Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രേണുക ചന്ദ്രഹാസൻ ഒരു പഴയ മാരുതി 800 അല്ല !

വിനോദ് നായർ
penakathy

പനി പിടിച്ചു കിടക്കുമ്പോഴാണ് താൻ വൈറലായ കാര്യം മഞ്ജിമ അറിഞ്ഞത്.

ജെന്നിഫറിന്റെ മെസേജ് വന്നു..  വാട്സാപ്പിൽ നിന്റെ ഒരു വീഡിയോ കിടന്നു കറങ്ങുന്നുണ്ട്. അൽ‌പം ചൂടാണ്.. 

മഞ്ജിമയും ചൂടായിരുന്നു.  പനിച്ചൂടിൽ  ഉടൽ ദോശക്കല്ലിലെ ചൂടു പഴംപൊരി പോലെ പുളയുന്നതായി അവൾക്കു തോന്നി.  വരണ്ട ചുണ്ടുകളിൽ നിന്ന് പനിയുടെ പ്രാർഥന പോലെ കുമിളകൾ വിടർന്നു പൊട്ടിക്കൊണ്ടിരുന്നു. 

മഞ്ജിമ ജെന്നിഫറിനോടു പറഞ്ഞു.. നീ അത് അച്ഛനു ഫോർ‌വേഡ് ചെയ്തേക്കൂ..

ജെന്നിഫർ ഒന്നു സംശയിച്ചു.. പ്രിൻസിപ്പൽ ഫാദറിനാണോ ?

മഞ്ജിമ ചിരിച്ചു.. അല്ലെടീ, എന്റെ ഫാദറിന്. 

ജെന്നിഫർ ഒന്നു ഞെട്ടി. അവൾ ചോദിച്ചു..  നിനക്കെന്താ വട്ടാണോ ? 

അവൾ പറഞ്ഞു.. അല്ല, കല്യാണം കഴിഞ്ഞിട്ടാരുന്നേൽ കെട്ടിയോന് എന്നു പറയാമായിരുന്നു.

ജെന്നിഫർ ചോദിച്ചു.. നിനക്ക് ആരെങ്കിലും ശത്രുക്കളുണ്ടോ ?

പിപ്പി, ബാലാജി, അമ്മുക്കുട്ടീസ് ഓട്ടോയുടെ ഡ്രൈവർ.. ഇവന്മാരോടൊക്കെ രണ്ടോ മൂന്നോ തവണ കോർത്തിട്ടുണ്ട്. പിന്നെ ശത്രുത  സിനിമയിലെ ചിലരോടും.. വേറെ ആരും ഇല്ല... മഞ്ജിമ ചിരിച്ചു. 

ജെന്നിഫറിനു ദേഷ്യം വന്നു... നിന്റെ ഈ മറുപടി കേൾക്കുമ്പോൾ എനിക്ക് കലി വരുന്നുണ്ട്. ഏതോ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഡ്രസിങ് റൂമിലേതാണ് നിന്റെ ആ വീഡിയോ. 

മഞ്ജിമ പറഞ്ഞു..  കാണാൻ കിടിലം ആണോ? അല്ലെങ്കിൽ ഞാൻ ചത്തുകളയും 

ജെന്നിഫർ പറഞ്ഞു.. നീ ചുമ്മാ പേടിപ്പിക്കാതെ.. ഇതൊക്കെ എല്ലാവരുടെയും ലൈഫിൽ അനുഭവിക്കുന്നതാ.. 

മഞ്ജിമ ചോദിച്ചു.. ആണോടീ, എന്നാൽ നിന്റെ ക്ളിപ്പിങ് എനിക്കൊന്നു വാട്സാപ് ചെയ്യൂ, പ്ളീസ്.. ഞാനൊന്നു കണ്ട് ആസ്വദിക്കട്ടെ.. 

ജെന്നിഫർക്കു വട്ടായി. അവൾ രണ്ടക്ഷരമുള്ള ഒരു ഇംഗ്ളീഷ് ചീത്ത പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു. 

മഞ്ജിമ ആലോചിക്കാൻ തുടങ്ങി. പെൺകുട്ടികൾക്ക് ഡ്രസ്സിങ് റൂം എന്നു പറയുമ്പോൾ പൊതുവേ നാലെണ്ണമാണ്. കുളിമുറി, കിടപ്പുമുറി, തയ്യൽക്കട, തുണിക്കട.  ഇതിൽ എവിടെയൊക്കെ ക്യാമറയുണ്ടെന്ന് അവൾ ഗൂഗിളിൽ സർച്ച് ചെയ്തു.

ഗൂഗിൾ പറഞ്ഞു.. ആദ്യം നിങ്ങളുടെ ലൊക്കേഷൻ ഓൺ ആക്കൂ.  എന്നിട്ട് ആധാർ നമ്പർ പറയൂ.

അവൾക്കു ദേഷ്യം വന്നു. അവൾ ഫോൺ കട്ടിലിലേക്കു വലിച്ചെറിഞ്ഞു. കണ്ണുകൾ പറന്നു ചെല്ലാൻ മടിക്കുന്നിടത്തെല്ലാം ക്യാമറയുണ്ടെന്ന് ഈയിടെ ആരോ പറഞ്ഞത് അവൾ ഓർമിച്ചു.

ആര് എടുത്തതായിരിക്കും ആ വീഡിയോ ക്ളിപ് ?  എത്ര പേർ കണ്ടിട്ടുണ്ടാകും ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ വെള്ളത്തിലെ കുമിളകൾ പോലെ വെറുതെ വന്നു പൊട്ടാൻ തുടങ്ങി.

അവൾ ജെന്നിഫറിനെ വീണ്ടും വിളിച്ചു.. ആ വീഡിയോ ക്ളിപ് ആരാ നിനക്ക് അയച്ചു തന്നത് ?

ജെന്നിഫർ പറഞ്ഞു.. അത് ഞാൻ പറയില്ല. പക്ഷേ ഒരു കാര്യം പറയാം. ആദ്യം കാണുമ്പോൾ കുരു പൊട്ടിയെങ്കിലും രണ്ടോ മൂന്നോ തവണ കണ്ടപ്പോൾ എനിക്ക് അത്ര വലിയ സംഭവായിട്ടു തോന്നിയില്ല. 

മഞ്ജിമയ്ക്കു സംശയം തീർന്നില്ല..  എന്നു വച്ചാൽ ?

ജെന്നി പറ‍ഞ്ഞു.. ഉദാഹരണത്തിന് മഞ്ജു വാരിയർ എന്ന മട്ടിൽ ആലോചിച്ചാൽ ഇച്ചിരി പ്രശ്നമാണ്. പക്ഷേ കത്രീന കൈഫ്, ആലിയ ഭട്ട് നിലവാരം വച്ചു നോക്കിയാൽ ഇതൊന്നും ഒന്നുമില്ല.

മഞ്ജിമ പറഞ്ഞു.. മതി.. കൂടുതൽ ഡെക്കറേഷൻ വേണമെന്നില്ല. താങ്ക്യു.

അവൾ ഫോൺ കട്ട് ചെയ്തു.  യൂ ട്യൂബിൽ മഞ്ജു വാരിയർ എന്ന് സർച്ച് ചെയ്തു. മഞ്ജു ഏതോ ദുരിതാശ്വാസ ക്യാംപിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന കുറെ വീഡിയോകൾ കണ്ടു. എന്നിട്ട് ആരെയോ ചേർത്തു പിടിച്ചു പറയുന്നു.. നമ്മൾ കരയുന്നവർക്കൊപ്പമാണ് നിൽ‌ക്കേണ്ടത്. 

അതോടെ ആലിയ ഭട്ട് എന്നു സേർച്ച് ചെയ്യാൻ അവൾക്കു തോന്നിയില്ല. അപ്പോഴേക്കും മഞ്ജിമയുടെ അച്ഛൻ ജോലി കഴിഞ്ഞു നേരേ കേറി വന്നത് അവളുടെ മുറിയിലേക്കാണ്. 

അവളുടെ നെറ്റിയിൽ തൊട്ടു നോക്കിയിട്ട് അച്ഛൻ പറഞ്ഞു.. നല്ല ചൂട്.. !

കൂടെ വന്ന അമ്മ പുതപ്പു മാറ്റി അവളുടെ വയറിൽ തൊട്ടു നോക്കിയിട്ടു പറഞ്ഞു.. വൈറലായെന്നു തോന്നുന്നു. സൂക്ഷിക്കണം..

മഞ്ജിമ ഒന്നു ഞെട്ടി. അവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. 

അച്ഛൻ പറഞ്ഞു.. മോള് ഒന്നും പേടിക്കേണ്ട.  നിനക്ക് ഒരു കുഴപ്പവും വരില്ല, അച്ഛനുണ്ട് കൂടെ..

മഞ്ജിമ പറഞ്ഞു.. ഈ അമ്മയ്ക്കു വേറെ പണിയൊന്നുമില്ല.. അച്ഛനാ നല്ലത് !

അവളുടെ നെറ്റിയിലെ ചീപ്പിനു കീഴടങ്ങാത്ത നാലോ അഞ്ചോ മുടിയിഴകൾ വശത്തേക്ക് വകഞ്ഞുമാറ്റി നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് അച്ഛൻ ഡ്രസ് മാറാൻ പോയി.

മഞ്ജിമ മെല്ലെ ഉറങ്ങാൻ തുടങ്ങി. പനി ഒരു മഞ്ഞപ്പുതപ്പു കുടഞ്ഞുവിരിച്ച് അവളെ പുതപ്പിച്ചു.   

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു. അച്ഛന്റെ അവധി ദിവസം. 

രാവിലെ അവളെയും കൂട്ടി അച്ഛൻ ചിറ്റമ്മയുടെ വീട്ടിൽപ്പോയി. 

അച്ഛൻപെങ്ങളാണ് ചിറ്റമ്മ രേണുക ചന്ദ്രഹാസൻ. വിമൻസ് കോളജിലെ മലയാളം അധ്യാപികയായിരുന്നു. 

മുപ്പതാം വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ടതാണ്. അതുവരെ തേഡ് ഗിയറിൽ കഷ്ടിച്ചു കോളജ് വരെ മാരുതി 800 ഓടിക്കുമായിരുന്നു. പിന്നെ ഓടിച്ചത് എസ് യുവികൾ മാത്രം. ഓടിയതും നേടിയതും കരഞ്ഞതും ചിരിച്ചതുമൊക്കെ തനിയെ. കുമാരനാശാന്റെ ലീലയെപ്പറ്റിയുള്ള ഒരു സംസ്കൃത നാടകത്തിൽ ലീഡ് റോളിൽ അഭിനയിച്ചു.  റിട്ടയർമെന്റിനു ശേഷം പനമ്പിള്ളി നഗറിലെ വീട്ടിൽ ഒരു മുറി ട്രാൻസ്ജെൻഡറുകൾക്കു ട്യൂഷനെടുക്കാനായി മാറ്റി വച്ചിരിക്കുന്നു.  

മകൻ ധ്രുവൻ നമ്പ്യാർ കലിഫോർണിയയിൽ. 

മഞ്ജിമയെ അടുത്തു പിടിച്ച് പ്രഫ. രേണുക അകത്തേക്കു കൂട്ടിക്കൊണ്ടു പോയി. 

ഡൈനിങ് ടേബിളിൽ ഒരു ഗ്ളാസ് മൈൽഡ് ബിയർ ചെറുതേൻ തുള്ളികൾ ഇറ്റിച്ച് മിക്സ് ചെയ്തു വച്ചിട്ട് പ്രഫ. രേണുക പറഞ്ഞു.. നിന്റെ ചിറ്റമ്മയാണ് ഞാൻ. നീ എന്നോടു സത്യം പറയണം. നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?

മഞ്ജിമ പറഞ്ഞു..  ഉണ്ടായിരുന്നു.

പ്രഫ. രേണുക ചോദിച്ചു.. അതെന്താ ഭൂതകാലം? അവൻ തേച്ചിട്ടു പോയോ?

മഞ്ജിമ..  അറിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് അവനെ വിളിക്കാൻ പേടിയാണ്.

രേണുക പറഞ്ഞു.. എന്തിനാ പേടി ? ആ വീഡിയോ ക്ളിപ് നീ തന്നെ അവന് വാട്സാപ് ചെയ്യ്. എന്നിട്ട് അവനോടു ചോദിക്ക്. നിനക്ക് കൂടെ നിൽക്കാൻ ധൈര്യമുണ്ടോന്ന്.  ഇല്ലെന്ന് പറഞ്ഞാൽ ആ എമ്പോക്കിയെ പുറംകാലുകൊണ്ട് ഒരു തൊഴി കൊടുത്തേക്ക്.  ലോകകപ്പിൽ എംബപെ ചെയ്തപോലെ ഒറ്റ കിക്ക്. 

മഞ്ജിമ ഒന്നും മിണ്ടിയില്ല. 

രേണുക പറഞ്ഞു...  കാലം ചെല്ലുമ്പോൾ നിറം നഷ്ടപ്പെട്ട് ചുളിഞ്ഞ് ഫിറ്റ്നെസ് പോകുന്ന ഡ്രസ് പോലെയാണ് തൊലി. അതിനു മുകളിൽ നീ ഇടുന്ന വസ്ത്രങ്ങൾ ! അത്രേയുള്ളൂ. നീ അറിയാതെ അതൊന്നു പുറത്തു കണ്ടുപോയി എന്നു വച്ച് നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല. നീ ഒരു തെറ്റും ചെയ്തിട്ടില്ല.  തൽ‌ക്കാലം ഒന്ന് അധൈര്യപ്പെടുത്താമെന്നല്ലാതെ ലോകത്തിന് നിന്നെ തകർത്തെറിയാനൊന്നും പറ്റില്ല. നീ സ്ട്രോങ്ങാണ്. 

അവൾ ചിറ്റമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. എന്നിട്ട് ചിരിയോടെ ചോദിച്ചു.. പ്രഫ. രേണുക ചന്ദ്രഹാസൻ ആ വീഡിയോ കണ്ടോ ?

ചിറ്റമ്മ ചിരിച്ചു... നിന്റെ അച്ഛൻ വിനയചന്ദ്രൻ എനിക്ക് അത് ഇന്നലെഅയച്ചു തന്നു. അത്ര വലിയ കുഴപ്പമൊന്നുമില്ല.