അതു താനല്ലയോ ഇത്; ഇത്രയ്ക്ക് സിംപിളാണോ ദീപിക !!

അവാർഡ് നിശയിൽ പങ്കെടുക്കാന്‍ എത്തിയപ്പോൾ, മാസങ്ങൾക്കു മുമ്പ് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ

സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു അവാര്‍ഡ് നിശയിലോ വിവാഹ സൽക്കാരത്തിലോ ധരിച്ച വസ്ത്രം പിന്നീടൊരിക്കലും അവർ ധരിക്കാറില്ല. അതായത് കാമറക്കണ്ണുകൾ എപ്പോഴും പിന്തുടരുന്നതുകൊണ്ട് വസ്ത്രധാരണത്തിൽ അൽപം ജാഗരൂകരായേ പറ്റൂ എന്നു ചുരുക്കം. എന്നാൽ ബോളിവുഡിലെ താരസുന്ദരി ദീപിക പദുക്കോണിന് ഇപ്പറഞ്ഞതൊന്നും ഒരു പ്രശ്നമല്ലെന്നു  മാത്രമല്ല ഒരിക്കൽ ധരിച്ചവ തന്നെ വീണ്ടും മറ്റൊരു പൊതുപരിപാടിയിൽ ധരിക്കാനും തെല്ലും മടിയില്ല. 

അടുത്തിടെ രണ്ടു പൊതുപരിപാടികളിൽ പങ്കെടുത്തപ്പോഴും ദീപിക മുമ്പു ധരിച്ചിട്ടുള്ള വസ്ത്രങ്ങൾ തന്നെയാണ് തിരഞ്ഞെടുത്തത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മുംബൈയിൽ വച്ചു പത്മാവത് എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ വന്നപ്പോൾ ദീപിക ധരിച്ച വെള്ള നിറത്തിലുള്ള അനാർക്കലിയിലായിരുന്നു കാഴ്ചക്കാരുടെ ശ്രദ്ധ പതിഞ്ഞത്. കണ്ടപ്പോൾ തന്നെ ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നും പലർക്കും തോന്നിയിരുന്നു. ഒരഞ്ചു വർഷം മുമ്പാണ് ദീപിക അതേ വെള്ള അനാർക്കലി ധരിച്ച് മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ചെന്നൈ എക്സ്പ്രസ് എന്ന തന്റെ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായിരുന്നു താരം വെള്ളനിറത്തിൽ മാലാഖയെപ്പോലെ എത്തിയത്. 

പത്മാവതിന്റെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ രൺവീറിനൊപ്പം, 5 വർഷം മുമ്പ് ചെന്നൈ എക്സ്പ്രസിന്റെ ട്രെയിലർ ലോഞ്ചിൽ ഷാരൂഖിനൊപ്പം

അതേ വസ്ത്രം തന്നെ വീണ്ടും ധരിച്ചപ്പോൾ പലരും അതു യാദൃശ്ചികമാകാം എന്നേ കരുതിയുള്ളു. എന്നാൽ ഒടുവിലായി മുംബൈയിൽ വച്ചു നടന്ന ഒരു അവാർഡ് ഷോയിലും ദീപിക മുമ്പു ധരിച്ച ഒരു സാരിയിൽ പ്രത്യക്ഷപ്പെട്ടതോടെ പലർക്കും മനസ്സിലായി അറിയാതെ സംഭവിച്ചതുകൊണ്ടല്ല മറിച്ച് ഇതൊന്നും ദീപിക അത്ര കൂസലാക്കാത്തതുകൊണ്ടാണെന്ന്. പുരസ്കാര ചടങ്ങിലേക്കായി ധരിച്ച പിങ്ക് നിറത്തിലുള്ള സിൽക്ക് സാരിയാണ് മാസങ്ങൾക്കു മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹത്തിനായി ധരിച്ചതും. 

ഇനി വീണ്ടുംവീണ്ടും ധരിച്ചതുകൊണ്ടുതന്നെ ഈ സാരിയോട് ദീപികയ്ക്കെന്തെങ്കിലും മമതയുണ്ടാകും എന്നു ചിന്തിച്ചവരേറെയാണ്, അത്തരക്കാരുടെ ശ്രദ്ധയ്ക്ക് നടി രേഖ സമ്മാനിച്ച സിൽക്ക് സാരിയാണത്. തീർന്നില്ല അന്ന് സാരിക്കൊപ്പം അണിഞ്ഞ അതേ സ്വർണാഭരണങ്ങൾ തന്നെ ഇക്കുറിയും ആവർത്തിച്ചു. കഴിഞ്ഞ വർഷം അംബാനി കുടുംബം നടത്തിയ പാർട്ടിയിൽ ദീപിക ധരിച്ചതും ഇതേ ഗോൾഡൻ ജ്വല്ലറി തന്നെയായിരുന്നു. 

എന്തായാലും ഓരോ ഫങ്ഷനുകൾക്കും പുതുപുത്തൻ സ്റ്റൈലും ട്രെൻഡും െകാണ്ടുവരാൻ മൽസരിക്കുന്ന നടിമാർ ദീപികയെ ഒന്നു കണ്ടുപഠിക്കുന്നത് നല്ലതായിരിക്കും. ലുക്കിലല്ല വർക്കിലാണു കാര്യം എന്ന ഹിറ്റ് മലയാളം സിനിമാ ഡയലോഗു കൂടി ഓർമിപ്പിക്കുകയാണ് ദീപിക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam