മഞ്ജിമയുടെ അച്ഛൻ, ശ്രീമയിയുടെ അമ്മ

പാർവതിയുടെ ഉറക്കം മേശപ്പുറത്തെ ചില്ലുകുപ്പിയിലെ ചെറിയ ചെറിയ ക്യാപ്സ്യൂളുകളായി മുറിയാൻ തുടങ്ങിയതോടെയാണ് രഞ്ജിത് അവളെയും കൂട്ടി ഡോക്ടറെ കാണാൻ പോയത്.

പാർവതി പറഞ്ഞു..  കുറെ നാളായി ഉറക്കം വലിയൊരു തലവേദനയാണ് ഡോക്ടർ. 

ഡോക്ടറുടെ മുന്നിലെ മേശമേൽ തലവേദന എന്ന് നാലു ഭാഷകളിൽ എഴുതിയ ഒരു സ്ഫടിക ഗോളം വച്ചിരുന്നു. അദ്ദേഹം ഇടയ്ക്കിടെ അതെടുത്ത് ഒരു ആചാരം പോലെ തിരിച്ചു കൊണ്ടിരുന്നു.

ആ കാഴ്ചയും അതുണ്ടാക്കുന്ന ഈർച്ചവാളിന്റെ കിരുകിരു ശബ്ദവും അവളെ വല്ലാതെ അസ്വസ്ഥയാക്കി. ഓരോ തവണയും ആ സ്ഫടിക ഗോളത്തിനൊപ്പം തന്റെ തലയും ഇങ്ങനെ തിരിയുന്നതുപോലെ അവൾക്ക് തോന്നി.

പാർവതി പറഞ്ഞു.. എങ്ങനെയെങ്കിലും ഉറങ്ങിയാലോ.. പിന്നെ കുറെ സ്വപ്നങ്ങളുടെ വരവാണ്.  ഇന്നലെ കണ്ടത് ഒരു വലിയ ചാമ്പമരത്തിൽ നിന്ന് ചാമ്പയ്ക്ക കൊഴിഞ്ഞു വീഴുന്നതാണ്. ഞെട്ടറ്റ് അടരുമ്പോൾ അതിനു വെളുത്ത നിറം.  താഴെ വന്നു വീണതോടെ അത് രക്തത്തിന്റെ നിറമായി.

കുറച്ചു നാളായി പാർവതിയുടെ ഉറക്കം ഇങ്ങനെ കഷണങ്ങളാണ്. രാത്രിയിൽ അവളുടെ ഉറക്കത്തിനു കുറുകെയുള്ള അയയിൽ ആരോ ഒരു വെളുത്ത മുണ്ട് വിരിക്കുന്നു. അതിൽ സ്വപ്നങ്ങൾ തെളിയാൻ തുടങ്ങുന്നു.  എല്ലാ ദിവസവും ചാമ്പയ്ക്കകളല്ല. ചിലപ്പോൾ ചെമ്പകപ്പൂക്കൾ,  കണ്ണിമാങ്ങകൾ. ഒരു തവണ ആകാശത്തു നിന്ന് ഒരു വെളുത്ത തോർത്ത്.. ഇങ്ങനെ ഓരോന്നായി പൊഴിയുകയാണ്. 

സ്വപ്നം തീരുന്നതോടെ അവൾ ഉണരും. അരികിൽ കിടന്നുറങ്ങുന്ന രഞ്ജിത്തിനെ ഉണർത്താതെ മെല്ലെ എഴുന്നേറ്റ് വെള്ളം കുടിച്ചിട്ട് ബെഡ്റൂമിന്റെ തുറന്ന ജനാല തുറന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കും.

ഡോക്ടർ പറ‍ഞ്ഞു...  പഴയ സംഭവങ്ങൾ നിങ്ങളുടെ മനസ്സിൽ ഇപ്പോഴും മാഞ്ഞു പോകാതെ നിൽക്കുന്നുണ്ട്.  പാർവതി എത്രയും വേഗം പ്രഗ്നന്റാവാൻ നോക്കൂ. അതേയുള്ളൂ വഴി.

രഞ്ജിത് ചമ്മലോടെ പറഞ്ഞു.. അതത്ര എളുപ്പമല്ല ഡോക്ടർ.

തലവേദന എന്നെഴുതിയ സ്ഫടിക ഗോളത്തിലേക്കാണ് രഞ്ജിത്തിന്റെ നോട്ടമെന്ന് കണ്ട് ഡോക്ടർ അതെടുത്ത് മേശയ്ക്കുള്ളിൽ വച്ചു. ഒരു പുരുഷനും സ്ത്രീയും പരസ്പരം നോക്കി നിൽക്കുന്ന മൊണ്ടാഷ് ചിത്രമുള്ള മറ്റൊരു പേപ്പർ വെയ്റ്റ് എടുത്ത് മേശപ്പുറത്തു വച്ചു. എന്നിട്ടു പറ‍ഞ്ഞു..  ഇനിയുള്ള കാര്യം നിങ്ങളാണ് ചെയ്യേണ്ടത്.  കിടപ്പുമുറിയിൽ നിന്ന് ആദ്യത്തെ കുട്ടിയുടെ ഫോട്ടോ എടുത്തുമാറ്റണം. കാവിന്റെ മുറ്റത്തേക്കു തുറക്കുന്ന ജനാലയുള്ള ബെഡ്റൂമിൽ നിന്നു മാറി കിടക്കുന്നതും നല്ലതാണ്.

രഞ്ജിത് യെസ് എന്ന മട്ടിൽ തലകുലുക്കി.

ഡോക്ടർ ചോദിച്ചു..  അന്നത്തെ ആ തൂക്കക്കാരൻ ഇപ്പോൾ എവിടെയുണ്ട് ?

ചുവന്ന പട്ടുടുത്ത്, അരമണി കെട്ടി, കച്ചമുറുക്കി തൂക്കക്കാരൻ ശ്രീധരേട്ടൻ‌ ഒരുങ്ങി.  കാവിലെ വെളിച്ചപ്പാടാണ് ശ്രീധരേട്ടൻ.  നിൽക്കുമ്പോഴും നടക്കുമ്പോഴും  ഒക്കെ ഒരാട്ടമുണ്ട് അയാളുടെ ഉടലിന്.  കാറ്റിലാടുന്ന പയ്യാനിമരം പോലെ നീണ്ടു മെലിഞ്ഞ്...  മഞ്ഞൾ വെള്ളത്തിൽ കുളിച്ച് ഉടലും മുടിയുമൊക്കെ മുള്ളൻപന്നിയുടേതുപോലെ തോന്നും.

ശ്രീധരേട്ടൻ സ്വയം പരിചയപ്പെടുത്തുന്നത് ദേവി എന്നാണ്.

രാവിലെ കവലയിലെ ചായക്കടയിൽ ചെല്ലുമ്പോൾ‌ എന്താ ശ്രീധരേട്ടാ രാവിലെ എന്ന് ആരെങ്കിലും ചോദിച്ചാൽ..  ദേവിക്ക് കുളി കഴിഞ്ഞാൽ ഒരു ചായ കുടിക്കണം, പിന്നെ ഒരു സിഗററ്റും വലിക്കണം  എന്നായിരിക്കും ഉത്തരം. 

കാവിലെ പൂരത്തിന് പ്രധാനം ശ്രീധരേട്ടന്റെ തൂക്കമാണ്.

  

ക്ഷേത്രമൈതാനത്തിനു കിഴക്കെ ആൽത്തറയുടെ അരികിൽ രണ്ടു വലിയ തടിച്ചക്രങ്ങളിൽ ഉറപ്പിച്ച ഒരു വണ്ടി.  അതാണ് തൂക്കത്തിനുള്ള ചാട്. അതിന്റെ ഒത്ത നടുവിൽ പീരങ്കി പോലെ ആകാശത്തേക്ക് ഒരു തടിച്ച ദണ്ഡ്. അതിന്റെ അറ്റത്ത്  കൊളുത്ത്. ആകാശത്തോളം ഉയരത്തിൽ ഈ കൊളുത്തിൽ ശ്രീധരേട്ടൻ‌ ഒരു പറവയെപ്പോലെ തൂങ്ങിക്കിടക്കും. അതാണ് തൂക്കം വഴിപാട്.  മീനമാസത്തിലെ ഭരണി നാളിൽ രാത്രിയിലാണ് ആഘോഷം.  നാടൊന്നിച്ച് കാവിലെത്തുന്ന ദിവസം. പാട്ട്, പ്രാർഥന, പാന, പാനീയം ഇതാണ് കാവിലെ ഉൽസവം !

ആദ്യത്തെ തൂക്കം വഴിപാട് പാർവതിയുടേതാണ്. രഞ്ജിത്തുമായുള്ള വിവാഹം കഴിഞ്ഞിട്ടും കുഞ്ഞുണ്ടാവാൻ വൈകിയപ്പോഴാണ് തൂക്കം വഴിപാട് നേർന്നത്. വെറും തൂക്കമല്ല, ഒരു വയസ്സുള്ള കുഞ്ഞിനെയും കൈയിലെടുത്തുള്ള ശ്രീധരേട്ടന്റെ ഇരട്ടത്തൂക്കം.

അരയിലും നെഞ്ചിലും പുത്തൻ കച്ചത്തുണികൾ കൊണ്ടു കെട്ടിമുറുക്കി അത് തൂക്കച്ചാടിന്റെ കൊമ്പിലെ കൊളുത്തിൽ കുരുക്കിയിട്ട് ശ്രീധരേട്ടൻ‌ പാർവതിയുടെ നേരെ കൈനീട്ടി..  കുഞ്ഞിനെ ദേവിയെ ഏൽപ്പിച്ചോളൂ... ദേവി കാത്തോളും...

ഒരു വയസ്സുള്ള മഞ്ജിമയെ പാർവതി ശ്രീധരേട്ടന്റെ കൈയിൽ ഏൽപ്പിച്ചു തൊഴുതു. രഞ്ജിത് പ്രാർഥനയോടെ നോക്കിനിന്നു.

ചുറ്റുംനിന്നവർ കൈകൊട്ടി താളമിട്ടു ഭഗവതിയെ സ്തുതിച്ചു പാടി. 

ചെമ്പൊന്നിൻ പുറവടിവ് വിരലോ കൈ തൊഴുന്നേൻ..

തുമ്പിക്കൈ  വടിവൊത്ത തിരുത്തുട തൊഴുന്നേൻ.. 

തുകിൽ പട്ടിൽ പുറമേ പട്ടുടയാട തൊഴുന്നേൻ..

മേരുക്കുന്നിനെ വെല്ലും മുല രണ്ടും തൊഴുന്നേൻ..

ആൾക്കൂട്ടം ആർപ്പുവിളിച്ചു. ചെണ്ടമേളത്തിന്റെ പെരുക്കത്തിനൊപ്പം അമ്പലപ്പറമ്പ് നൃത്തം ചവിട്ടി.  തൂക്കച്ചാടിന്റെ ദണ്ഡ് ഉയർന്നു. കുഞ്ഞിനെയും കൈയിലെടുത്ത് ശ്രീധരേട്ടൻ ആകാശത്തു  പറന്നു നിന്നു. 

പാർവതി മുഖമുയർത്തി നോക്കി.. ആകാശത്ത് അമ്പിളി പോലെ കുഞ്ഞിക്കാൽ ഇളക്കി മഞ്ജിമ പുഞ്ചിരി തൂകി. അനന്തകോടി നക്ഷത്രങ്ങൾ സാക്ഷി ! ദൈവത്തിന്റെ താരാട്ടായി കുഞ്ഞിളംകാറ്റുവീശി !

ഭഗവതിയുടെ പൊന്നുണ്ണീ.. നിന്നെ ഞാൻ കൺനിറയെ കണ്ടോട്ടെയെന്നു പറഞ്ഞ് ആ അമ്മ ആകാശത്തക്കു നോക്കി കൈവീശി.

ആൾക്കൂട്ടം ആയിരം കൈകൾ കൊണ്ട് തൂക്കച്ചാടിന്റെ കയറും വലിച്ച് മുന്നോട്ടാഞ്ഞു. തൂക്കച്ചാട് തിരമാലകളിൽപ്പെട്ട കപ്പൽ പോലെ ഇളകി. ശ്രീധരേട്ടന്റെ കൈയിൽ നിന്നു വഴുതി കൊമ്പിൻ തുഞ്ചത്തെ ഇളംപൂവ് ഞെട്ടറ്റു നിലത്തേക്കു വീണു.

ജനക്കൂട്ടം അലമുറയോടെ ഒരു ചുവന്ന ബിന്ദുവിലേക്ക് ഓടിയടുക്കുന്ന കാഴ്ച ആകാശത്തു നിന്ന് ശ്രീധരേട്ടൻ കണ്ടു. ശൂന്യമായ കൈകൾ കൊണ്ട് അയാൾ കണ്ണുപൊത്തി.  കമ്പിപോലുള്ള മുടിയിഴകൾ വലിച്ചു പറിച്ച് അയാൾ ഉറക്കെ വിളിച്ചു.. ദേവീ...

അവ്യക്തമായ ശബ്ദങ്ങൾ കാക്കക്കൂട്ടങ്ങൾ പോലെ പറന്നുയർന്നു. പിന്നെ കരച്ചിലുകളിൽ കുതിർന്ന് നിലത്തു വീണു. 

ജനക്കൂട്ടം വാർന്നുപോയ അമ്പലമുറ്റത്ത് ശ്രീധരേട്ടനെ തൂക്കച്ചാടിൽ നിന്നു താഴെയിറക്കാൻ ആരുമുണ്ടായില്ല.  അയാൾ ആ രാത്രി മുഴുവൻ ആകാശത്ത് തൂങ്ങിക്കിടന്നു.  ആർ‌ക്കുംവേണ്ടാത്ത വാക്കുപോലെ..

വ്യാഖ്യാനങ്ങൾ പലതുണ്ടായി.

ഒരു സുരക്ഷയുമില്ലാതെ പിഞ്ചുകുഞ്ഞിനെ പന്ത്രണ്ടടിയോളം ഉയരമുള്ള തൂക്കച്ചാടിൽ ഒരു വയസ്സന്റെ കൈയിൽ ഏൽപ്പിച്ചത് തെറ്റ്.

കുഞ്ഞിനെ എടുക്കുമ്പോൾ ശ്രീധരേട്ടന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾ മദ്യപിച്ചിരുന്നുവെന്ന് ഒരു കൂട്ടർ. അല്ല, അയാൾക്ക് പാർക്കിൻസൺസാണെന്ന് മറ്റൊരു കൂട്ടർ. 

ശ്രീധരേട്ടന്റെ കൈയിൽ‌നിന്നു വീണ് മഞ്ജിമ മരിച്ചതിന്റെ മൂന്നാം ദിവസം അമ്പലക്കുളത്തിൽ അയാളുടെ ജഡം പൊങ്ങി.

രഞ്ജിത് ഡോക്ടറോടു പറഞ്ഞു..  ഇപ്പോൾ.. ശ്രീധരേട്ടന്റെ മരുമകൻ ബാലചന്ദ്രനാണ് തൂക്കം കലാകാരൻ.

ബാലചന്ദ്രൻ ചെറുപ്പമാണ്. തൂക്കച്ചാടിന്റെ തുഞ്ചത്തുനിന്നു കാണുന്ന ആകാശക്കാഴ്ചകളെപ്പറ്റി അയാളെഴുതിയ ലേഖനം ഏതോ ഞായറാഴ്ചപ്പതിപ്പിൽ വന്നത് ഈയിടെയാണ്.  അമ്പലപ്പറമ്പിലെ ആൾക്കൂട്ടം മുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന നോട്ടുകളും നാണയങ്ങളും പറന്നു വന്ന് കൈകൊണ്ട് പിടിച്ചെടുക്കാൻ അയാൾ വിരുതനാണ്.  തിരിച്ച് ആൾക്കൂട്ടത്തിലേക്ക് ചെത്തിപ്പൂക്കളും കൽക്കണ്ടവും വാരിവിതറും. 

പാർവതിയുടെ രണ്ടാമത്തെ കുഞ്ഞ് ശ്രീമയിക്ക് ഇപ്പോൾ ഒന്നര വയസ്സ്.

ഇന്ന് അശ്വതി, നാളെ കാവിൽ വീണ്ടും പൂരം. അന്നത്തേതു പോലെ ഇത്തവണയും ആദ്യത്തെ തൂക്കം വഴിപാട് പാർവതിയുടേതാണ്. 

പൂരത്തലേന്നു രാത്രിയിൽ രഞ്ജിത് പാർവതിയോടു പറഞ്ഞു.. നിന്റെ മനസ്സ് എനിക്ക് പിടികിട്ടുന്നില്ല.   ശ്രീമയിക്കു പകരം പൂജിച്ച ഒരു പാവയെ കൈയിൽ കൊടുത്താലും മതി. വഴിപാട് അങ്ങനെയും നടത്താമെന്ന് ആചാരം പറയുന്നുണ്ട്. 

രഞ്ജിത് പിന്നെയും പറഞ്ഞു.. എല്ലാവരും ചോദിക്കുന്നുണ്ട്. പിന്നെയും അതേ വഴിപാട് നേരാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ?

അരികിൽ ഉറങ്ങുന്ന ശ്രീമയിയെ നോക്കി പാർവതി രഞ്ജിത്തിനോടു ചോദിച്ചു...  ആരെയാണ് പേടി ?  എന്നെയോ ഇവളെയോ അതോ ഭഗവതിയെയോ ?

ഉൽസവത്തിനൊരുങ്ങുന്ന കാവിലേക്കു നോക്കി നിൽക്കുകയായിരുന്നു പാർവതി. 

അമ്പലപ്പറമ്പിനും ആൽമരത്തിനും മീതെ രാത്രിയുടെ തൂക്കച്ചാടിന്റെ തുമ്പത്ത് ആരോ കൊളുത്തിയിട്ടതുപോലെ നിലാവിന്റെ പൂവിരിഞ്ഞു നിന്നു.