Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെയും ഫഹദിന്റെയും ആ മാസ് ലുക്കിന് പിന്നിൽ

varathan-costumes

പൂക്കളുള്ള ഫ്രോക്കുകളും ലൈറ്റ് കളറുകളിലുള്ള ഗൗണുകളുമണിഞ്ഞ ഐശ്വര്യയും സ്റ്റൈല്‍ ഷര്‍ട്ടുകളിലെ ഫഹദും. എന്താ സ്റ്റൈല്‍...എന്നു പറഞ്ഞു പോകുമായിരുന്നു ഓരോ സീനുകളിലും അവരെ കാണുമ്പോള്‍. അത്രയ്ക്കു രസകരമായിരുന്നു വരത്തന്‍ എന്ന ചിത്രത്തിലെ വസ്ത്രങ്ങളും ആക്സസറീസുമെല്ലാം. മാഷര്‍ ഹംസയാണ് ആ സ്‌റ്റൈലിഷ് ഫ്രോക്കുകള്‍ക്കും ഷര്‍ട്ടുകള്‍ക്കും വാച്ചുകള്‍ക്കും ചപ്പലുകള്‍ക്കുമൊക്കെ പിന്നില്‍. ചിത്രത്തില്‍ കണ്ട നമുക്ക് മാത്രമല്ല അവയെല്ലാം അമല്‍ നീരദ് എന്ന സംവിധായകന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുത്ത മാഷറിനും നവ്യാനുഭൂതിയായിരുന്നു വരത്തന്‍.

ഞാനും കാത്തിരിക്കുകയായിരുന്നു...

അടുത്തിടെ ചെയ്ത പറവ, കിസ്മത്, സുഡാനി ഫ്രം നൈജീരിയ..ഇതൊക്കെ റിയലിസ്റ്റിക് മൂവികള്‍ ആയിരുന്നു. അവയിലെല്ലാം വേറൊരു ലെവലിലുള്ള കോസ്റ്റ്യൂമുകള്‍ ആണല്ലോ വേണ്ടത്. അതുകൊണ്ടു തന്നെ ഞാനും ആഗ്രഹിച്ചിരിക്കുകയായിരുന്നു ഇത്തരത്തിലുള്ളൊരു ചിത്രം ചെയ്യാന്‍. അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് എന്ന ചിത്രത്തിലും കോസ്റ്റ്യൂം ചെയ്യുന്നത് ഞാനാണ്. അതിന്റെ ക്യാമറാമാൻ അമല്‍ നീരദ് ആണ്. അമല്‍ ചേട്ടനുമായ് ഞാന്‍ ട്രാന്‍സിന്റെ കോസ്റ്റ്യൂം എങ്ങനെ വേണം എന്നതിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. നല്ലൊരു മാനസിക അടുപ്പമുണ്ട് ഞങ്ങള്‍ക്കിടയില്‍. അങ്ങനെയാണ് അദ്ദേഹം ഈ ചിത്രം ചെയ്തപ്പോള്‍ എന്നെ കൂടെ കൂട്ടിയത്. 

varathan-aiswara-fahad

മുന്‍പൊരിക്കലും കണ്ടതു പോലെയാകരുത്!

അമല്‍ ചേട്ടന്റെ മനസ്സില്‍ ഓരോ കഥാപാത്രങ്ങളും ഓരോ സീനിലും എന്ത് തരം ഡ്രസ് ഇടണം എന്ത് തരം ആക്‌സസറീസ് ഉപയോഗിക്കണം എന്നതിനെ കുറിച്ചു പോലും വ്യക്തമായ ധാരണ ഉണ്ടാകും. നമുക്ക് അതിലേക്ക് എത്തുക വെല്ലുവിളിയാണ്. പക്ഷേ ഒരിക്കലും ഒരു സമ്മര്‍ദ്ദം തോന്നുകയില്ല. അമല്‍ ചേട്ടന്റെ ഓഫിസില്‍ ഇരുന്ന് ഏകദേശം ഒരു മാസത്തോളം ഞാനും അദ്ദേഹവും ക്യാമറാമാനും കൂടിചേര്‍ന്ന് ഇതേ സംബന്ധിച്ചുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. പ്രധാനമായും പറഞ്ഞത് ഐശ്വര്യയേയും ഫഹദിനേയും മുന്‍പൊരിക്കലും ഇതുപോലൊരു ലുക്കില്‍ കണ്ടിട്ടുണ്ടാകരുത് എന്നായിരുന്നു. നഗരത്തില്‍ ആഡംബര ജീവിതം നയിക്കുന്ന കഥാപാത്രങ്ങള്‍ ഫഹദ് ഒരുപാട് വട്ടം ചെയ്തിട്ടുണ്ടല്ലോ. ഇവിടെയും അങ്ങനെയാണ്. അതുകൊണ്ട് തീര്‍ത്തും പുതുമയുള്ളതാകണം എന്നു മാത്രമല്ല സ്റ്റൈലിഷ് ആയിരിക്കണം എന്നും പറഞ്ഞു. ഫ്‌ളാഷ് ബാക്ക് കാണിക്കുമ്പോഴും ഇപ്പോഴത്തെ ജീവിതം കാണിക്കുമ്പോഴും മോഡേണ്‍ ഡ്രസുകള്‍ മതി ഇരുവര്‍ക്കും. പക്ഷേ ആ ഡ്രസിലൂടെ ജീവിതത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ വരണമായിരുന്നു. ഫ്‌ളാഷ് ബാക്കില്‍ ഐശ്വര്യ കൂടുതലും കുറേ കൂടി വര്‍ണാഭമായ ഡ്രസുകളും പിന്നീടുള്ള ജീവിതത്തില്‍ കുറച്ചുകൂടി വൈറ്റ്, ഗ്രേ, ബ്ലൂ കോമ്പിനേഷനുകളുള്ള ഡ്രസുകളുമാണ് ധരിച്ചത്. അത് വര്‍ക്ക് ഔട്ട് ആയി, പ്രേക്ഷകര്‍ക്ക് അത് നന്നായി ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു. കുറേ പേര്‍ അതേക്കുറിച്ച് പറഞ്ഞ് വിളിച്ചിരുന്നു. ഫഹദിന്റെ ഡ്രസുകളേയും വാച്ചുകളേയും അര്‍ജുന്‍ അശോകന്റെ ചെരുപ്പുകളേയും കുറിച്ചു പോലും കമന്റ് വന്നു. ഐശ്വര്യയുടെ ഫ്‌ളോറല്‍ ഡിസൈനിലുള്ള ഫ്രോക്കുകളേയും ഒരുപാടിഷ്ടപ്പെട്ടു എന്നറിയാന്‍ കഴിഞ്ഞു. ഒരു അമല്‍ നീരദ് ചിത്രത്തില്‍ വര്‍ക് ചെയ്തിട്ട് അത്തരമൊരു പ്രതികരണം കിട്ടുമ്പോള്‍ വലിയ സന്തോഷമാണ്.

varathan-costumes-mashar-hamsa

ആ ചെരുപ്പിലുണ്ട് കഥാപാത്രത്തിന്റെ സ്വഭാവം

ഈ സിനിമയിലെ വസ്ത്രങ്ങള്‍ തന്നെയൊരു കഥാപാത്രമാണ്. ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നതാകണമായിരുന്നു ഓരോ വസ്ത്രങ്ങളും അവര്‍ അണിയുന്ന മറ്റ് കാര്യങ്ങളുമൊക്കെ. അത് മനസ്സില്‍ വച്ചാണ് ഓരോരുത്തര്‍ക്കും വേണ്ടി ഓരോന്നും വാങ്ങിയത്. അതില്‍ എനിക്ക് ഏറ്റവും സര്‍പ്രൈസ് ആയി തോന്നിയത് അര്‍ജുന്‍ അശോകന് നല്‍കിയ ചെരുപ്പാണ്. ഈ ചെരുപ്പിലുണ്ട് കേട്ടോ സ്വഭാവം...എന്നു പറഞ്ഞാണ് ഞാന്‍ അര്‍ജുന് അത് നല്‍കിയത്. അതേ കമന്‌റ് എന്നോട് ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ പറഞ്ഞു. ആകെ ത്രില്‍ ആയി. മച്ചാനേ...ഇത് കണ്ടോ നമ്മള്‍ പറഞ്ഞതു പോലെ തന്നെ...എന്നു പറഞ്ഞ് ആ കമന്‌റിന്റെ സ്‌ക്രീന്‍ ഷോട്ട് ഒക്കെ ഞാന്‍ അര്‍ജുന് അയച്ചു കൊടുത്തു. ആളുകള്‍ സൂക്ഷ്മമായി വസ്ത്രങ്ങളും മറ്റും ശ്രദ്ധിക്കുന്നത് അറിയുന്നത് വലിയ സന്തോഷമുളള കാര്യമാണ്.

mashar-hamsa-varathan

നാട്ടുമ്പുറത്തുകാരുടെ വസ്ത്രം!

ഒന്നിനും വേണ്ടി പ്രത്യേകം പഠനം നടത്താറില്ല ഞാന്‍. സംവിധായകന്‍ പറയുന്നതിനനുസരിച്ച് ചെയ്യാറാണ് പതിവ്. കാരണം നമ്മുടെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നമ്മുടെ ആളുകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള അറിവ് നമുക്ക് കിട്ടിക്കഴിഞ്ഞു. യാത്രകള്‍ ചെയ്യുമ്പോഴൊക്കെ അതാത് നാടുകളിലെ ആളുകളുടെ വസ്ത്രം എങ്ങനെയാണ് എന്നൊക്കെ നോക്കി വയ്ക്കാറുണ്ട്. അത് മാത്രമാണ് ഒരു പഠനം. നമുക്കറിയാമല്ലോ ഹൈറേഞ്ചിലെ ആളുകളുടെ വസ്ത്ര ധാരണം എങ്ങനെയായിരിക്കും എന്നെല്ലാം. അത് അതേപടി ആവര്‍ത്തിച്ചു എന്നേയുള്ളൂ. ഇതെല്ലാം നമുക്കിടയിലെ മനുഷ്യരില്‍ നിന്ന് അഡാപ്റ്റ് ചെയ്തതാണ്.

fahad-aiwsarya-lekshmi-varathan

ഐശ്വര്യയ്‌ക്കൊപ്പമുള്ള യാത്ര... ഫഹദിന് എല്ലാത്തിനോടും ഇഷ്ടം!

അമല്‍ ചേട്ടന്‍ വലിയ സ്വാതന്ത്ര്യമാണ് എനിക്കു തന്നത്. ഐശ്വര്യയുടെ വസ്ത്രങ്ങള്‍ ഇത്രയും പെര്‍ഫെക്ട് ആകാനുള്ള കാരണം അതാണ്. വസ്ത്രങ്ങളും ആക്‌സസറീസും ഞാന്‍ തന്നെ പോയി ഇഷ്ടമുള്ളത് വാങ്ങി കൊണ്ടുവരികയായിരുന്നില്ല. ഐശ്വര്യയും ഞാനും ഒരുമിച്ചാണ് ഇതെല്ലാം വാങ്ങാന്‍ പോയത്. അതിനുള്ള ഡേറ്റും കാര്യങ്ങളുമെല്ലാം അമല്‍ ചേട്ടന്‍ റെഡിയാക്കി തന്നു. ബാംഗ്ലൂരിലെ പല ഷോപ്പുകളിലും കയറിയിറങ്ങി ഓരോ വസ്ത്രങ്ങളും ഐശ്വര്യയ്ക്ക് ഇട്ടു നോക്കി ചേരുന്നെങ്കില്‍ മാത്രമായിരുന്നു എടുത്തിരുന്നത്. എല്ലാ വസ്ത്രങ്ങളും അങ്ങനെ തന്നെയാണു തിരഞ്ഞെടുത്തത്. ഐശ്വര്യയ്ക്ക് ഒന്നിനും എതിരഭിപ്രായം ഇല്ലായിരുന്നു. ഞാന്‍ സെലക്ട് ചെയ്യുന്നതൊക്കെ ആളിന് ഇഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് ജോലി കൂടുതല്‍ എളുപ്പമായി.

ഫഹദിന്റെ വസ്ത്രങ്ങളെല്ലാം ഞാന്‍ തനിച്ച് പോയി വാങ്ങിയതാണ്. അദ്ദേഹത്തിന് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ല. ഏത് ഷര്‍ട്ട് കയ്യില്‍ കൊടുത്താലും...ആ നന്നായിട്ടുണ്ട് എന്ന് പറയും. അതു കേള്‍ക്കുന്നതു തന്നെ വലിയ സന്തോഷമല്ലേ.

ഇനി...

mashar-hamsa-with-dulquar

നല്ല വസ്ത്രങ്ങളണിഞ്ഞ ആളുകളെ കാണുന്നതാണ് എനിക്കെന്നും ഇഷ്ടമുള്ള കാര്യം. ഓരോരുത്തരും അവര്‍ക്ക് ചേരുന്ന നല്ല വസ്ത്രങ്ങള്‍ ഇട്ടു കാണണം എന്നാണ് ചെറുപ്പം മുതലേ ആഗ്രഹിച്ചതും. ആ വഴിക്കു തന്നെയാണു നടന്നതും. മലപ്പുറത്തെ താനൂര്‍ ആണ് എന്റെ വീട്. ഉപ്പയ്ക്ക് ഒരു തയ്യല്‍ കട ഉണ്ടായിരുന്നു. അതാവും ഈ ഇഷ്ടത്തിനെ മനസ്സില്‍ കയറ്റിയത്. സിനിമയിലെത്തണം എന്നത് വലിയ സ്വപ്‌നമായിരുന്നു. പക്ഷേ ഇത്രയും അവസരങ്ങളൊന്നും ഞാന്‍ സ്വപ്‌നം കണ്ടതേയല്ല. ഇങ്ങനെ കുറേ ചിത്രങ്ങള്‍ കിട്ടും എന്നൊന്നും മനസ്സില്‍ കരുതിയില്ല. താനൂരില്‍ നിന്ന് കൊച്ചിയിലേക്കു വന്ന് പിന്നെ സിനിമയ്‌ക്കൊപ്പം വലിയ ഇടവേളയില്ലാതെ പോകാനായി. അതുകൊണ്ട് എനിക്ക് വലിയ സ്വപ്നങ്ങളൊന്നുമല്ല. കുറേ സിനിമകള്‍ ചെയ്യാനാകണം എന്ന ആഗ്രഹമേയുള്ളൂ മനസ്സില്‍.

പരസ്യങ്ങളിലായിരുന്നു തുടക്കം. അങ്ങനെയാണ് സമീര്‍ താഹിറിനെ പരിചയപ്പെടുന്നത്. എനിക്ക് അദ്ദേഹം സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ ചിത്രം, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നതിലൂടെയാണ് എന്റെ തുടക്കം. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ദുല്‍ഖറിനെ വച്ചൊരു സിനിമ ചെയ്യുന്നുണ്ട്. അടിപൊളിയാ...നീയും കൂടിക്കോ എന്നു പറഞ്ഞു. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. പിന്നെ കമ്മട്ടിപ്പാടം ഉള്‍പ്പെടെ കുറേ സിനിമകള്‍ ചെയ്തു. 

mashar-hamsa-costume-designer

എന്നെങ്കിലുമൊരിക്കല്‍ ഒരു ബ്രാന്‍ഡിന് തുടക്കം കുറിക്കണം എന്നൊരു സ്വപ്‌നമുണ്ട്. നിലവില്‍ സിനിമയാണു മനസ്സില്‍ നിറയെ. ട്രാന്‍സ് കൂടാതെ, ഉണ്ട, സൗബിന്റെ അമ്പിളി, ഓസ്‌കര്‍ ഗോസ് റ്റൂ...തുടങ്ങിയ ചിത്രങ്ങളിലും കോസ്റ്റ്യൂം ചെയ്യുന്നുണ്ട്.