ശ്രീനാഥിന്റെ പാവാടപ്രായം

പെൺകുട്ടികളുടെ പാവാട നനച്ച് പശമുക്കി വെയിലത്തു വിരിച്ച് ഉണങ്ങിയെടുത്താൽ അതൊരു ഉണങ്ങിയ ചെമ്പകപ്പൂവായി കൂമ്പുന്നു. പിന്നെയത് തൂണിയലമാരിയിൽ അയൽവാസികളായ തുണികൾക്കൊക്കെ സുഗന്ധം പകർന്നേകുന്നു! 

അരീപ്പറമ്പിലെ കൂട്ടുകാരൻ ശ്രീനാഥിന്റെ കണ്ടുപിടുത്തമാണ്. മുംബൈയിൽ നിന്നു വന്ന ഗീതാഞ്ജലിയുടെ പാവാട ഒരു സുഗന്ധ സാന്നിധ്യമായി അവന്റെ മനസ്സിന്റെ അലമാരിയിൽ ഇരുന്നത് ഒരു വർഷത്തോളമാണ് !

ഒരു മേയ് മാസത്തിന്റെ ഓർമ. ശ്രീനാഥ് അന്ന് ബികോം ഫസ്റ്റ് ഇയർ.  എത്ര ശ്രദ്ധിച്ചാലും ഷർട്ടിന്റെ രണ്ടു കൈകളും ഒരുപോലെ മടക്കിവയ്ക്കാൻ പറ്റാത്തതിന്റെ കോംപ്ളക്സിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് പിന്നെയും പിന്നെയും മടക്കിയും നിവർത്തിയും മടുക്കുന്ന യൗവനം.

അരീപ്പറമ്പിലെ അവന്റെ വീട്ടിലേക്ക് ഒരു മധ്യവേനൽ അവധിക്കാലത്ത് മുംബൈയിൽ നിന്ന് മൂന്നു വിരുന്നുകാർ വരുന്നു. കൃഷ്ണചന്ദ്രൻ ചിറ്റപ്പൻ, രാജേശ്വരിക്കുഞ്ഞമ്മ, മകൾ ഗീതാഞ്ജലി.

ഗീതാഞ്ജലിയുടെ ജാതകത്തിൽ എട്ടാംഭാവത്തിൽ ചൊവ്വാദോഷം. അതിന് അരീപ്പറമ്പ് അമ്പലത്തിൽ വഴിപാടു കഴിക്കാൻ വന്നതാണ്. ദേവിക്ക് രുധിര പുഷ്പാഞ്ജലി, ശാസ്താവിന് കടുംപായസം, ശിവന് കൂവളത്തില കൊണ്ട് ആയിരം തവണ പേരുപറഞ്ഞ് അർച്ചന. കൃഷ്ണചന്ദ്രൻ ചിറ്റപ്പനെ ഭാര്യയും മകളും ചന്ദ്രാജി എന്നാണ് വിളിച്ചിരുന്നത്. ചിറ്റപ്പനാകട്ടെ കാണുന്ന എല്ലാവരെയും ബോലോജി എന്നും !

നാലമ്പലത്തിൽവച്ച് പൂജാരിയോടു കൃഷ്ണചന്ദ്രൻ ചിറ്റപ്പൻ പറഞ്ഞു..  തിരുമേനീജി, മുബൈയിൽ എല്ലായിടത്തും മന്ദിർ ഉണ്ട്. പരന്തൂ.. പൂജ എല്ലാം ബിസിനസാണ്. ശ്രീകോവിലിലൊക്കെ ഫുൾ ഇലക്ട്രിക് ലൈറ്റാണ്.  പൂജാരിമാർ അതിന്റെ ഉള്ളിൽ കയറിയിരുന്ന് സൗഭാഗ്യ, സൗഗന്ധിക, സൗവർണ, സൗരൂപ്യ, സൗകുമാര്യ എന്നൊക്കെ നമ്മൾ കേൾക്കെ ഉറക്കെ ഉറക്കെ ജപിക്കും. പുറത്തു കേട്ടാൽ തോന്നും മന്ത്രമാണെന്ന്.  സൗ എന്നു വച്ചാ‍ൽ നൂറെന്നാണ് അർഥം. നൂറുരൂപാ നോട്ടിന്റെ കാര്യം നമ്മളെ ഓർമിപ്പിക്കുകയാണ്. ഓരോ സൗ പറയുന്നതിനും നൂറു രൂപ വീതം ദക്ഷിണ കൊടുക്കണം. നമ്മുടെ നാട്ടിലെ അമ്പലത്തിലാവുമ്പോൾ അങ്ങനെയല്ല.  ബോലോജി, ഞാൻ പറഞ്ഞത് സത്യമല്ലേ..

പൂജാരി അന്ന് ശ്രീകോവിലിൽ കയറി പുഷ്പാഞ്ജലി നടത്താൻ തുടങ്ങിയെങ്കിലും പതിവുപോലെ ഉറക്കെ മന്ത്രം ജപിക്കാൻ ഒന്നു മടിച്ചു. പല മന്ത്രങ്ങളും തുടങ്ങുന്നത് സൗ എന്നാണ്! പ്രസാദവുമായി വന്നപ്പോൾ രാജേശ്വരിക്കുഞ്ഞമ്മ പറഞ്ഞു.. തിരുമേനീ, ചന്ദ്രാജി വെറുതെ പറഞ്ഞതാ.. മന്ത്രം ചൊല്ലാൻ മടിക്കണ്ട.  ഇവിടെ സൗ എന്നു പറഞ്ഞാൽ നൂറെന്നല്ലല്ലോ അർഥം. അങ്ങനെ ഗീതാഞ്ജലിയുടെ താമരമൊട്ടുപോലെ കൂമ്പിയ കണ്ണുകൾക്കു മുന്നിൽ മണിയടികളോടെ തിരുനട തുറന്നു. കൂപ്പിയ കൈകളിൽ തീർഥവും പ്രസാദവും വീണു. 

പൂജ കഴി‍ഞ്ഞു.

ഗീതാഞ്ജലി നാലമ്പലത്തിനു പുറത്തിറങ്ങി പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി.  കൃഷ്ണചന്ദ്രൻ ചിറ്റപ്പൻ ഇടത്തും രാജേശ്വരിക്കുഞ്ഞമ്മ വലത്തും അകമ്പടിയായി കൂടെ നടന്നു. അമ്പലത്തിൽ തൊഴാൻ വന്ന വടക്കേലെ മാധവിക്കുട്ടിക്കും ഇല്ലത്തെ സാവിത്രിക്കും ചിറ്റേട്ടെ ചന്ദ്രികയ്ക്കും ഗീതാഞ്ജലിയെപ്പറ്റിയാണ് അറിയേണ്ടത്..  രാജേശ്വരീടെ മോൾക്ക് മലയാളമൊക്കെ അറിയാമോ?

അതുകേട്ട് അഭിമാനത്തോടെ കൃഷ്ണചന്ദ്രൻ ചിറ്റപ്പൻ ഗീതാ‍ഞ്ജലിയോടു പറഞ്ഞു..  മോളൂ, മലയാളം ബോലോജി.. ഗീതാഞ്ജലി നാണത്തോടെ പറഞ്ഞു... മുംബൈയിലെ മന്ദിറിന് ഒന്നും ഇത്രയും വലിയ മുറ്റങ്ങളില്ല. അവിടെ എല്ലായിടത്തും കോൺക്രീറ്റാണ്.  ഈ അമ്പലമുറ്റം കാണുമ്പോൾ എനിക്ക് കൊതി വരുന്നു, ഹിന്ദിപ്പാട്ടിലെ കജോളിനെപ്പോലെ ഓടിനടക്കാൻ.. 

മാധവിക്കുട്ടി സാവിത്രിയോട് അടക്കം പറഞ്ഞു...  കാണാൻ ഹിന്ദിക്കാരികളുടെ നിറമുണ്ടെന്നേയുള്ളൂ, തനി നാടൻ കുട്ടിയാണ് ! മുംബൈയിലെ മഞ്ഞിൽ കുളിർന്ന വെയിലടിച്ചും ദാലും ആലുവും കഴിച്ചും വളർന്ന ഗീതാഞ്ജലിക്ക് ഇതളു പൊളിച്ച ചോന്നുള്ളിയുടെ നിറമായിരുന്നു! നാട്ടിൽ അത്രയും നിറം അതുവരെ അമ്പലമുറ്റത്തെ എരിക്കിൻ പൂവിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രദക്ഷിണ വഴിയിൽ അവളെക്കണ്ടതോടെ എരിക്കിൻ പൂവിന്റെ മുഖം വാടി. 

പാവാടയും ഷോൾഡറിൽ പഫുള്ള ബ്ളൗസുമായിരുന്നു അമ്പലത്തിൽ വരുമ്പോൾ ഗീതാഞ്ജലിയുടെ വേഷം.  അരീപ്പറമ്പിലെ പെൺകുട്ടികൾ പത്താംക്ളാസിൽ വച്ച് ഇടുന്നതുപോലെ ഫുൾപ്പാവാടയായിരുന്നില്ല അത്.  കണങ്കാലിനു നാലിഞ്ചു മുകളിൽ ഞൊറിയിട്ടു കുറുകി നിൽക്കുന്ന ഡിസൈൻ പാവാട. 

ശ്രീനാഥിന്റെ അമ്മയോട് അതെപ്പറ്റി ഗീതാഞ്ജലി പറഞ്ഞത് ഇങ്ങനെയാണ്..  ചിറ്റമ്മേ ഇതു പാവാടാ നഹി, ലഹങ്ക ഹേ !രാജേശ്വരിക്കുഞ്ഞമ്മ വിശദീകരിച്ചു..  രാധച്ചേച്ചീ, നമ്മളൊക്കെ ഇട്ടിരുന്ന പാവാടയ്ക്കു വള്ളിയില്ലേ..  മുംബൈയിൽ ലഹങ്കയ്ക്ക് അതുപോലെ വള്ളിയില്ല. പകരം വെൽക്രോ ആണ്. ഒട്ടിച്ചുവയ്ക്കുകയാണ്.  നോർത്തിന്ത്യയിൽ വള്ളിയൊക്കെ ഹിന്ദി അക്ഷരങ്ങൾ തൂക്കിയിടാനാണ് ഉപയോഗിക്കുന്നത് എന്ന് ചന്ദ്രാജിയുടെ കോമഡി.

ഇടവമാസമാണ്. വേനലറുതിയിലെ വൈകുന്നേരങ്ങളിൽ ഇടി കുടുക്കി മഴ പെയ്യുന്ന കാലം.  വേനൽ മഴ പെയ്തതോടെ അരീപ്പറമ്പിലെ അമ്പലമുറ്റം നിറയെ ആരൻപുല്ലുകൾ പൂത്തു നിന്നു. പുൽമേടുകളുടെ വെല്ലുവിളിയാണ് ആരൻപുല്ലുകൾ. അരയടി ഉയരത്തിൽ ഉയർന്നുനിൽക്കുന്ന തണ്ടുകളുടെ അറ്റത്തെ പുല്ലിന്റെ അരിമ്പുകൾക്ക് കൂർത്ത മുനയുണ്ട്. പുല്ലിലൂടെ നടന്നുപോകുന്നവരുടെ വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കും. പുല്ലിന്റെ അരിമ്പ് തൊട്ടാൽ ചിലപ്പോൾ കാലു ചൊറിയുകയും ചെയ്യും. ആരൻപുല്ലുകളുടെ ആരെടാ സ്വഭാവം നാട്ടിലെല്ലാവർക്കും അറിയാം. അതുകൊണ്ട് അവർ പോടാ പുല്ലേ എന്ന മട്ടിൽ മുണ്ടും സാരിയും പാവാടയുമൊക്കെ പൊക്കിപ്പിടിച്ചേ അമ്പലപ്പറമ്പിലെ പുല്ലിലൂടെ നടക്കൂ.. ഇതറിയാതെ പാവം ഗീതാഞ്ജലി അമ്പലമുറ്റത്തൂടെ പാറി നടന്നു. അവൾക്കു മുന്നിൽ പച്ച പിടിച്ച പുൽമേടുകൾ ഇത്ര വിശാലമായി തുറന്നു കിട്ടുന്നത് ആദ്യമായാണ്. ആരൻ പുല്ലുകൾക്ക് ഇത്ര ഭംഗിയുള്ള ഒരു ഇരയെക്കിട്ടുന്നതും ആദ്യം !

ദീപാരാധന തൊഴുത് സന്ധ്യയ്ക്ക് ഗീതാഞ്ജലി വീട്ടിൽ തിരിച്ചെത്തുമ്പോൾ അവളുടെ പട്ടുപാവാട നിറയെ പുല്ലിന്റെ അരിമ്പുകൾ പറ്റിപ്പിടിച്ചിരുന്നു. അവൾ ശ്രീനാഥിന്റെ അമ്മയോടു ചോദിച്ചു.. യെ ക്യാ ഹേ ചെറിയമ്മേ ? കാലൊക്കെ ചൊറിയുന്നുമുണ്ട്.. ക‍ൃഷ്ണചന്ദ്രൻ ചിറ്റപ്പനാണ് മറുപടി പറഞ്ഞത്.. ഇതാണ് ആരൻ പുല്ലുകൾ. ആരെക്കണ്ടാലും അവ കൂടെപ്പോരും ! ഗീതാഞ്ജലി പാവാടയിലെ പുല്ലിൻ തരിമ്പുകൾ എണ്ണാൻ നോക്കി.. കിത് നാ ആരൻ പുൽ ഹേ ! എക്.. ദോ.. തീൻ.. നഹി.. സൗ സൗ..

ഇനിയെന്തു ചെയ്യുമെന്ന മട്ടിൽ പാവാട തെല്ല് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന അവളെ സമാധാനിപ്പിക്കാൻ കൃഷ്ണചന്ദ്രൻ ചിറ്റപ്പൻ പറഞ്ഞു..  മോളേ, നീ ബയോളജിയിൽ പഠിച്ചിട്ടില്ലേ, പോളിനേഷൻ.. പരാഗൺ.. ഇങ്ങനെയാണ് പുല്ലുകൾ പടരുന്നത്. സാവന്ന പുൽമേടുകൾ എന്നു കേട്ടിട്ടില്ലേ.. ! രാജേശ്വരിക്കുഞ്ഞമ്മ പറഞ്ഞു.. മോളുടെ പാവാട ഇനി എന്തു ചെയ്യുമെന്നു പറയൂ ചന്ദ്രാജീ..

ശ്രീനാഥിന്റെ അമ്മ രാധച്ചേച്ചി പറഞ്ഞു...  ആരൻ പുല്ലിന്റെ കുഴപ്പം ഇതാണ്. തുണിയിൽ ഒട്ടിപ്പിടിച്ചിരിക്കും.  ഓരോന്നായി പറിച്ചെടുത്തു കള‍‍‍ഞ്ഞ​ിട്ടേ ഇനി ഈ പാവാട നനയ്ക്കാൻ പോലും പറ്റൂ.  ഇവിടെ ഇതൊക്കെ സാധാരണയാ മോളേ..  നമ്മുടെ ശ്രീക്കുട്ടനോടു പറയാം. അവൻ‌ ഇത്തരം ഗുലുമാലു പണികൾക്കൊക്കെ വിരുതനാണ്. 

അതു കേട്ട് മുറ്റത്തു നിന്ന് ശ്രീനാഥ് ഒഴിയാൻ നോക്കി.. എനിക്കു മറ്റെന്നാൾ അക്കൗണ്ടൻസി പരീക്ഷയാണ്. ഞാൻ ഫ്രീയല്ല. രാജേശ്വരിക്കുഞ്ഞമ്മയും കൃഷ്ണചന്ദ്രൻ ചിറ്റപ്പനും ചേർന്ന് ഗീതാഞ്ജലിയെ അവന്റെ മുന്നിൽ കൊണ്ടു നിർത്തി സോപ്പിട്ടു. ഗീതാഞ്ജലിയും പറഞ്ഞു..  ഈ ലഹങ്ക ഞാൻ ശ്രീക്കുട്ടൻ ചേട്ടനു തന്നിട്ടു പൊയ്ക്കോളാം.  അടുത്ത തവണ വരുമ്പോൾ തിരിച്ചു തന്നാൽ മതി. അങ്ങനെയാണ് ഗീതാഞ്ജലിയുടെ പാവാട എല്ലാവരുടെയും സമ്മതത്തോടെ ശ്രീനാഥിന്റെ കൈയിൽ എത്തിച്ചേർന്നത്. 

അവധി കഴിഞ്ഞ് പിറ്റേന്നത്തെ ജയന്തി ജനതയിൽ കൃഷ്ണചന്ദ്രൻ ചിറ്റപ്പനും രാജേശ്വരിക്കുഞ്ഞമ്മയും ഗീതാഞ്ജലിയും മുംൈബയ്ക്കു തിരിച്ചു പോയി. ഇറങ്ങാൻ നേരം ടാക്സിയുടെ വാതിൽ പാതി തുറന്നു വച്ച് ചിറ്റപ്പൻ ശ്രീനാഥിനെ അടുത്തുവിളിച്ചിട്ടു പറഞ്ഞു..  ശ്രീക്കുട്ടൻജി.. ഗീതുമോൾക്ക് ഒരുപാടു പസംദ് ആണ് ആ ലഹങ്ക. നീ ഗീതുമോളെ കെയർ ചെയ്യുന്നതുപോലെ അതും സൂക്ഷിച്ചോണേ.. 

ചിറ്റപ്പനോടെന്ന വ്യാജേന ശ്രീനാഥ് ഗീതാഞ്ജലിയോടു ചോദിച്ചു... ഇനി എന്നാ വരുന്നെ ? ഓണത്തിനെന്ന് ഗീതാഞ്ജലി പറഞ്ഞപ്പോൾ കൃഷ്ണചന്ദ്രൻ ചിറ്റപ്പൻ കൂട്ടിച്ചേർത്തു..  ഓണം കേരൾവാസിയോം കെ ദേശീയ ത്യോഹാർ ഹേ ! അവൾ ചിരിച്ചത് പൂനിലാവുപോലെയാണെന്ന് ശ്രീനാഥിനു തോന്നി..

അങ്ങനെ ആരൻപുല്ലുകൾ ഓരോന്നായി പറിച്ചു കളഞ്ഞും വാസനിക്കുന്ന കുളിസോപ്പിട്ടു കഴുകിയെടുത്തും ഗീതാഞ്ജലിയുടെ പാവാട ശ്രീനാഥ് സ്വപ്നങ്ങളുടെ അയയിൽ നിലാവിൽ ഉണങ്ങാനിട്ടു ! പിന്നെ മടക്കി തേച്ച് അലമാരയിൽ സ്വന്തം ഷർട്ടുകൾക്കിടയിൽ സൂക്ഷിച്ചു വച്ചു.  

ഓണവും ക്രിസ്മസും കഴിഞ്ഞു..  ഗീതാഞ്ജലി വന്നില്ല. എന്നിട്ടും അവന് ആ പാവാട കളയാൻ തോന്നിയില്ല.