Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണക്കേടിലായ സിരിസേന

വിദേശരംഗം  / കെ. ഉബൈദുള്ള
sirisena-rajapaksa-wickremesinghe (പാർലമെന്റിനു പുറമെ സുപ്രീം കോടതിയിൽ നിന്നും ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയക്കു തിരിച്ചടിയേറ്റു. അദ്ദേഹം പാർലമെന്റ് പിരിച്ചുവിടുകയും പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തതു സുപ്രീം കോടതി റദ്ദാക്കി)

നാണക്കേടിനു മേൽ നാണക്കേടാണ് കഴിഞ്ഞ ഒന്നര മാസമായി ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുഭവം. എല്ലാം അദ്ദേഹം സ്വയം വരുത്തിവച്ചതും.  പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായുള്ള സിരിസേനയുടെ അധികാര വടംവലി അത്രയും വഷളായ സ്ഥിതിയിലാണ് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. 

ഏറ്റവും ഒടുവിലായി, രാജ്യത്തിലെ പരമോന്നത കോടതിയിൽനിന്നും പ്രസിഡന്റിനു തിരിച്ചടിയേറ്റു. കാലാവധി തീരുന്നതിനു മുൻപ് അദ്ദേഹം പാർലമെന്റ് പിരിച്ചുവിടുകയും പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തതു ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഡിസംബർ 13) സുപ്രീംകോടതി റദ്ദാക്കി.  പ്രസിഡന്റിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നാണ് ഏഴു ജഡ്ജിമാർ ഒരേസ്വരത്തിൽ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ ഉത്തരവ് നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

പ്രധാനമന്ത്രിസ്ഥാനത്തുനിന്നു താൻ പുറത്താക്കിയ വിക്രമസിംഗെ തൽസ്ഥാനത്തു തുടരുന്നതു തടയുകയായിരുന്നു സിരിസേനയുടെ ഉദ്ദേശ്യം. അതിനുവേണ്ടി അദ്ദേഹം പയറ്റിയ അനേകം അടവുകളിൽ അവസാനത്തേതായിരുന്നു പാർലമെന്റ് പിരിച്ചുവിടാനുളള നവംബർ ഒൻപതിലെ ഉത്തരവ്.   

വിക്രമസിംഗെയ്ക്കു പകരം മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയെയാണ് അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നത്. രാജപക്ഷെയും അദ്ദേഹത്തിന്റെ 49 അംഗ മന്ത്രിസഭയും അധികാരത്തിൽ തുടരാൻ പാടില്ലെന്നു ഡിസംബർ ആദ്യത്തിൽ ഒരു അപ്പീൽ കോടതിയും വിധിക്കുകയുണ്ടായി.  

maithripala-sirisena മൈത്രിപാല സിരിസേന

അതിനുമുൻപ് രാജപക്ഷെയ്ക്കെതിരെ പാർലമെന്റ് രണ്ട ു തവണ അവിശ്വാസ പ്രമേയം പാസ്സാക്കിയിരുന്നു. പക്ഷേ, സ്ഥാനമൊഴിയാൻ അദ്ദേഹം കൂട്ടാക്കിയില്ല. അതിനെ തുടർന്നാണ് വിക്രമസിംഗെ പക്ഷക്കാർ അപ്പീൽകോടതിയെ സമീപിച്ചത്. വിക്രമസിംഗെയിൽ വിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം പാർലമെന്റ് ബഹുഭൂരിപക്ഷത്തോടെ പാസ്സാക്കുകയുമുണ്ടായി. 

എന്നാൽ, പ്രധാനമന്ത്രി പദവിയെക്കുറിച്ചുള്ള തർക്കം കാരണം ഒന്നരമാസമായി ശ്രീലങ്കയിൽ ഗവൺമെന്റില്ല. ബജറ്റ് പാസ്സായിട്ടില്ല. സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ട ിരിക്കുന്നു. ശ്രീലങ്ക റുപ്പീയുടെ വിലയിടിഞ്ഞു ഡോളറുമായുള്ള വിനിമയനിരക്ക് 117.5 ൽ എത്തി. വിദേശ നിക്ഷേപകരും സഹായ വാഗ്ദാനം ചെയ്ത രാജ്യാന്തര ഏജൻസികളും പുനർവിചിന്തനത്തിലാണത്രേ. 

പച്ചപിടിക്കുകയായിരുന്ന വിനോദ സഞ്ചാര മേഖലയിൽ വാട്ടം അനുഭവപ്പെടാൻ തുടങ്ങി. ഉന്നത തലത്തിലെ സംഘർഷാവസ്ഥ താഴെത്തട്ടുകളിലും പ്രതിഫലിക്കുന്നു. പാർലമെന്റിനകത്തു കൈയാങ്കളിയുമുണ്ടായി.

ഭരണ സ്തംഭനം ഒഴിവാക്കാനായി സിരിസേനയെയും വിക്രമസിംഗെയെയും അനുനയിപ്പിക്കാൻ കൊളംബോയിലെ ചില വിദേശനയതന്ത്ര പ്രതിനിധികൾ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിനുപൊതുവിൽതന്നെ അതു നാണക്കേടാവുകയുംചെയ്തു. 

ദുരഭിമാനം മാറ്റിവച്ച് വിക്രമിസിംഗെയെതന്നെ പ്രധാനമന്ത്രിയായി തുടരാൻ അനുവദിക്കുകയാണ് സിരിസേന ചെയ്വേണ്ട തെന്നു പലരും നിർദ്ദേശിക്കുന്നു. അതു നടപ്പില്ലെന്നാണ് ഇതുവരെ അദ്ദേഹം  ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ആ പ്രഖ്യാപനം അപ്പടി വിഴുങ്ങാൻ പെട്ടെന്നു സിരിസേന തയാറാകുമോ ? 

ഒക്ടോബർ 26നു  പ്രധാനമന്ത്രിസ്ഥാനത്തുനിന്നു വിക്രമസിംഗെയെ  സിരിസേന പുറത്താക്കിയതോടെ തുടങ്ങിയതാണ് ഈ അസാധാരണ രാഷ്ഗ്രീയ നാടകം. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള വടംവലിക്ക് ഇതിനു മുൻപും ശ്രീലങ്ക ഒന്നിലേറെ തവണ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ ഇന്നത്തെ പരുവത്തിൽ എത്തിച്ചേർന്നിരുന്നില്ല. 

പ്രസിഡൻറിനു നിർവഹണാധികാരമുള്ള ഭരണമാണ് ശ്രീലങ്കയിൽ. പ്രസിഡന്റും പ്രധാനമന്ത്രിയും വ്യത്യസ്ത കക്ഷിക്കാരാകുമ്പോൾ തർക്കത്തിനും ഏറ്റുമുട്ടലിനുമുളള സാധ്യത വർധിക്കുന്നു. അതുതന്നെയാണ് ഇത്തവണയും സഭവിച്ചതും. മുൻപ് ചന്ദ്രിക കുമാരതുംഗെ പ്രസിഡന്റായിരുന്ന കാലത്ത് 2004ൽ അവരുമായി ഏറ്റുമുട്ടി പ്രധാനമന്ത്രിപദം നഷ്ഗപ്പെട്ട അനുഭവവും വിക്രമസിംഗെയ്ക്കുണ്ട്. ഇത്തവണ സിരിസേനയും വിക്രമസിംഗെയും തമ്മിൽ തർക്കം മൂർഛിച്ചുകൊണ്ടിരിക്കേയായിരുന്നു വിക്രമസിംഗയെ പുറത്താക്കിക്കൊണ്ടുള്ള സിരിസേനയുടെ നടപടി. അതിനുമുൻപ് അദ്ദേഹം പ്രധാനമന്ത്രിക്കുള്ള തന്റെ പാർട്ടിയുടെ പിന്തുണ പിൻവലിക്കുകയുമുണ്ടായി. 

അധികമാരെയും ഇത് അൽഭുതപ്പെടുത്തിയിരുന്നില്ല. എന്നാൽ, വിക്രമസിംഗെയ്ക്കു പകരം പ്രധാനമന്ത്രിയായി രാജപക്ഷെയെ അദ്ദേഹം നിയമിച്ചതു തികച്ചും അപ്രതീക്ഷിതമായിരുന്നു. കാരണം, 2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെയുടെ സഹായത്തോടെയാണ് രാജപക്ഷെയെ അദ്ദേഹം തോൽപ്പിച്ചിരുന്നത്. 

Ranil-Wickremesinghe.jpg.image.784.410 റനിൽ വിക്രമസിംഗെ

രാജപക്ഷെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡംപാർട്ടിയുടെ (എസ്എൽഎഫ്പി) ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഗവൺമെന്റിലെ ആരോഗ്യമന്ത്രിയുമായിരുന്നു സിരിസേന. വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിയുമായി എസ്എൽഎഫ്പി പരമ്പരാഗതമായി കടുത്ത വൈരാഗ്യത്തിലുമായിരുന്നു. 

പക്ഷേ,  രാജപക്ഷെയ്ക്കെതിരെ വിക്രമസിംഗെയുമായി കൈകോർക്കാൻ അതൊന്നും സിരിസേനയ്ക്കു തടസ്സമായില്ല. രാജപക്ഷെ സ്വേഛാധിപതിയും അഴിമതിക്കാരനുമാണെന്നും അദ്ദേഹത്തെ അധികാരത്തിൽനിന്നു പുറത്താക്കി നിയമത്തിന്റെ മുൻപാകെ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതും. 

പിന്നീട്, പാർലമെന്റ് തിരഞ്ഞെടുപ്പിലും അവരുടെ സഖ്യം വിജയം നേടുകയും വിക്രമസിംഗെ നാലാം തവണയും പ്രധാനമന്ത്രിയാവുകയും ചെയ്തു. പക്ഷേ, കാലക്രമത്തിൽ ബന്ധം ഉലയാൻ തുടങ്ങി. 

കേന്ദ്ര ബാങ്കിന്റെ ബോണ്ട് വിൽപനയിൽ വിക്രമസിംഗെ വൻതുക നഷ്ഗമുണ്ടാക്കിയെന്നും അഴിമതി നടന്നുവെന്നുമായിരുന്നു  സിരിസേനയുടെ ആരോപണം.തനിക്കെതിരെ ഒരു മന്ത്രിയുടെ പങ്കാളിത്തത്തോടെ വധശ്രമമുണ്ടായെന്നും അതിനെക്കുറിച്ച് വേണ്ട  വിധത്തിൽ അന്വേഷണം നടത്താൻ വിക്രമസിംഗെ കൂട്ടാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

സഖ്യം നിലനിൽക്കേതന്നെ, ഈ വർഷം ഫെബ്രുവരിയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും പാർട്ടികൾ മൽസരിച്ചതു വേവ്വേറെയായിട്ടാണ്. പരസ്യമായി വിഴുപ്പലക്കുകയും ചെയ്തു. നാടൊട്ടുക്കുമുള്ള തദ്ദേശ സ്വയംഭരണ സമിതികളിൽ ഏതാണ്ടു  മൂന്നിൽ രണ്ടു ഭാഗത്തിന്റെ നിയന്ത്രണം രാജപക്ഷെയുടെ പുതിയ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ പിടിയിലായതായിരുന്നു അതിന്റെ ഫലം. 

വിക്രമസിംഗെയെ പുറത്താക്കിയ സിരിസേന അതുകൊണ്ടു മതിയാക്കിയില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ വിക്രമസിംഗെയ്ക്ക് അനുവദിച്ചിരുന്ന സുരക്ഷാസംവിധാനം പിൻവലിക്കുകയും പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയായ ടെംപ്ൾട്രീ ബംഗ്ളാവിൽനിന്നു രണ്ടു ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. വിക്രമസിംഗെ വഴങ്ങിയില്ല.

തന്നെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും  പാർലമെന്റിനു മാത്രമേ അധികാരമുള്ളൂവെന്നുമാണ് വിക്രമസിംഗെയുടെ വാദം. മുൻപ് ഈ അധികാരം പ്രസിഡന്റിനുണ്ടായിരുന്നു. സിരിസേനയുടെ ഭരണത്തിൽ അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് ഭരണഘടന ഭേദഗതി ചെയ്വുകയും പ്രസിഡന്റിന്റെ ആ അധികാരം എടുത്തുകളയുകയും ചെയ്തത്. 

മഹിന്ദ രാജപക്ഷെയുടെ ഭരണ കാലത്ത് (2005-2015) പ്രസിഡന്റിനുണ്ട ായിരുന്ന അധികാരങ്ങൾ ഏകാധിപത്യപരമായിരുന്നുവെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണഘടനയുടെ ആ പത്തൊമ്പതാം ഭേദഗതി. അതനുസരിച്ച്, നിലവിലുള്ള പ്രധാനമന്ത്രി രാജിവയ്ക്കുകയോ മരിക്കുകയോ പാർലമെന്റിന് അദ്ദേഹത്തിൽ വിശ്വാസം നഷ്ടപ്പെടുകയോ ചെയ്താൽമാത്രമേ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ. 

mahinda-rajapaksa മഹിന്ദ രാജപക്ഷെ

പാർലമെന്റിൽ തനിക്കു പിന്തുണയുണ്ട ന്നു തെളിയിക്കാൻ വിക്രമസിംഗെ തയാറായപ്പോൾ അതുതടയാനും സിരിസേന ശ്രമിക്കുകയുണ്ടായി. പാർലമെന്റ് സമ്മേളിക്കുന്നത് അദ്ദേഹം നിർത്തിവച്ചു. നഗ്നമായ ജനാധിപത്യവിരുദ്ധ നടപടിയെന്നു പരക്കേ വിമർശിക്കപ്പെട്ടതിനെ തുടർന്ന് ആ നടപടി പിൻവലിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയും ചെയ്തു. 

അതിനിടയിൽ വിക്രമസിംഗെയുടെ പക്ഷത്തുനിന്നു എംപിമാരെ ചാക്കിട്ടുപിടിക്കാനുളള ശ്രമവും നടന്നു. വൻതുകകൾ കൈമാറ്റംചെയ്വപ്പെട്ടതായും പറയപ്പെടുന്നു. എങ്കിലും നൂനപക്ഷ കക്ഷികളുടെ കൂടി പിന്തുണയോടെ വിക്രമസിംഗെ വിശ്വാസവോട്ടു നേടി. അതിനുശേഷമാണ് പാർലമെന്റ് പിരിച്ചുവിടാനും ജനുവരി അഞ്ചിനു പുതിയ തിരഞ്ഞെടുപ്പ് നടത്താനും സിരിസേന ഉത്തരവിട്ടത്.     

പാർലമെന്റ് സ്വന്തം ഇഷ്ഗപ്രകാരം പിരിച്ചുവിടാൻ മുൻപ്് പ്രസിഡന്റിന് അധികാരമുണ്ട ായിരുന്നു. എന്നാൽ, സിരിസേനയും വിക്രമസിംഗെയും തമ്മിലുണ്ടായ ധാരണയനുസരിച്ച് ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയിലൂടെ അതിലും മാറ്റം വരുത്തുകയുണ്ടായി. 

അഞ്ചു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് നാലര വർഷം പൂർത്തിയാക്കിയാൽ മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്നാണ് പുതിയ വ്യവസ്ഥ. അല്ലെങ്കിൽ പിരിച്ചുവിടാൻ പാർലമെന്റ് തന്നെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ തീരുമാനിക്കണം. നിലവിലുള്ള സഭ നാലു വർഷം പൂർത്തിയാക്കിയതേയുള്ളൂ. അതിനാൽ, പാർലമെന്റ് ഇപ്പോൾ പിരിച്ചുവിട്ടതു ഭരണഘനയുടെ ലംഘനമാണെന്നാണ് സുപ്രീംകോടതിയുടെ വിധി. 

പന്ത് വീണ്ടും സിരിസേനയുടെ കോർട്ടിൽ എത്തിയിരിക്കുകയാണ്. എന്തായിരിക്കും അദ്ദേഹത്തിന്റെ അടുത്ത നടപടി ? ജനം ഉദ്വേഗത്തോടെ കാത്തിരിക്കുന്നു.