെയുണ്ടായിരുന്നു.

അമേരിക്കയിലെ വമ്പൻ ചലച്ചിത്ര കമ്പനിയുടെ സിനിമയ്ക്കു തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് മലയാളി ദമ്പതികളെന്ന വാർത്ത കേട്ടിട്ടു കുറച്ചു വർഷങ്ങളായി. ആഗോള പ്രശസ്‌തരായ മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ ‘വിച്ച് ഹണ്ട്’ എന്ന സിനിമ മലയാളിയായ സൈമൺ കുര്യൻ സംവിധാനം ചെയ്യുന്നുവെന്നും കുര്യന്റെ ഭാര്യ ഗീതാഞ്‌ജലിയാണ് തിരക്കഥയെഴുതുന്നതെന്നുമായിരുന്നു  ആ വാർത്ത.

ബിഹാറിലെ ഗോത്രവർഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന നീചവും പൈശാചികവുമായ ആചാരങ്ങളെ ഒരു വിദേശ പത്രപ്രവർത്തകന്റെ അനുഭവത്തിലൂടെ പറയുന്നതാണു ചിത്രത്തിന്റെ കഥയെന്നും അക്കാലത്തു കേട്ടിരുന്നു. നാലുവർഷം ബിഹാറിലെ ഉൾനാടുകളിൽ അലഞ്ഞുനടന്ന് ഗവേഷണം നടത്തിയ ശേഷം തയാറാക്കിയതായിരുന്നു കഥ.

ഇസ്‌മയിൽ മർച്ചന്റ് കൊച്ചിയിലെത്തി സംവിധാനം ചെയ്‌ത ‘കോട്ടൻ മേരി’യുടെ സഹസംവിധായകനായിരുന്നു. ഇരവിപേരൂർ ശങ്കരമംഗലം കുടുംബാംഗമായ സൈമൺ. ബിബിസിക്കും സിഎൻഎന്നിനും വേണ്ടി ഒട്ടേറെ ഡോക്യുമെന്ററികൾ തയാറാക്കിയിട്ടുണ്ട്. സൈമൺ ബിബിസിക്കു വേണ്ടി സംവിധാനം ചെയ്‌ത ‘ശിവാസ് ഡിസൈപ്പിൾസ്’ എന്ന ഡോക്യുമെന്ററിക്ക് ഹൂസ്‌റ്റൺ രാജ്യാന്തര ചലച്ചിത്രോൽസവത്തിലും, അമേരിക്കൻ ഫിലിം ആൻഡ് വിഡിയോ ഫെസ്‌റ്റിവലിലും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ‘വിച്ച് ഹണ്ട്’  സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും കേൾവിയിലില്ല.

പുതിയ കാല വിക്രമാദിത്യന്റെയും വേതാളത്തിന്റെയും കഥ പറയുന്ന വിക്രം വേദ സംവിധാനം ചെയ്തത് ദമ്പതികളാണ് എന്നു കേട്ടപ്പോൾ ഒരു സുഹൃത്ത് കളിയായി ചോദിച്ചു:

–  എങ്കിൽ ഇവരിലാരായിരിക്കും വേതാളം?

വായിക്കാം, ഇ - വീക്ക് ലി