സൗന്ദര്യമത്സര വിജയി പ്രഖ്യാപനത്തിനിടെ ബോധം കെട്ടുവീണു; വിതുമ്പി കീരിടം ചൂടി

ആദ്യം ഞെട്ടിത്തരിച്ചൊരു നോട്ടം; പിന്നെ ആനന്ദക്കണ്ണീർ; വശ്യമായ പുഞ്ചിരിയുമായി കൈവീശൽ; സൗന്ദര്യമൽസരത്തിനൊടുവിൽ വിജയിയെ പ്രഖ്യാപിക്കുന്ന അവസാനരംഗം ഏതാണ്ടെല്ലായ്പ്പോഴും ഇങ്ങനെയാണെങ്കിൽ മിസ് ഗ്രാൻഡ് ഇന്റർനാഷനൽ കീരിടം ചൂടിയ പാരഗ്വായ് സുന്ദരി ക്ലാര സോസ (24) പ്രഖ്യാപനം കേട്ടു വേദിയി‍ൽ ബോധം കെട്ടുവീണു. മ്യാൻമറിലെ യാങ്കോണിൽ മിസ് ഗ്രാൻഡ് ഇന്റർനാഷനൽ മൽസരവേദിയിലാണ് സംഭവം.

രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നിൽക്കുകയായിരുന്നു ക്ലാര. മീനാക്ഷി താങ്ങിപ്പിടിക്കാൻ ശ്രമിച്ചെലും വെറുതെയായി. എല്ലാവരും ചുറ്റും കൂടി നിൽക്കുന്നതിനിടെ, ബോധം വീണ്ടെടുത്ത സുന്ദരി പിന്നെ വിതുമ്പി കിരീടം ചൂടി. മ്യാൻമറിലെ യാങ്കോണിൽ നടന്ന മൽസരത്തിലാണു നാടകീയരംഗങ്ങൾ.

നിയമവിദ്യാർഥിയായ ക്ലാര പാചകവിദഗ്ധകൂടിയാണ്. സ്വന്തമായി റസ്റ്ററന്റ് തുടങ്ങണമെന്ന സ്വപ്നവുമായി ജീവിക്കുന്ന അവർക്ക് മറ്റൊരു മോഹം കൂടിയുണ്ട്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിട്ടു കാണണം; സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ഉപദേശിക്കാ‍ൻ!