Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളി കാണും നേരം.. !

വിനോദ് നായർ
kuli-kanum-neram

ഈ ഇടവഴിയിൽ വച്ച് നിനക്ക് ഞാനൊരു കുഞ്ഞുമ്മ തന്നോട്ടെ ?

പവിത്ര ചോദിച്ചു.. എവിടെ തരാനാണ് നിന്റെ ഉദ്ദേശം ?

വിരലിൽ..

കാലിലെ വിരലാണോ ? ഞാൻ ഷൂസിട്ടുണ്ട്. ലേസ് നീ അഴിക്കുന്നതിനു കുഴപ്പമില്ല. പിന്നെ കെട്ടിത്തരേണ്ടി വരും.

ഇതായിരുന്നു പവിത്ര !

ഈ അവധിക്കാലത്ത് അവൾ വീണ്ടും വരുന്നുണ്ട്. സാൻഫ്രാൻസിസ്കോയിൽ നിന്ന് അരീപ്പറമ്പിലേക്ക്..

കഴിഞ്ഞ തവണ വന്നപ്പോഴായിരുന്നു ഈ സംഭവം. വെയിലും നിഴലും ചെറിയ ചെറിയ കഷണങ്ങളായി കീറി ഉണക്കാനിട്ട തഴപ്പായ പോലെ തോന്നും അമ്പലത്തിന്റെ പിന്നിലെ ആ നീണ്ട ഇടവഴി. ഉച്ചനേരത്ത് ആളനക്കം കുറവാണ്. വല്ല നീർക്കോലിയോ ഉപ്പനോ വെപ്രാളം പിടിച്ച് കരിയിലയിലൂടെ ഓടുന്ന ഓന്തുകളോ കണ്ടാലായി. 

ആ ഇടവഴിയിൽ വച്ച്  നിരഞ്ജന് ഉമ്മ വയ്ക്കാനായി പവിത്ര വലതു കാൽ ഒതുക്കു കല്ലിലേക്ക് ഉയർത്തിച്ചവിട്ടി. 

ഷൂസും ലേസും കടന്ന്, ഇതുവരെ വെയിലടിക്കാത്ത കുഞ്ഞുങ്ങളുടെ വയർപോലെ തോന്നിക്കുന്ന അവളുടെ കാൽത്തണ്ട വരെ നടന്നു ചെന്ന് ഉമ്മ വയ്ക്കാൻ ഉള്ളിലൊരു ചമ്മൽ തോന്നിയെങ്കിലും അവനത് പുറത്തു കാണിച്ചില്ല. 

സംഭവം കഴിഞ്ഞിട്ട് അവനതിന്റെ ചമ്മൽ തീർക്കാൻ പറഞ്ഞു..  ഇത്രയും നെയ്ൽ പോളിഷ് ഇടരുത്. ബോറാ,  പെയിന്റിങുകാരൻ മതിലിൽ പുട്ടിയിട്ടത് പോലെയുണ്ട്.

ഡാ, അത് നെയ്ൽ പോളിഷ് അല്ല, വളംകടിക്കുള്ള ഓയിന്റ്മെന്റാ.. നീയെന്തിനാ ടേസ്റ്റ് ചെയ്തെ.. ! 

അതോടെ അവന്റെ ഉള്ളിൽ നിന്നൊരു സോഡാ പൊട്ടി ഗ്വാ ഗ്വാ പുറത്തു ചാടിയതും അവൾ ഹാ ഹാ എന്നു ചിരിക്കാൻ തുടങ്ങി.

കഴിഞ്ഞ തവണ വന്നപ്പോഴാണ് അവൾ നിരഞ്ജന്റെ കുളിസീൻ ഷൂട്ട് ചെയ്തതും. 

ഒരു ദിവസം പതിവുപോലെ രാവിലെ മടിപിടിച്ച് മുട്ടിൽ താടി മുട്ടിച്ച് ഇരിക്കുമ്പോഴാണ് അവൾ നിരഞ്ജന്റെ ചെവിയിൽ ഒരു രഹസ്യം പോലെ ചോദിച്ചത്..  നീ കുളിക്കുന്നത് എനിക്ക്  കാണാൻ പറ്റുവോ?

അയ്യേ.. ! 

പവിത്ര ചിരിച്ചു.. നീ ഉദ്ദേശിക്കുന്ന തരത്തിലല്ല.. 

നിരഞ്ജൻ പറ‍ഞ്ഞു..  കുളിമുറിയിൽ പെൺകുട്ടികൾ കയറുന്നത് ശരിയാവില്ല.  ഞാൻ കുളിക്കുന്നതിനിടെ പല ഭ്രാന്തും കാണിക്കും. ചിലപ്പോൾ മോദിയെപ്പോലെ ഇങ്ങനെ യോഗയൊക്കെ ചെയ്യും.  ചിലപ്പോൾ പിണറായി വിജയൻ ആണെന്നു വിചാരിച്ച് താത്വികമായാണ് കുളിക്കുന്നത്. രമേശ് ചെന്നിത്തലയെപ്പോലെ കവിളുകൾ തുടുക്കണേ എന്നു വിചാരിച്ചു കുറെത്തവണ മുഖത്തു സോപ്പു ജെൽ തേക്കും.. ഇതൊക്കെ മറ്റൊരാൾ കണ്ടാൽ ശരിയാവില്ല.. ഒരു പെണ്ണ് മുറിയിൽ ഉണ്ടെങ്കിൽ എനിക്കു കുളി വരില്ല. 

പവിത്രയ്ക്ക് അതോടെ അവേശമായി.. ഇത്രയും ചെയ്താൽ മതി. എനിക്ക് അതൊന്നു ഷൂട്ട് ചെയ്യാനാ.. 

പറ്റില്ലെന്നു വീണ്ടും പറഞ്ഞപ്പോൾ അവൾ കടത്തി വെട്ടി... നിനക്കു ചമ്മലാണേൽ നല്ല ബോ‍ഡിയൊക്കെയുള്ള വേറൊരാളെ നീ അറേഞ്ച് ചെയ്ത്. അവനെ വച്ച് ഞാൻ ഷൂട്ട് ചെയ്തോളാം..

അതെന്തായാലും വേണ്ടെന്ന് നിരഞ്ജൻ മനസ്സിൽ പറഞ്ഞു. അരീപ്പറമ്പിൽ ഏറ്റവും നല്ല ബോഡി ഷേയ്പ്പുള്ള ആൾ ജിംനേഷ്യം നടത്തുന്ന കോബ്രാ സാബുവാണ്. അവൻ ഒരു തോർത്ത് മുണ്ടൊക്കെയുടുത്ത് തുട മുഴുവൻ എണ്ണ പുരട്ടി പവിത്രയുടെ മുന്നിൽ നിന്നു കുളിക്കുന്നത് എന്തായാലും ശരിയാവില്ല. ശരപഞ്ജരത്തിലെ ജയനെ നിരഞ്ജന് ഓർമ വന്നു. അതു വേണ്ട !

അതോടെ നിരഞ്ജൻ സ്വന്തം പിടിവാശിയുടെ മേൽ എണ്ണ പുരട്ടിയിട്ട് ബലംപിടുത്തത്തിന്മേൽ വെള്ളമൊഴിച്ചു. കുളിക്കാൻ സമ്മതിച്ചു. അങ്ങനെ പവിത്രയെ സോപ്പിട്ടു. 

പവിത്രയ്ക്കു വേണ്ടത് അവൻ അമ്പലക്കുളത്തിൽ കുളിക്കുന്ന രംഗങ്ങളായിരുന്നു. അത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.. ഇനി ഒരു പോത്ത് കുളിക്കുന്നതു കൂടി ഷൂട്ട് ചെയ്യണം. 

നിരഞ്ജനു നല്ല ദേഷ്യം വന്നു. അതോടെ പവിത്ര വിശദീകരിച്ചു.. തെറ്റിദ്ധരിക്കല്ലേ, ഇതെന്റെ സ്റ്റഡി പ്രോജക്ടാ ചക്കരേ...  മനുഷ്യന്റെയും മൃഗങ്ങളുടെയും കുളികളുടെ കാംപാരിസൺ ! അതാണ് സബ്ജക്ട്.  നീ നല്ല സൂപ്പറായി അഭിനയിച്ചു. താങ്ക്യൂ..

നിരഞ്ജൻ പറഞ്ഞു.. പോടീ.. പോത്തേ..

അവൾ പറഞ്ഞു.. പോത്ത് എന്നു പറയല്ലേടാ, ബീഫ് എന്നു പറയൂ.. ബീഫ് എന്നു വച്ചാൽ ബി ഫ്രണ്ട്‍ലി !

നിരഞ്ജന്റെ അമ്മയുണ്ടാക്കിയ ബീഫ് ഉപ്പേരി തിന്നാൻ‌ നല്ല രസമാണ്.  ബീഫ് ചെറിയ ചെറിയ ചതുരക്കഷണങ്ങളാക്കി മാവിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നതാണ്.  ഓരോ കഷണം വായിലേക്ക് വിക്ഷേപിക്കുന്നതിനിടെ പവിത്ര നിരഞ്ജനോടു ചോദിച്ചു.. അഞ്ച് മിനിറ്റിൽ ഞാൻ എത്രയെണ്ണം തിന്നുന്നുണ്ട് ? നിനക്ക് കൗണ്ട് ചെയ്യാമോ?

നിരഞ്ജൻ എണ്ണാൻ തുടങ്ങി. വൺ.. ടു.. ത്രീ.. സെവന്റീൻ..

കുറെ നേരമായി തന്റെ ചുണ്ടുകളുടെ ചലനങ്ങളിലേക്കു നോക്കിയിരിക്കുന്ന നിരഞ്ജനെ നോക്കി പവിത്ര പൊട്ടിച്ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു കൂവി.. അയ്യേ.. വായിനോക്കി...

അവന് എണ്ണം തെറ്റി. 

ഒരു ദിവസം രാത്രി വൈകി അവന്റെ കിടപ്പുമുറിയുടെ ജനലിന്റെ പുറത്തു നിന്നൊരു ശബ്ദം.. ശ്..ശ്..ശ്.. എടാ...

പവിത്രയാണ്. 

നിരഞ്ജൻ ചാടിയെഴുന്നേറ്റു.. നീയെന്താ ഈ നേരത്ത് ? 

അവൾ പറഞ്ഞു.. ഒരു അത്യാവശ്യമുണ്ട്. നീയൊന്ന് വേഗം ഇറങ്ങി വന്നേ.. 

നിരഞ്ജൻ പുറത്തു വന്നപ്പോൾ അവൾ പറഞ്ഞു..  നമ്മൾക്കീ രാത്രിയിൽത്തന്നെ കല്യാണം കഴിച്ചാലോ?

നിരഞ്ജൻ ഉറക്കെ ചിരിച്ചു... അതും നിന്റെ പ്രോജ്ക്ടിന്റെ ഭാഗമാണോ?

അവൾ പറഞ്ഞു.. അല്ലെടാ. അടുത്ത തവണ നാട്ടിൽ വരുമ്പോഴേക്കും നിന്നെക്കാൾ ബെറ്ററായ ആരെയെങ്കിലും ഞാൻ പ്രേമിച്ചാലോ ? 

നിരഞ്ജൻ പറഞ്ഞു.. കല്യാണത്തിന് ഞാൻ റെഡിയാണ്.  പക്ഷേ ഒരു കണ്ടിഷനുണ്ട്. അമേരിക്കയിലും ഒരു കുളം കുഴിക്കാൻ പറ്റുവോ നിനക്ക് ? എന്നും രാവിലെ മുങ്ങിക്കുളി എനിക്കൊരു വീക്നെസ് ആയിപ്പോയി.. 

പവിത്ര പറഞ്ഞു.. എന്നാൽപ്പിന്നെ ഇത്തവണത്തേക്കു സോറി. അവിടെച്ചെന്ന് കുളം കുഴിച്ചിട്ട് ഞ​ാൻ അതിൽ കുളിക്കുന്ന വീഡിയോയുമായിട്ട് 2019 ജനുവരിയിൽ തിരിച്ചു വരാം. നീ അതുവരെ വെയ്റ്റ് ചെയ്യ്..

ആ പവിത്ര ഈ മാസം അരീപ്പറമ്പിലേക്ക് തിരിച്ചു വരുന്നുണ്ട് !