Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തു കൊണ്ട് സിംഗപ്പൂർ ?

കെ. ഉബൈദുള്ള
kim--trump-dupes സിംഗപ്പൂരിൽ ചൊവ്വാഴ്ച (ജൂൺ 12) നടക്കുന്ന ഡോണൾഡ് ട്രംപ്-കിം ജോങ് ഉൻ ഉച്ചകോടിയെ അതീവപ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.... ചിത്രത്തിൽ ട്രംപിന്റെയും കിമ്മിന്റെയും അപരന്മാർ...

രണ്ടു രാജ്യങ്ങളുടെ നേതാക്കൾ മൂന്നാം രാജ്യത്തുവച്ച്   തമ്മിൽ കാണുന്നത് അസാധാരണമല്ല.  അവിടെ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന നേതാക്കൾ പരസ്പരം ഉഭയകക്ഷി ചർച്ചകൾ നടത്താൻകൂടി സമയം കണ്ടെത്തുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പാക്കിസ്ഥാന്റെയും ചൈനയുടെയും നേതാക്കളുമായി അങ്ങനെ സംസാരിച്ചതു സമീപകാല ചരിത്രത്തിലെ സംഭവങ്ങളാണ്. പാക്കിസ്ഥാനുമായുള്ള ഉന്നതതല ചർച്ചകൾക്കു തൽക്കാലം ഇതേ മാർഗമുളളൂ.    

എന്നാൽ, സിംഗപ്പൂരിൽ ചൊവ്വാഴ്ച (ജൂൺ 12) നടക്കുന്ന ഡോണൾഡ് ട്രംപ്-കിം ജോങ് ഉൻ ഉച്ചകോടി ഇക്കൂട്ടത്തിൽ പെടില്ല. പരസ്പരമുള്ള തർക്കത്തിനു പരിഹാരം കണ്ടെത്താൻ രണ്ടു രാഷ്ട്രനേതാക്കൾ മറ്റൊരു രാജ്യത്തേക്കു പറക്കുന്നത് അസാധാരണവും അപൂർവവുമാണ്. പക്ഷേ, എന്തുകൊണ്ട് സിംഗപ്പൂർ ?

ആണവ-മിസൈൽ പ്രശ്നം ചർച്ച ചെയ്യാൻ ഉച്ചകോടിയാവാമെന്ന ഉത്തര കൊറിയൻ ഏകാധിപതിയുടെ ക്ഷണം അമേരിക്കൻ പ്രസിഡന്റിനു ലഭിച്ചതു മാർച്ചിലാണ്. അദ്ദേഹം ഉടനെയതു സ്വീകരിക്കുകയും ചെയ്തു. 

എന്നാൽ, ഇരുവരുടെയും തലസ്ഥാനങ്ങളിൽ  അതു നടക്കാനുള്ള സാധ്യത ആദ്യംതന്നെ തള്ളപ്പെട്ടു. കാരണം, വാഷിങ്ടണിലേക്കു കിമ്മോ  പ്യോംഗ്യാങ്ങിലേക്കു ട്രംപോ പോകുന്ന കാര്യം അചിന്ത്യം. അമേരിക്കയിലെ ഒരു പ്രസിഡന്റും ഇതുവരെ ഉത്തര കൊറിയ സന്ദർശിച്ചിട്ടില്ല. ജിമ്മി കാർട്ടറും ബിൽ ക്ളിന്റനും സന്ദർശിച്ചത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷമാണ്. ഉത്തര കൊറിയയുടെ ഭരണാധിപന്മാരാരും അമേരിക്ക കണ്ടിട്ടുമില്ല. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധവുമില്ല. ഏതാണ്ട് യുദ്ധാസ്ഥയിലുമാണ്.  

ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിലുള്ള സൈനിക വിമുക്ത മേഖലയിലെ പാൻമുൻജോം, സ്വിറ്റ്സർലൻഡ്, സ്വീഡൻ, മംഗോളിയ എന്നീ പേരുകളാണ് ആദ്യംതന്നെ പരാമർശിക്കപ്പെട്ടത്. മംഗോളിയ മാത്രമേ പലർക്കും അസാധാരണമായി തോന്നിയുള്ളൂ. 1950-1953ലെ  കൊറിയൻ യുദ്ധത്തിനു ശേഷം ഇരുകൊറിയകൾക്കും ഇടയിൽ സ്ഥാപിച്ചതാണ് നാലു കിലോമീറ്റർ വീതിയുള്ള സൈനിക വിമുക്ത മേഖല. 

അവിടെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ  ആവശ്യമുള്ളപ്പോൾ സമ്മേളിക്കുന്ന സ്ഥലമാണ് സമാധാനഗ്രാമം എന്നറിയപ്പെടുന്ന പാൻമുൻജോൻ.

ഉത്തര കൊറിയയുടെ അതിർത്തിക്കു തൊട്ടടുത്തായതിനാൽ കിമ്മിനു വളരെയെളുപ്പത്തിൽ പാൻമുൻജോനിലെത്താം. സഖ്യരാജ്യമായ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോൾവഴി ട്രംപിനും എത്താൻ പ്രയാസമില്ല. സോളിൽനിന്നുളള ദൂരം വെറും 50 കിലോമീറ്റർ. 

സമാധാന ഗ്രാമം എന്ന പേരു ഇൗയിടെ രണ്ടു തവണ അർഥവത്താവുകയുമുണ്ടായി. ഏപ്രിൽ 27, മേയ് 26 തീയതികളിൽ കിമ്മും ഉത്തര കൊറിയൻ പ്രസിഡന്റ് മൂൺ ജേയ് ഇന്നും തമ്മിൽ കണ്ടത് പാൻമുൻജോനിലായിരുന്നു. 

പക്ഷേ, കിം-ട്രംപ് ഉച്ചകോടിക്കുവേണ്ടി പാൻമുൻജോം തിരഞ്ഞെടുക്കപ്പെട്ടില്ല. ട്രംപിനെ സംബന്ധിച്ചിടത്തോളം അതു സുരക്ഷിതമല്ലെന്നതാവാം കാരണം.  

പരമ്പരാഗതമായി രാജ്യാന്തര തലത്തിൽ നിഷ്പക്ഷത പുലർത്തിവരുന്ന രാജ്യങ്ങളാണ് പടിഞ്ഞാറൻ യൂറോപ്പിലെ സ്വിറ്റ്സർലൻഡും സ്വീഡനും. സ്വിറ്റ്സർലൻഡിലെ ജനീവയോ സ്വീഡനിലെ സ്റ്റോക്ക്ഹോമോ ട്രംപ്-ഉച്ചകോടിക്കു വേദിയാകാനിടയുണ്ടെന്ന വാർത്തകൾ അതിനാൽ ആരെയും അൽഭുതപ്പെടുത്തുകയുണ്ടായില്ല.

രാജ്യാന്തര പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്ന വേദിയെന്നനിലയിൽ ജനീവയ്ക്കുള്ള അനുഭവ പരിചയം ലോകത്തു മറ്റൊരു നഗരത്തിനുമില്ല. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം മൂർഛിച്ചുകൊണ്ടിരിക്കേ, 1985ൽ അവയുടെ പ്രസിഡന്റുമാർ (റോണൾഡ് റെയ്ഗനും മിഖെയിൽ ഗോർബച്ചോവും) തമ്മിലുളള ഉച്ചകോടി നടന്നതും ജനീവയിലായിരുന്നു.  

കിമ്മിനെ സംബന്ധിച്ചിടത്തോളം സ്വിറ്റ്സർലൻഡിനു വ്യക്തിപരമായ ബന്ധവുമുണ്ട്. അവിടെ തലസ്ഥാനനഗരമായ ബേണിനടുത്തുളള ഒരു രാജ്യാന്തര സ്കൂളിലാണ് അദ്ദേഹം പഠിച്ചത്.  ആ സമയത്ത് അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ഇൽ ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്നു. 

സ്വിറ്റ്സർലൻഡിനെപ്പോലെതന്നെ ഉത്തര കൊറിയയുമായും നയതന്ത്രബന്ധം പൂലർത്തുന്ന എണ്ണത്തിൽ കുറഞ്ഞ  പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. 2001ൽ അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഗോറാൻ പെർസ്സൻ പ്യോംഗ്യാങ്ങിലെത്തി കിം ജോങ് ഇലുമായി ചർച്ച നടത്തി. അങ്ങനെ അദ്ദേഹം ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യത്തെ പാശ്ചാത്യ ഭരണാധിപനായി. 

സ്വിറ്റ്സർലൻഡും സ്വീഡനും ട്രംപിനു സ്വീകാര്യമായിരുന്നു. പക്ഷേ, കിമ്മിനെ സംബന്ധിച്ചിടത്തോളം ദൂരം പ്രശ്നമായി. ഉത്തര കൊറിയയിൽനിന്നു സ്വീഡനിലെത്താൻ 5000 കിലോമീറ്ററും സ്വിറ്റ്സർലൻഡിലെത്താൻ 8500 കിലോമീറ്ററും പറക്കണം.

ട്രംപിന്റെ എയർഫോഴ്സ് വൺ വിമാനത്തിന് അത്രയും ദൂരം ഒറ്റയടിക്കു പറക്കാനാകും. എവിടെയും തൊടാതെ ഭൂമിയുടെ പകുതിവരെ താണ്ടാം. എന്നാൽ അതുപോലുള്ള വിമാനം കിമ്മിന്റെ പക്കലില്ല.  

ഒടുവിൽ ലിസ്റ്റിൽ മംഗോളിയയും സിംഗപ്പൂറും മാത്രം ബാക്കിയായി. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇൗ നയതന്ത്ര സംഭവത്തിനു വേദിയാകാൻ മംഗോളിയയും പരിഗണിക്കപ്പെടുന്നുവെന്ന വാർത്ത പലരെയും അൽഭുതപ്പെടുത്തുകയാണ് ചെയ്തത്. 

മുൻപ് കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിലായിരുന്ന മംഗോളിയ 1990ൽ ജനാധിപത്യമാർഗം സ്വീകരിച്ചശേഷം അമേരിക്കയുമായും മറ്റും അടുപ്പത്തിലാണ്. അതേസമയം, അയൽപക്കത്തെ ചൈനയുമായും റഷ്യയുമായും നല്ലബന്ധം നിലനിർത്തിപ്പോരുകയും ചെയ്യുന്നു. 

ഉത്തര കൊറിയയുമായും സൗഹൃദത്തിലാണ്. കിമ്മിനു വേണമെങ്കിൽ തന്റെ കവചിത ട്രെയിനിൽതന്നെ, മംഗോളിയയുടെ തലസ്ഥാനമായ ഉലാൻ ബറ്റോറിലെത്താം.  ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി സംസാരിക്കാൻ ഇക്കഴിഞ്ഞ മാർച്ചിൽ അദ്ദേഹം ബെയ്ജിങ്ങിൽ പോയി മടങ്ങിയത് അത്തരം ട്രെയിനിലായിരുന്നു.  

പക്ഷേ, ട്രംപ്-കിം ഉച്ചകോടി സുഗമമായി നടത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിനു മംഗോളിയയ്ക്കു കഴിയുമോയെന്ന സംശയം ഉയർന്നു.  വിശേഷിച്ചും നേതാക്കളുടെ സുരക്ഷയുടെ കാര്യത്തിലായിരുന്നു സംശയം. 

ഉച്ചകോടി നടക്കുന്നതു സിംഗപ്പൂരിലായിരിക്കുമെന്നു ട്രംപ് അറിയിച്ചത് മേയ് പത്തിനാണ്. കിമ്മിന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചതിനുശേഷം അപ്പോഴേക്കും രണ്ടുമാസമായിരുന്നു. സ്വാഭാവികമായും ഉത്തര കൊറിയക്കാർ ക്കും സിംഗപ്പൂരിലെ സൗകര്യങ്ങൾ നേരിൽക്കണ്ടു ബോധ്യപ്പെട്ടിരിക്കണം. 

അമേരിക്കയോടെന്ന പോലെ ഉത്തര കൊറിയയുമായും നല്ല ബന്ധത്തിലാണ്  സിംഗപ്പൂർ. ഉത്തര കൊറിയക്കാർക്കു സിംഗപ്പൂരിലെത്താൻ 2016 വരെ വീസ ആവശ്യമായിരുന്നില്ല. ആണവ-മിസൈൽ പ്രശ്നത്തിൽ യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധത്തെതുടർന്നാണ് അതിൽ മാറ്റമുണ്ടായത്. വ്യാപാര ബന്ധത്തെയും ഉപരോധം ബാധിച്ചു. എന്നാൽ സൗഹൃദം തുടരുന്നു.  

Donald Trump - Kim Jong Un (Cartoon)

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സിംഗപ്പൂരിന് ഏഷ്യൻ നേതാക്കളുടെ  ഒട്ടേറെ ഉച്ചകോടികൾക്കു വേദിയായ ചരിത്രവുമുണ്ട്. അത്തരം സംഗമങ്ങൾക്കാവശ്യമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ലഭ്യമാണെന്നതുതന്നെ ഇതിനു കാരണം.  

2015ൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും അന്നത്തെ തയ്വാൻ പ്രസിഡന്റ് മാ യിങ് ജിയുവു തമ്മിൽ നടന്ന ഉച്ചകോടി വിശേഷിച്ചും ഒാർമിക്കപ്പെടുന്നു. ഏഴു പതിറ്റാണ്ടുമുൻപ് തയ്വാൻ  ചൈനയിൽനിന്നു വേർപെട്ടുപോയശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ നടക്കുന്ന ആദ്യത്തെ ഒൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്.  

സിംഗപ്പൂർ ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ഗവൺമെന്റിന്റെ കർശനമായ നിയന്ത്രണമാണ് പല രംഗങ്ങളിലും. സുരക്ഷയുടെ കാര്യ ഉറപ്പുവരുത്താൻ ഇതു സഹായിക്കുന്നുവെന്നാണ് സിംഗപ്പൂർ അവകാശപ്പെടുന്നത്്. ട്രംപ്-കിം ഉച്ചകോടിയുടെ വേദിയായി സിംഗപ്പൂരിനു നറുക്കു വീണതിൽ ഇതും നിർണായക പങ്കു വഹിച്ചതായി കരുതപ്പെടുന്നു. സിംഗപ്പൂർ പൊലിസിലെ ഗൂർഖാ വിഭാഗത്തിനു സുരക്ഷാകാവൽ രംഗത്തു അനിഷേധ്യമായ സ്ഥാനവുമുണ്ട്. 

ടൂറിസ്റ്റുകളുടെ പറുദീസയായ സിംഗപ്പൂരിൽ പഞ്ച നക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും സുലഭം. അമേരിക്കയിലെയും ഉത്തര കൊറിയയിലെയും ഉദ്യോഗസ്ഥർ അവയിൽ പലതും പരിശോധിച്ചശേഷം തിരഞ്ഞെടുത്തതു സെന്റോസ എന്ന കൊച്ചുദ്വീപിലെ കാപ്പെല്ല ഹോട്ടലാണ്. ആർക്കും യഥേഷ്ടം എത്തിച്ചേരാൻ പറ്റാത്ത ദ്വീപായതിനാൽ നേതാക്കളുടെ സുരക്ഷ കുറേക്കൂടി സുഗമമാവുന്നു. 

ഇന്ത്യാസമുദ്രത്തിൽ മലേഷ്യക്കടുത്തു ഒരു ചെറിയ ദ്വീപും അതിനേക്കാൾ ചെറിയ കുറേ ദ്വീപുകളും അടങ്ങിയതാണ് സിഗപ്പൂർ. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയുടെ ഏതാണ്ടു പകുതി വലിപ്പം-721 ചതുരശ്ര കിലോമീറ്റർ. 

കാപ്പെല്ല ഹോട്ടലിൽ ട്രംപിനും കിമ്മിനും താമസിക്കാൻ കണ്ടു വച്ചിട്ടുള്ള സ്വീറ്റുകളുടെ ദിവസ വാടകയെപ്പറ്റി പല റിപ്പോർട്ടുകളുമുണ്ട്. 6000 ഡോളറാണെന്നാണ് ഒരു റിപ്പോർട്ട്്. ഏതാണ്ട് നാലു ലക്ഷം രൂപ. 

ഭക്ഷണം, വിനോദം, യാത്ര തുടങ്ങിയവയ്ക്കുളള ചെലവ് വേറെയും. ട്രംപ് സൂചിപ്പിച്ചതുപോലെ ഉച്ചകോടി രണ്ടാം ദിവസത്തിലേക്കു നീളുകയാണെങ്കിൽ ചെലവ് ഇരട്ടിയാകും. 

പക്ഷേ, പണം ആരു കൊടുക്കും ? തങ്ങളുടെ പക്കൽ അതിനു മാത്രം പണമില്ലെന്ന് ഉത്തര കൊറിയക്കാർ അറിയിച്ചുവെന്നാണ് യുഎസ് മാധ്യമ വാർത്തകൾ. യുഎൻ ഉപരോധംമൂലം  വർഷങ്ങളായി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണവർ. 

അവരെ അമേരിക്ക സഹായിക്കുമോയെന്നു വ്യക്തമല്ല.  എന്നാൽ, ചെലവിൽ ഒരു ഭാഗം തങ്ങൾ വഹിച്ചുകൊള്ളാമെന്നു സിംഗപ്പൂർ അറിയിച്ചിട്ടുണ്ടത്രേ. സമ്പത്തിന്റെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനവും ഏഷ്യയിൽ രണ്ടാം സ്ഥാനവുമുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇൗ ഒൗദാര്യം സ്വാഭാവികം.

ആണവായുധ നിർമാർജനത്തിനുള്ള രാജ്യാന്തര പ്രസ്ഥാനവും (എെക്കാൻ) സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ നൊബേൽ സമാധാന സമ്മാനം എെക്കാനിനായിരുന്നു. സമ്മാനത്തുകയായി  11 ലക്ഷം ഡോളറും ലഭിച്ചു. ആ തുകയിൽ ഒരു ഭാഗമോ  മുഴുവൻ തന്നെയോ നൽകാൻ അവർ തയാറാണത്രേ. അങ്ങനെ ആ സംശയവും തീർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.