ട്രെന്റായി നെക്ലെസ് സ്കാർഫ് ; തിളങ്ങാം ചങ്കി സ്റ്റെലിൽ

ടി– സ്കാർഫുകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ ട്രെൻഡാണ് നെക്ലെസ് സ്കാർഫ്. ടിഷർട്ടിനോ ട്യൂണിക്കിനോ ഒപ്പം ഉപയോഗിക്കാവുന്ന തരത്തിൽ നെക്ലെസ് ഘടിപ്പിച്ച സ്കാർഫാണിത്. സാധാരണ സ്കാർഫിനെക്കാൾ നേർത്ത നിറ്റിങ് ആണ് ഇത്തരം സ്കാർഫിൽ ഉപയോഗിക്കുക. 

ചങ്കി സ്റ്റൈലിലും എത്നിക് ശൈലിയിലും സ്കാർഫ് നെക്ലെസുകൾ ഉപയോഗിക്കാറുണ്ട്. സ്കാർഫിനൊപ്പം ഉപയോഗിക്കുന്ന വസ്ത്രം ഏതു തരത്തിലുള്ളതാണ് എന്നതിനനുസരിച്ചാണീ ഭാവമാറ്റം. ചങ്കി നെക്ലെസുകൾ ആണ് ഘടിപ്പിക്കുന്നതെങ്കിൽ സ്കാർഫിനു വീതി കുറയും. ക്രഷ്ഡ് മെറ്റീരിയലുകൾ ഉപയോഗിക്കുകയോ പിന്റക് ഉപയോഗിച്ച് ഒതുക്കുകയോ നോട്ട് ഇടുകയോ ചെയ്യും. സ്കാർഫിന്റെ നിറത്തിനു ചങ്കി നെക്ലെസുകളോടൊപ്പം വരുമ്പോൾ പ്രാധാന്യം കുറയും. 

എത്നിക് സ്കാർഫ് നെക്ലെസിനു വലിയ ബീഡുകളും മെറ്റൽ പാനലുകളും ഉപയോഗിക്കും. ദുങ്കുരുകളും മണികളും നീട്ടിയിടുന്നും ഇവയിൽ പതിവാണ്. എന്നാൽ ഇവയൊന്നും സ്കാർഫിനുപയോഗിക്കുന്ന തുണിത്തരത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല. കോൺട്രാസ്റ്റ് ആണ് തുണിക്കും നെക്ലെസിനും ഇടയിലെ കെമിസ്ട്രി. 

നീളത്തിന്റെ കാര്യത്തിൽ സാധാരണ സ്കാർഫ് പോലെയിരിക്കുമെങ്കിലും ഇടുമ്പോൾ രണ്ടു തവണ ചുറ്റിയിട്ടാലേ നെക്ലെസ് കഴുത്തിനു തൊട്ടുതാഴെയായി ചോക്കർ ശൈലിയിൽ കിടക്കൂ. ഡിറ്റാച്ചബിൾ നെക്ലെസുകളാണ് മിക്ക സ്കാർഫിനുമൊപ്പമുള്ളത്. ഫ്ലോറൽ നെക്ലെസ് സ്കാർഫുകൾ വൈറ്റ് , ഗ്രേ, ന്യൂഡ് നിറങ്ങളോടൊപ്പം ഏറെ ട്രെൻഡിയാണ് .

റൺമിഫ, വൈസോപ്, ഡിഗേറ്റ് , ബിസെയർ, ഡെവിൻലാ തുടങ്ങിയ രാജ്യാന്തര ആഭരണ ബ്രാൻഡുകളും  ആമസോൺ, അലിഎക്സ്പ്രസ് തുടങ്ങിയ ഇ –കൊമേഴ്സ് സൈറ്റുകളും നെക്ലെസ് സ്കാർഫ് കച്ചവടത്തിൽ മുൻപന്തിയിലാണ്. 500 രൂപ മുതൽ മുകളിലേക്കാണ് വില.