ദീപികയുടെ ആ ചുവപ്പ് ലെഹംഗയിൽ സബ്യസാചി മാജിക്!

സബ്യസാചി മുഖർജി അണിയിച്ചൊരുക്കിയ മനോഹരമായ ‌െലഹംഗ അണിഞ്ഞാണ് ദീപിക പദുകോൺ വിവാഹവേദിയിലെത്തിയത്. പാരമ്പര്യതനിമയുള്ള ആഭരണങ്ങളും വളകളും തോടയും അണിഞ്ഞ ദീപിക കാഴ്ചയിൽ രജപുത്രരാജകുമാരിമാരെ ഓർമിപ്പിച്ചു. ചുവപ്പ് നിറത്തിലുള്ള മുത്തുകളും കല്ലുകളും പിടിപ്പിച്ച ലഹംഗയിൽ സബ്യാസാചി ഒരു മാജിക്കും ഒള്ളിപ്പിച്ചുണ്ടായിരുന്നു. അത്ര പെട്ടന്ന് ആർക്കും കണ്ടുപിടിക്കാനാകാത്ത ഒന്നായിരുന്നു അത്.

ലെഹംഗയോടൊപ്പമുള്ള ദുപ്പട്ടയിൽ സദാസൗഭാഗ്യവതി ഭവയെന്ന് സ്വർണ്ണലിപികൾ എഴുതിയത് വസ്ത്രത്തിന്റെ ശോഭ കൂട്ടി. ഇതുപോലെയുള്ള സ്നേഹം നിറഞ്ഞ ആശംസ നൽകാൻ സബ്യാസാചിക്കേ സാധിക്കൂ എന്നാണ് ലഹംഗയിലെ മാജിക്ക് കണ്ടവരുടെ അഭിപ്രായം. രൺവീറും ചുവപ്പ് നിറത്തിലുള്ള ഷെർവാണിയും തലപ്പാവും അണിഞ്ഞാണ് സിദ്ദി രീതിയിലുള്ള വിവാഹത്തിന് എത്തിയത്. 

പിറ്റേന്നു കൊങ്കിണി ആചാരപ്രകാരമുള്ള വിവാഹത്തിനും സബ്യസാചി സ്പർശം ഉണ്ടായിരുന്നു. തൂവെള്ള കുർത്തയണിഞ്ഞ് രൺവീറും സ്വർണ്ണ നിറമുള്ള സാരിയണിഞ്ഞെത്തിയ ദീപികയും കണ്ണുകൾക്ക് വീണ്ടും സൗന്ദര്യമുള്ള കാഴ്ചയായി. രണ്ടാംദിനം കുന്ദൻശൈലിയിലുള്ള ആഭരണങ്ങളും വലിയ ജിമിക്കിയും അണിഞ്ഞ ദീപിക പരമ്പരാഗത പ്രൗഢിയിൽ തിളങ്ങി. ഇറ്റലിയിൽ ലോകേമോ തടാകത്തിന്റെ കരയിലെ സ്വപ്നസൗഥത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് രൺവീറിന്റെ സ്വന്തം ദീപികയുടെ ചിത്രങ്ങൾക്കായി കാത്തിരുന്നത്.