ചൊൽക്കാഴ്ച‌

കടമ്മനിട്ട രാമകൃഷ്ണനെ മലയാളം ആദ്യം വായിച്ചറിയുകയായിരുന്നില്ല, സ്വന്തം ശബ്ദത്തിൽ േകട്ടറിയുകയായിരുന്നു.

അന്ന് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൊന്നും കടമ്മനിട്ടയുടെ കവിതകൾ വന്നിരുന്നില്ല. കടമ്മനിട്ടയുടെ കവിതകളൊന്നും പുസ്തകച്ചട്ടയണിഞ്ഞിരുന്നില്ല. ചൊൽക്കാഴ്ചകളിലൂടെയാണ് കടമ്മനിട്ടയെ കേരളം ആദ്യം ശ്രദ്ധിച്ചത്.

കടമ്മനിട്ടയെ സംബന്ധിച്ച് ഒരു സ്വാഭാവിക പരിണാമമായിരുന്നു അത്. മറ്റു പല കവികളെയും പോലെ അദ്ദേഹം  കവിത എഴുതുകയായിരുന്നില്ല; ചൊല്ലി ഉറപ്പിക്കുകയായിരുന്നു ആദ്യം. പിന്നീടായിരുന്നു കടലാസിലേക്കു പകർത്തുന്നത്.

പോസ്റ്റൽ ഓഡിറ്റിൽ മദ്രാസിൽ ജോലിയിലായിരുന്നപ്പോൾ എം. ഗോവിന്ദനുമായുള്ള സമ്പർക്കത്തിൽ കവിതയ്ക്കു മുറുക്കം വരുത്തിയ കടമ്മനിട്ട കേരളത്തിലേക്കു മാറ്റം കിട്ടിയശേഷം ഓഡിറ്റ് ജോലികൾക്കു കോഴിക്കോട്ടു വന്നു തുടങ്ങിയത് 1970കളുടെ ആദ്യമാണ്. കോഴിക്കോട്ടെ ഒരു പ്രസ്ഥാനമായ ചെലവൂൺ വേണുവിനു കോഴിക്കോട്ടു ബീച്ചിൽ സിറ്റി കോർപറേഷൻ ഓഫിസിനു സമീപമുള്ള അലങ്കാർ ലോഡ്ജിൽ അന്ന് ഒരു ഓഫിസുണ്ടായിരുന്നു. വേണു കേരളത്തിലാദ്യത്തെ മനഃശാസ്ത്ര മാസികകളിലൊന്നായ സൈക്കോ പ്രസിദ്ധീകരിച്ചിരുന്നത് അവിടെനിന്നാണ്. പിന്നെ അവിടെനിന്നു വേണുവിന്റേതായി എത്രയോ പ്രസിദ്ധീകരണങ്ങൾ!

വെറുമൊരു മാസികാ ഓഫിസായിരുന്നില്ല അത്. പലതരം കൂട്ടായ്മകളുടെയും വായ്ത്താരികളുടെയും വേദി കൂടി ആയിരുന്നു. ജോൺ‍ ഏബ്രഹാം, പവി, ബക്കർ, അരവിന്ദൻ തുടങ്ങി എത്രയോ പേർ സന്ധ്യാവന്ദനത്തിനായി അവിടെ എത്തുമായിരുന്നു. കോഴിക്കോട്ടു വന്നുപോകുന്ന പലരുടെയും ഇടത്താവളമായിരുന്നു ആ തട്ടിൻപുറം. കാഴ്ചക്കാരായും മറ്റും ഏതാനും യുവജന നേതാക്കളും പത്രക്കാരും എത്തും. തിന്നാനുള്ളത് ചിലർ‍ കൊണ്ടുവരും. ചിലർ കുടിക്കാനുള്ളതും. 

ആ സൈക്കോ തെറപ്പിയുടെ ഗുണവും മണവും കടമ്മനിട്ടയെയും അങ്ങോട്ടടുപ്പിച്ചു. രാവേറെച്ചെല്ലുന്നതുവരെ തന്റെ മുഴക്കമുള്ള ശബ്ദത്തിൽ കടമ്മനിട്ട ആ സുഹൃത്തുക്കൾക്കുവേണ്ടി കവിത ചൊല്ലി. കടമ്മനിട്ടയെ സംബന്ധിച്ച് അതു സ്വന്തം നാട്ടിലെ പടയണിയുടെ തുടർച്ചയായിരുന്നു.

ആ തട്ടിൻപുറത്തങ്ങനെ കവിതയും നാട്ടുവർത്തമാനങ്ങളും കൊറിച്ചിരുന്ന 1970 ലെ ഒരു രാത്രിയിലാണു കടമ്മനിട്ടയുടെ കാവ്യാലാപനം ഒരു പൊതുവേദിയിൽ അവതരിപ്പിച്ചാലെന്താ എന്ന ആശയം വന്നത്. ഗുരുവായൂരപ്പൻ കോളജ് യൂണിയൻ എ. സുജനപാൽ (പിന്നീട് സംസ്ഥാന മന്ത്രി) അതു പറഞ്ഞു തീരും മുൻപ് എല്ലാവരും കൈയടിച്ചു പാസാക്കി. പക്ഷേ, അതിനു വേണ്ട സാമ്പത്തികം ആരുടെ കൈയിലും ഇല്ലാതിരുന്നതിനാൽ ഒന്നും സംഭവിച്ചില്ല.

പിന്നീട് വി. രാജഗോപാൽ കാലിക്കറ്റ് സർവകലാശാലാ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്നപ്പോൾ യൂണിവേഴ്സിറ്റി യൂണിയനെ സഹകരിപ്പിച്ചാണ് സാമ്പത്തികം ശരിയാക്കിയത്. കടമ്മനിട്ടയുടെ ‘കാവ്യസന്ധ്യ’ എന്നായിരുന്നു ടൗൺ ഹാളിൽ നടത്തിയ ആ പരിപാടിയുടെ പേര്. 1974 ൽ ആയിരുന്നു ഇതെന്നാണ് ചെലവൂർ വേണുവിന്റെ ഓർമ.

തികച്ചും വ്യത്യസ്തമായ ഈ പരിപാടിക്കു പത്രങ്ങൾ വ്യാപകമായ പ്രചാരം നൽകി. അതുവരെ ലിറ്റിൽ മാഗസിനുകളുടെ പരിമിതവൃത്തത്തിൽ ഒതുങ്ങിനിന്നിരുന്ന കടമ്മനിട്ട ഒരു ജനകീയ താരമായി ഉയരാൻ പിന്നെ വൈകിയില്ല.

അതോടെ നാടുനീളെ കടമ്മനിട്ടയുടെ കവിയരങ്ങുകളുടെ കാലമായി. ‘കാട്ടാളനും’ ‘കുറത്തി’യും ‘കോഴി’യും ‘ശാന്ത’യുമൊക്കെ സാധാരണക്കാരുടെ ചുണ്ടുകളിലും തമ്പടിച്ചു തുടങ്ങി.

രണ്ടു കൈയിലും തീപ്പന്തവുമായി ഇരുട്ടിൽ കടമ്മനിട്ട വേദിയിലേക്കു വന്ന് ‘കാട്ടാളൻ’ ചെല്ലുന്നതും അതിനു ‘ചൊൽക്കാഴ്ച’ എന്നു പേരുവീഴുന്നതും തിരുവനന്തപുരത്തുവച്ചാണ്. വിയറ്റ്നാം യുദ്ധവിരുദ്ധതരംഗവും ഹിപ്പി സംസ്കാരവും സിനിമയിൽ ‘അണ്ടർ ഗ്രൗണ്ടും’ കലാരംഗത്ത് ‘ഹാപ്പനിങ്ങും’ അരങ്ങു തകർക്കുന്ന കാലത്ത് അമേരിക്ക സന്ദർശിക്കാനിടയായ അടൂർ ഗോപാലകൃഷ്ണനാണ് അതിനു നിമിത്തമായത്. തിരിച്ചുവന്ന അടൂർ കടമ്മനിട്ടയോടും ഡോ. അയ്യപ്പപ്പണിക്കരോടും സമാന അഭിരുചികളുള്ള ചില സുഹൃത്തുക്കളോടും ആലോചിച്ച് കവിതയുടെ ഒരു ഓഡിയോ വിഷ്വൽ അവതരണത്തെക്കുറിച്ച്. പ്രത്യേകരീതിയിലുള്ള ദീപവൽക്കരണവും വ്യത്യസ്തമായ രംഗസജ്ജീകരണങ്ങളും അനുയോജ്യമായ ശബ്ദ–ദൃശ്യപശ്ചാത്തലവുമൊക്കെയുള്ള ഒരു പരിപാടിയായിരുന്നു അടൂരിന്റെ മനസ്സിൽ. പ്രതികരണം പൊതുവേ‌ ആവേശകരമാണെന്നു കണ്ടപ്പോൾ ഇതിനു മലയാളത്തിൽ നല്ലൊരു പേരു വേണമെന്ന് അടൂർ നിർബന്ധംപിടിച്ചു. ‘ചൊൽക്കാഴ്ച’ എന്നു പിറ്റേന്ന് അയ്യപ്പപ്പണിക്കർ പറഞ്ഞപ്പോൾ ഒന്നാന്തരമെന്ന് എല്ലാവരും കൈയടിച്ചു.

ചൊല്ലി അവതരിപ്പിക്കുക എന്ന അർഥത്തിൽ ‘ചൊൽക്കാഴ്ച’ എന്ന വാക്കു‌ പണ്ടേ മലയാളത്തിലുണ്ടായിരുന്നു. മറവിയിലാണ്ടുകിടന്ന ആ വാക്ക് അയ്യപ്പപ്പണിക്കർ പൊടി തട്ടിയെടുക്കുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ കവികളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് അയ്യപ്പപ്പണിക്കർ, കാവാലം, അരവിന്ദൻ തുടങ്ങിയവരുടെ ഉത്സാഹത്തിൽ ഒരു ചൊൽക്കാഴ്ട നടന്നതിനെപ്പറ്റി സേതു എഴുതിയിട്ടുണ്ട്. വേറിട്ടൊരു അനുഭവമായിരുന്നു അതെന്നും കടമ്മനിട്ടയുടെ ‘ശാന്ത’ ആദ്യമായി അവതരിപ്പിച്ചത് ആ വേദിയിലായിരുന്നെന്നും സേതു എഴുതുന്നു.

കടമ്മനിട്ടയെ ആദ്യം കണ്ട ആ രംഗം സുഗതകുമാരി വിവരിക്കുന്നുണ്ട്: ‘‘അന്ധകാരം നിറഞ്ഞ ഒരു വേദി. കാണികളും ഇരുട്ടിൽ. കൊളുത്തിയ പന്തം ഉയർത്തിപ്പിടിച്ചുകൊണ്ടു പരുക്കനായ ഒരു കറുത്ത മനുഷ്യൻ കയറിവന്നു. ഒരു കാവി മുണ്ടു മാത്രം ഉടുത്ത, നഗ്നമായ മാറിടവുമായി കൈയിലെ പന്തത്തിന്റെ വെളിച്ചത്തിൽ നിവർന്നുനിന്ന് ഉറക്കെ പാടുന്നു: ‘നെഞ്ഞത്തൊരു പന്തം കുത്തിവരുന്നു, കാട്ടാളൻ,’ ഇടിമുഴക്കത്തിന്റെ ആഴവും കനവുമുണ്ടായിരുന്നു ആ ശബ്ദത്തിനും വാക്കുകൾക്കും. ചൊൽക്കാഴ്ച അങ്ങനെ തിരുവനന്തപുരത്തു പിറന്നു വീണു.’’

എല്ലായിടത്തും പോയി കവിത ചൊല്ലാൻ കഴിയാത്തത്ര തിരക്ക് കടമ്മനിട്ടയ്ക്കുണ്ടായപ്പോഴാണു പകരക്കാരുണ്ടായത്. ചലച്ചിത്രനടൻ മുരളിയായിരുന്നു അതിലൊരാൾ.

ചിലയിടത്ത് ഒരേ കവിത ഒന്നിലേറെ തവണ ചൊല്ലേണ്ടി വരാറുണ്ടായിരുന്നെന്ന് കടമ്മനിട്ടയുടെ ഭാര്യ ശാന്ത പറഞ്ഞിട്ടുണ്ട്. ‘‘രണ്ടരയോ മൂന്നോ മണിക്കൂറാകും ചിലപ്പോൾ പരിപാടി. അപ്പോഴും ആൾക്കാർ വന്നുകൊണ്ടിരിക്കും. തൊണ്ട പൊട്ടുമാറുച്ചത്തിലായിരിക്കും കവിത ചൊല്ലുക. ഇടയ്ക്കിടെ സ്റ്റീൽ ഗ്ലാസിൽ ആരാധകർ ചുക്കുകാപ്പി കൊണ്ടുകൊടുക്കും. ചിലപ്പോൾ ജീരകവെള്ളം ഇതൊന്നുമല്ല വാങ്ങിക്കുടിച്ചതെന്നു പിന്നീടാണറിയുക.’’ എന്ന് ‘കൊച്ചാട്ടൻ’ എന്ന പുസ്തകത്തിൽ ശാന്ത എഴുതി. 

മറ്റു കവികളിൽ ഏറ്റവും കൂടുതൽ ചൊൽക്കാഴ്ച നടത്തിയിട്ടുള്ളതു കടമ്മനിട്ടയെപ്പോലെ ശബ്ദഗാംഭീര്യം കൊണ്ട് അനുഗൃഹീതനായ ബാലചന്ദ്രൻ ചുള്ളിക്കാടാണെന്നു തോന്നുന്നു. ആ വഴിക്കു താൻ തിരിയാൻ കാരണമെന്തെന്നു ചുള്ളിക്കാടു പറയുന്നുണ്ട്. ‘‘ആധുനിക കവിതകൾ പ്രസിദ്ധീകരിച്ചിരുന്ന എം. ഗോവിന്ദന്റെ സമീക്ഷയും അയ്യപ്പപ്പണിക്കരുടെ ‘കേരള കവിത’യും പോലുള്ള പ്രസിദ്ധീകരണങ്ങളിൽ പോലും എന്റെ കവിതകൾ സ്വീകരിക്കപ്പെട്ടില്ല. അക്കാലത്തു ഞാൻ കവിതകൾ സുഹൃത്തുക്കളെ ചൊല്ലിക്കേൾപ്പിക്കുമായിരുന്നു. കോളജ് ഹോസ്റ്റലുകളിലൊക്കെച്ചെന്ന് വിദ്യാർഥികളുടെ സദസ്സിൽ കവിത ചൊല്ലും. അക്കാലത്ത് ചുറ്റിലുള്ള മനുഷ്യരിലേക്ക് എന്റെ കവിതയെത്തിക്കാൻ എനിക്കു വേറെ വഴികളില്ലായിരുന്നു.’’

ഇതിൽനിന്നൊക്കെ വ്യത്യസ്തനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ. സ്വന്തം കവിത നിവൃത്തിയുള്ളിടത്തോളം ആരെയും ചൊല്ലിക്കേൾപ്പിക്കാറില്ലെന്നും ആരെങ്കിലും തന്റെ കവിത ചൊല്ലിക്കേൾക്കുന്നതു സഹിക്കാനാവുമായിരുന്നില്ലെന്നും ‘കാവ്യലോകസ്മരണകളി’ൽ വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ട്. ‘‘ഇന്നും ആരെങ്കിലും എന്റെ കവിത ഉറക്കെ വായിച്ചു തുടങ്ങിയാൽ ഞാൻ ആ സ്ഥലത്തു നിന്നു കടന്നു കളയും’’ എന്നദ്ദേഹം എഴുതി.