Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാക്കനാടൻമാരുടെ ജീവിതവും മരണവും

തോമസ് ജേക്കബ്
abraham-thampy-kakkanadan-kadhakkoottu

രണ്ടോ മൂന്നോ തലമുറകളായി പ്രതിഭാസമ്പന്നരുടെ സമാഹാരമാണ് കാക്കനാടൻ കുടുംബം. അവരിൽ ഏറ്റവുമാദ്യം നമ്മുടെ മനസ്സിലെത്തുന്ന എഴുത്തുകാരൻ കാക്കനാടനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേർന്ന് ആ കുടുംബത്തെ ചരിത്രത്തിനു പരിചിതരാക്കി. അവരുടെ പിതാവായിരുന്നു ജോർജ് കാക്കനാടൻ. സ്‌കൂൾ ഫൈനലിനു മുൻപേ പഠിത്തം നിർത്തി സ്വാതന്ത്യ്ര പ്രക്ഷോഭത്തിലിറങ്ങി.

കത്തോലിക്ക സഭയുടെ ഉഗ്രപ്രതാപകാലത്ത് ആ സഭയിൽനിന്നു മാറി മാർത്തോമ്മാ സഭയിലെത്തി മിഷനറിയായി ഉപദേശി എന്ന പേരിലറിയപ്പെട്ടു അദ്ദേഹം. കമ്യൂണിസത്തോടും അടുപ്പമുണ്ടായിരുന്നു. തിരു-കൊച്ചിയിൽ കമ്യൂണിസ്‌റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് എം.എൻ. ഗോവിന്ദൻ നായർ, പി.കെ. വാസുദേവൻ നായർ, പി.ടി. പുന്നൂസ് തുടങ്ങി പലർക്കും ജോർജ് കാക്കനാടന്റെ വീട് അഭയമായിട്ടുണ്ട്. ‘സുവിശേഷവും കമ്യൂണിസവും’ എന്ന പേരിൽ അദ്ദേഹം ഒരു പുസ്‌തകവും രചിച്ചു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത 2013ൽ, കാക്കനാടൻ ഉപദേശിയുടെ അൻപതാം ചരമവാർഷികത്തിൽ ഇങ്ങനെ ഒാർമിച്ചു: ‘സാധുക്കളോടു സ്‌നേഹമുണ്ടെങ്കിൽ കമ്യൂണിസ്‌റ്റിന് സുവിശേഷകനാകാം. അവഗണിക്കപ്പെട്ടവരോടുള്ള കരുതലും ക്രിസ്‌തുവിൽ കണ്ട സ്‌നേഹവും അതിനു കാരണമാകാം. ജോർജ് കാക്കനാടൻ എന്ന ഉപദേശി അതു കാട്ടിത്തന്നിട്ടുണ്ട്. ഞാൻ പട്ടക്കാരനായി ആദ്യം ജോലി ചെയ്‌തത് കൊട്ടാരക്കരയ്‌ക്കടുത്ത് മൈലത്താണ്. ആ ഇടവകയിലെ സുവിശേഷകനായിരുന്നു ജോർജ് കാക്കനാടൻ. നല്ല സുവിശേഷകൻ, നല്ല പ്രസംഗകൻ. അദ്ദേഹത്തിന്റെ മക്കളെല്ലാം സമർഥരായി’.

മാർത്തോമ്മാ സഭയുടെ ആസ്ഥാനമായിരുന്ന തിരുവല്ലയിൽനിന്ന് മൈലം വഴി കാക്കനാടൻ ഉപദേശി കൊല്ലത്തെത്തി വേരുപിടിച്ചു. മക്കൾ എല്ലാവരും സ്വന്തം സർഗാത്മക സാമ്രാജ്യങ്ങൾ ഉണ്ടാക്കിയവരാണ്. അവരെല്ലാവരും മാർത്തോമ്മാ സഭാംഗമായി മാമ്മോദീസ കൈക്കൊണ്ടെങ്കിലും ചിലർ മാത്രമാണു സഭയിൽ സജീവമായി തുടർന്നത്. ചിലർ പള്ളിയിൽത്തന്നെ കയറിയില്ല.

സാധാരണഗതിയിൽ  അതിൽ വലിയ പ്രശ്നമില്ല. പക്ഷേ, മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ വന്നാൽ പ്രശ്നമാവുകയും ചെയ്യും. അതാണു തമ്പി കാക്കനാടന്റെ കാര്യത്തിലുണ്ടായത്.

എഴുത്തുകാരൻ കാക്കനാടനും ഇളയ സഹോദരനായ തമ്പി കാക്കനാടനും ഒരേ വർഷമാണ് ഒാർമയായത്– 2011ൽ. നോവലിസ്‌റ്റും വിവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്നു തമ്പി കാക്കനാടൻ. 2011 മാർച്ച് 18ന് അഞ്ചാലുംമൂടിനടുത്തു വാഹനാപകടത്തിൽ പരുക്കേറ്റ ശേഷം കൊല്ലത്തും തിരുവനന്തപുരത്തും വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു തമ്പി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഒാഗസ്റ്റ് പത്തിനായിരുന്നു അന്ത്യം. സഹോദരൻ ഇഗ്നേഷ്യസിന്റെ വീട്ടിൽനിന്നു ചേച്ചി അമ്മിണിയുടെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

പക്ഷേ, മാർത്തോമ്മാ സഭാംഗമായിരുന്നിട്ടും പള്ളി സെമിത്തേരിയിൽ അദ്ദേഹത്തിന്റെ സംസ്കാരം നടത്താനായില്ല. സഭാംഗങ്ങൾക്കിടയിൽ തർക്കം. പൊതുശ്മശാനത്തിൽ മതിയെന്നു ചിലർ. പള്ളിയിൽത്തന്നെ അടക്കാമെന്നു മറ്റു ചിലർ. അതിനിടയിൽ പള്ളിക്ക് ആ സെമിത്തേരി കിട്ടിയ കാര്യം കുറച്ചുപേരെങ്കിലും ഒാർമിച്ചു.

അദ്ദേഹത്തിന്റെ പിതാവ് ജോർജ് കാക്കനാടൻ ഉപദേശി കൊല്ലത്തുവന്നു താമസിക്കുമ്പോൾ മാർത്തോമ്മാക്കാർക്കുവേണ്ടി ഒരു ശ്മശാനം ഇല്ലായിരുന്നു. 1957ൽ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോഴാണ് കൊല്ലംകാർക്ക് ഇപ്പോഴുള്ള ശ്മശാനം ലഭിച്ചത്. ആ പൊതുശ്മശാനത്തിന്റെ ഒരു ഭാഗം മാർത്തോമ്മാ സഭയ്ക്കു സൗജന്യമായി ലഭിക്കുകയായിരുന്നു. കാക്കനാടൻ ഉപദേശിയാണ് ഇഎംഎസിനെ കണ്ട് സഭ ശ്മശാനത്തിനു സ്ഥലം വാങ്ങാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചു പറഞ്ഞത്. ഇഎംഎസ് സ്ഥലം അനുവദിച്ചു. ഒപ്പം ഉപദേശിയോട് ഒരു വാചകവും പറഞ്ഞു:

– പി.ടി. പുന്നൂസിനെ വലിയ ചുടുകാട്ടിൽ കുഴിച്ചിട്ട ഞങ്ങളാണ് ഇത് അനുവദിക്കുന്നത്.

മാർത്തോമ്മാ സഭാംഗമായിരുന്ന പുന്നൂസിന് സഭാ ശ്മശാനത്തിൽ വിലക്കുണ്ടായത് ഒറ്റ വാചകത്തിൽ ഒാർമിപ്പിക്കുകയായിരുന്നു ഇഎംഎസ്. ഒടുവിൽ, ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത വിലക്കു നീക്കിയെങ്കിലും ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ മറ്റ് കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം സംസ്കരിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

തമ്പി കാക്കനാടന്റെ കാര്യത്തിലും ചരിത്രം അറിയാവുന്നവർ ഇടപെട്ട് പള്ളി ശ്‌മശാനത്തിൽ തന്നെ സംസ്കരിക്കാൻ ക്രമീകരണം ചെയ്യുമ്പോഴേക്കും ഇടതുപക്ഷ ചിന്താഗതിക്കാർ പൊതു ശ്‌മശാനത്തിൽ അടക്കാൻ മുൻകൈ എടുക്കുകയായിരുന്നു.

മാർത്തോമ്മാ സഭക്കാരല്ലാത്തവരെ മാർത്തോമ്മാ പള്ളിയുടെ സെമിത്തേരിയിൽ അടക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി മാർ ക്രിസോസ്റ്റം ഒരു സംഭവം പറ‍ഞ്ഞിട്ടുണ്ട്. ഒരിക്കൽ ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ ഒരു മൃതദേഹം പ്ളാറ്റ്ഫോമിൽ കിടക്കുന്നു. കൂടെ, രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. മൃതദേഹം അജ്ഞാതമാണ്. കുട്ടിയാണെങ്കിൽ ഒന്നും പറയാനാവാത്ത പ്രായത്തിലും. സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മാർത്തോമ്മാക്കാരിയായ വനിത അന്ന് ഇടവക വികാരിയായിരുന്ന എം.വി. ഏബ്രഹാമച്ചനോട് (പിന്നീട് സഭയുടെ തിയോളജിക്കൽ സെമിനാരിയിൽ പ്രിൻസിപ്പലായി) അക്കാര്യം  വിളിച്ചറിയിച്ചു. അപ്പോൾ ഏബ്രഹാമച്ചൻ പറഞ്ഞു: ‘ഈ മൃതദേഹത്തിന് അവകാശികൾ ആരുമില്ലെങ്കിൽ ഇതു മാർത്തോമ്മാ സഭയുടെതാണ്.’ അച്ചൻ മാർത്തോമ്മാ ശുശ്രൂഷയനുസരിച്ച് ആ മൃതദേഹം സംസ്കരിച്ചു.

കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ദൂരെയുള്ള ബന്ധുക്കൾ ഇതറി‍ഞ്ഞത്. അവർ അച്ചന് ഒരു കത്തയച്ചു. അവരുടെ ബന്ധുവിന്റെ മരണാനന്തര  ശുശ്രൂഷകളിൽ പങ്കെടുക്കാൻ കഴിയാതെ പോയതിലുള്ള ദുഃഖം കത്തിൽ രേഖപ്പെടുത്തിയിരുന്നു. ഒരു വലിയ നന്ദി കൂടി അവർ കത്തിൽ എടുത്തുപറഞ്ഞിരുന്നു, മാർത്തോമ്മാക്കാരനായ അദ്ദേഹത്തിന് മാർത്തോമ്മാ ക്രമമനുസരിച്ചുള്ള അന്ത്യകർമങ്ങൾ ചെയ്തതിലുള്ള നന്ദി.

അക്കാലത്ത് ഇടവക ബിഷപ്പായിരുന്ന മാർ ക്രിസോസ്റ്റം ഈ വിവരം അറിഞ്ഞപ്പോൾ അച്ചനെ വിളിച്ചഭിനന്ദിച്ചു. ആരോരുമില്ലാത്ത അവസ്ഥയിൽ ആ സംസ്കാരം നടത്തിയത് ഒരു ക്രിസ്തീയ പ്രവർത്തനമാണെന്നും പറഞ്ഞു.

എന്നിട്ടും തമ്പി കാക്കനാടന്റെ സംസ്കാരം പള്ളി സെമിത്തേരിയിൽ നടത്താൻ എന്തുകൊണ്ട് മാർ ക്രിസോസ്റ്റം ശ്രമിച്ചില്ല?

അതിനും അദ്ദേഹത്തിന്റെ മറുപടിയുണ്ട്:

– തമ്പി മരിച്ച കാര്യം മക്കൾ വിളിച്ചുപറഞ്ഞിരുന്നു. പക്ഷേ, ഈ തർക്കം എന്റെയടുത്ത് ആരും അപ്പോൾ പറഞ്ഞിരുന്നില്ല.

മാർ ക്രിസോസ്റ്റം വിശദീകരിക്കുന്നു:

– ജോർജ് കാക്കനാടന്റെ മകൻ തമ്പിയുടെ മൃതദേഹം പള്ളിയിൽ സംസ്‌കരിക്കുന്നതിന് എതിർപ്പുണ്ടായി എന്നറിഞ്ഞപ്പോൾ ഞാൻ ദുഃഖിച്ചു. കാരണം, കൊല്ലത്ത് മാർത്തോമ്മാ സഭയ്‌ക്ക് ആദ്യമായി ശ്‌മശാനമുണ്ടാക്കിയത് ജോർജ് കാക്കനാടന്റെ ശ്രമം കൊണ്ടാണ്. അദ്ദേഹമോ മക്കളോ സഭ വിട്ടവരുമല്ല... ഞാൻ മാർത്തോമ്മാ സഭയിൽ അംഗമായത് എന്റെ പിതാവ് മാർത്തോമ്മാക്കാരനായതുകൊണ്ടാണ്. അതുകൊണ്ട് എനിക്കു പ്രത്യേക അപേക്ഷയൊന്നും കൊടുക്കേണ്ടിവന്നില്ല. മാർത്തോമ്മാ സഭാംഗത്തിന്റെ മക്കൾ മാർത്തോമ്മാ സഭാംഗം തന്നെയാണ്. പേരു നീക്കംചെയ്തു എന്നു പ്രഖ്യാപിക്കയോ സ്വയം രാജി സമർപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം അവർ മാർത്തോമ്മാ സഭാംഗം തന്നെ.

എത്ര കൃത്യമായ വിശദീകരണം!

വായിക്കാം, ഇ - വീക്ക് ലി