Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' നിവിനും ഞാനും ഒരുപോലെ, ടൊവിനോ വ്യത്യസ്തൻ '

aishvarya-lekshmi റിയൽ ലൈഫിലെ ഫാഷൻ സങ്കൽപങ്ങളെക്കുറിച്ച് മനോരമ ഓണ്‍ലൈനുമായി മനസ്സു തുറക്കുകയാണ് ഐശ്വര്യ.

അപ്പൂ ഞാനൊരുമ്മ തരട്ടെ എന്നു പറയുമ്പോൾ വേണമെന്നോ വേണ്ടെന്നോ പറയാതെ ആയിട്ടില്ലെന്നു പറഞ്ഞ നായിക, 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്നു ബോൾഡ് ആയി പറഞ്ഞ കാമുകി, ലിപ്‌‌ലോക്ക് രംഗങ്ങള്‍ അഭിനയിക്കുന്നത് ടാബൂ അല്ലെന്നു കാണിച്ച അഭിനേത്രി.. മായാനദിയിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് ഒഴുകിയിറങ്ങിവന്ന മാത്തന്റെ അപ്പു കുറച്ചൊന്നുമല്ല ചിന്തിപ്പിച്ചത്. നിഷ്കളങ്കമായ ചിരിയോടെയും തനതായ അഭിനയ ശൈലിയിലൂടെയും പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി എന്ന നടി തെളിയിക്കുന്നത് ഡോക്ടറാണ് എന്നത് സിനിമാ സ്വപ്നങ്ങൾക്കൊരു അതിർവരമ്പല്ലെന്നതാണ്... മായാനദിയിലെ ഐശ്വര്യയുടെ അഭിനയത്തെപ്പോലെ പ്രശംസ നേടിയത് ചിത്രത്തിലെ വസ്ത്രങ്ങൾ കൂടിയായിരുന്നു. റിയൽ ലൈഫിലെ ഫാഷൻ സങ്കൽപങ്ങളെക്കുറിച്ച് മനോരമ ഓണ്‍ലൈനുമായി മനസ്സു തുറക്കുകയാണ് ഐശ്വര്യ.

സാധാരണ ഡോക്ടർമാർ മേക്കപ്പിന്റെയും ഫാഷന്റെയും കാര്യത്തിൽ അത്ര േകാൺഷ്യസ് അല്ലെന്നാണ് പൊതുവെ പറയാറുള്ളത്?

aishvarya-fashion

അങ്ങനെ തീർത്തും പറയാൻ പറ്റില്ല, ഫാഷൻ കോൺഷ്യസ് ആയിട്ടുള്ളവരും ഉണ്ട്. ഒരു രോഗിയുടെ മുന്നിലിരിക്കുമ്പോൾ നമ്മളൊരിക്കലും തീരെ ‍ഡൾ ആയിരിക്കരുതെന്നാണ് എന്റെ അഭിപ്രായം. പിന്നെ അധികം കടുത്ത നിറങ്ങളല്ലാത്ത അവർക്കു പോസിറ്റിവിറ്റി തോന്നുന്ന രീതിയിലുള്ള ഡ്രസ് കോഡ് ആയിരിക്കും െപാതുവേ. എന്റെ കാര്യമെടുത്താൽ ഫാഷനേക്കാൾ ഞാൻ പ്രാധാനം കൊടുക്കുന്നത് കംഫർട്ടബിലിറ്റിയാണ്. ധരിക്കുന്ന വസ്ത്രം എനിക്കു കംഫർട്ടബിൾ ആണോയെന്നു മാത്രമേ നോക്കൂ. 

മായാനദിയിലെ ഓരോ വസ്ത്രങ്ങളും സൂപ്പർ ലൂൾ ലുക്കാണല്ലോ? എന്തു തോന്നുന്നു?

മായാനദിയിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് സമീറ സനീഷ് ആണ്. സത്യത്തിൽ ഭയങ്കര സന്തോഷം തോന്നി, എനിക്കിഷ്ടമുള്ള ചേരുന്ന വിധത്തിലുള്ള വസ്ത്രങ്ങളായിരുന്നു ഓരോന്നും. ചിത്രത്തിന്റെ വർക്കുകൾ നടക്കുന്നതിനു മുമ്പ് ഒരു ലുക്ടെസ്റ്റ് നടത്തിയിരുന്നു. ചിത്രം കണ്ട് ഒത്തിരിപേർ വിളിച്ചു പറഞ്ഞു വസ്ത്രങ്ങൾ മനോഹരമായിട്ടുണ്ടെന്ന്, ചിലരൊക്കെ ഓരോ സീനിലെയും രംഗങ്ങൾ പോലും ഓർത്തുവച്ചാണ് വിളിച്ചു പറഞ്ഞത്. 

സിനിമകൾക്കു വേണ്ടി ഗ്ലാമറസ് ആകുന്നതിനോട്?

ഓരോരുത്തരുടെയും ശരീരപ്രകൃതിയെക്കൂടി അനുസരിച്ചിരിക്കും ഗ്ലാമറസ് ആകുമ്പോൾ നന്നായിരിക്കുമോ മോശമായിരിക്കുമോ എന്നത്. ചിലർക്കൊക്കെ എത്ര ഗ്ലാമറസ് ആയാലും വൾഗർ ആയി തോന്നാറില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം എടുത്താൽ എനിക്കു ചില പരിമിതികൾ ഉണ്ട‌്, അവയ്ക്കപ്പുറം പോവുന്നവ ധരിക്കാൻ ചിലപ്പോൾ പ്രയാസമായിരിക്കും. എന്നുകരുതി തീരെ ഗ്ലാമറസ് ആകില്ലെന്നല്ല, ഞാനൊരു മോഡൽ കൂടിയാണ് എ​നിക്കു കംഫർട്ടബിൾ ആകുന്ന വസ്ത്രങ്ങൾ ധരിക്കാന്‍ തയാറാണ്. എനിക്കുതന്നെ ഇടുമ്പോൾ മോശമെന്നു തോന്നുന്നവ ഇടാൻ താൽപര്യമില്ല. 

മോഡലിങ്ങിലേക്കുള്ള വരവിനെക്കുറിച്ച്?

aishvarya-lekshmi

എംബിബിഎസ് പ​ഠിക്കുന്ന സമയത്ത് ഒരു സുഹൃത്ത് എന്റെ കുറച്ചു ചിത്രങ്ങൾ എടുത്തിരുന്നു. ചെറുപ്പം മുതൽക്കേ വനിതയുടെ കവർഗേൾ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സെലിബ്രിറ്റികൾക്കു മാത്രമേ ആ അവസരം ലഭിക്കൂ എന്നാണറിഞ്ഞത്. പിന്നീട് വനിതയുടെ ഉൾപ്പേജിൽ ഫാഷൻ ഫോട്ടോഷൂട്ട് ചെയ്തിരുന്നു, പതിയെ ചില പരസ്യങ്ങളും ചെയ്തു തുടങ്ങി. അങ്ങനെയാണ് ഈ മേഖലയിലേക്കുള്ള വരവ്. 

ഐശ്വര്യയുടെ ഫാഷൻ സ്റ്റേറ്റ്മെന്റിനെക്കുറിച്ച്?

നേരത്തെ പറഞ്ഞതുപോലെ ഫാഷനേക്കാൾ കംഫർട്ടബിളിനാണു ഞാൻ സ്ഥാനം നൽകുന്നത്, അതുതന്നെയാണ് എന്റെ ഫാഷൻ സ്റ്റേറ്റ്മെന്റും. കാണുമ്പോൾ ഭംഗി േതാന്നുകയും വേണം. കടുത്ത നിറങ്ങളോട് അധികം താൽപര്യമില്ല. വെള്ളയും കറുപ്പും വൈൻ റെഡുമൊക്കെയാണ് പ്രിയപ്പെട്ട നിറങ്ങൾ. കുർത്തകളും ജീൻസും ടീഷര്‍ട്ടുമൊക്കെയാണ് കൂടുതൽ ഇഷ്ടം. 

പൊതുവേ മിനിമൽ മേക്കപ്പിലാണല്ലോ കണ്ടിട്ടുള്ളത്?

മിനിമൽ മേക്കപ്പ് ഫോളോ ചെയ്യുന്നയാളാണു ഞാൻ. മോഡലിങ് ചെയ്യുന്ന സമയത്ത് ഒത്തിരി മേക്കപ് ഒക്കെ ഇടുമായിരുന്നു, പക്ഷേ എനിക്കു തന്നെ തോന്നി മേക്കപ് കൂടുതലായാൽ എന്നെ കാണാൻ അത്ര ഭംഗിയില്ലെന്ന്. പിന്നെ ആശുപത്രിയിൽ പോകുമ്പോൾ ലൈറ്റ് ആയിട്ടുള്ള മേക്കപ്പും ശീലിച്ചതുകൊണ്ടാകാം മേക്കപ്പ് ഒരുപാടാകുമ്പോൾ ഭയങ്കര അസ്വസ്ഥതയാണ്. ഒരു ഐലൈനറും ലിപ്സ്റ്റിക്കും കൺസീലറുമൊക്കെ ഒക്കെ ധാരാളമാണെനിക്ക്. പെർഫ്യൂം, ഐലൈനർ, ലിപ്സ്റ്റിക് എന്നീ മൂന്നു സാധനങ്ങൾ എന്റെ മേക്കപ് കിറ്റിൽ നിർബന്ധമായും ഉണ്ടാകും. 

സമൂഹമാധ്യമത്തിൽ സജീവമാണോ?

ഞാൻ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെയുണ്ട്. പലരും സിനിമകൾ കണ്ട് അഭിപ്രായങ്ങൾ പറയാറുണ്ട്. പറ്റുന്നതുപോലെയെല്ലാം മറുപടികളും കൊടുക്കാറുണ്ട്. ഇതുവരെയും അഭിനന്ദിച്ചുള്ള മെസേജുകളാണ് കൂടുതലും കിട്ടിയിട്ടുള്ളത്. ആ െമസേജുകളിലേറെയും അഭിനയത്തിനു വളരെ സഹായകമാണെന്നും തോന്നിയിട്ടുണ്ട്. ആ സീനിൽ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു ഇനി അഭിനയിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഓര്‍മിക്കണമെന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് എനിക്കവ ഏറെ സഹായകമാണ്. 

ഒപ്പം അഭിനയിച്ച നടന്മാരിൽ ഏറ്റവും  ഫാഷൻ സെൻസ് ഉള്ളതായി തോന്നിയിട്ടുള്ളത്?

aishvarya-lekshmi-with-nivin-tovino

നിവിനും ടൊവിനോയ്ക്കും ഒപ്പമാണ് ഞാൻ അഭിനയിച്ചത്. നിവിൻ ​എന്നെപ്പോലെയാണെന്നാണ് തോന്നിയിട്ടുള്ളത്, കക്ഷി കംഫർട്ടബിൾ ആയ വസ്ത്രമാണോ എന്നേ നോക്കുള്ളു. പിന്നെ കഥാപാത്രത്തിനു േവണ്ടി ഏതു ലുക്കിലെത്താനും തയാറാണ്. ഇനിയിപ്പോ നൂറു രൂപയുടെ ഷർട്ട് ആയാലും ആളു പരാതിയൊന്നും പറയില്ല. കഥാപാത്രത്തിനു യോജ്യമാണോ എന്നേ നോക്കൂ.

ടൊവിനോ നല്ല ഫാഷൻ സെൻസുള്ളയാണ്, ഞങ്ങളെപ്പോലെയേ അല്ല. സാധാരണ ജീവിതത്തിലും നല്ല സ്റ്റൈലിഷ് ലുക്കിലാണ് ടൊവിനോ നടക്കുക. അതുപോലെ തന്നെ നടി രജിഷയും നല്ല ഫാഷൻ സെന്‍സുള്ളയാളാണെന്നു തോന്നിയിട്ടുണ്ട്. 

ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ഛില്ലർ ഒരു ഡോക്ടർ കൂടിയാണ്. എന്തു തോന്നി ആ വിജയം അറിഞ്ഞപ്പോൾ? 

ഒരുപാടൊരുപാടു സന്തോഷം തോന്നി. എംബിബിഎസിനു പോകുന്നവർ പഠിപ്പിസ്റ്റുകൾ മാത്രമാണെന്നാണ് പൊതുവേയുള്ള ധാരണ. മാനുഷിയെപ്പോലുള്ളവർ പലർക്കും ഒരു പ്രചോദനമാണ്. കരിയറിനു വേണ്ടി സ്വപ്നങ്ങളെ മാറ്റിവെക്കേണ്ടതില്ലെന്ന സന്ദേശമാണ് മാനുഷിയുടെ വിജയം നൽകുന്നത്. മാനുഷി വിജയിച്ചതറിഞ്ഞപ്പോള്‍ എംബിബിഎസുകാർക്ക് പഠിക്കാൻ മാത്രമല്ല വേറെ പലതും അറിയാമെന്നൊക്കെ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam