പെൺമക്കൾ ശരിക്കും ‘സ്പെഷൽ’: ബിഗ്ബി

‘പെൺമക്കൾ വളരെ സ്പെഷൽ ആണ്. വീട്ടിലേക്ക് സന്തോഷവും സമാധാനവും ഐശ്വര്യവുമൊക്കെ കൊണ്ടുവരുന്നത് പെൺമക്കളാണ്. ’പെണ്ണായി പിറന്ന ഓരോരുത്തർക്കുമുള്ള ഈ പ്രശംസ സാക്ഷാൽ അമിതാഭ് ബച്ചന്റേതാണ്. അച്ഛന്റെയും മകളുടെയും അടുപ്പത്തിന്റെ കഥ പറയുന്ന ‘പികു’ എന്ന ഹിന്ദി ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലാണ് ഇപ്പോൾ ബിഗ്ബി.

‘ പെൺകുട്ടി വീടിനു വളരെ പ്രിയപ്പെട്ടവളാണ്. അവൾ സരസ്വതിയാണ്, ലക്ഷ്മിയാണ്, സീതയും ദുർഗയുമാണ്. എല്ലാത്തിലുമുപരി അവൾ അമ്മയാണ്. നമ്മുടെ കരങ്ങളിലേക്കാണ് അവൾ പിറന്നു വീഴുന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവൾ വീട്ടിൽ സന്തോഷം നിറയ്ക്കുന്നു. ഇരുട്ടിൽ വെളിച്ചം പകരുന്നു. ദാഹിക്കുന്നവർക്ക് വെള്ളത്തിന്റെ കുളിരാകുന്നു. നടന്നു നീങ്ങുന്ന വഴിയിലൊക്കെ പൊട്ടിച്ചിരിയുടെ മണികിലുക്കുന്നു. അവളുടെ കലപില വർത്തമാനവും ചിരിയുമൊക്കെയാണ് ഒരു വീട്ടിലെ ഏറ്റവും സംഗീതാത്മകമായ ശബ്ദം. അവളാണ് ഒരു വെറും വീടിനെ സ്നേഹഭവനമാക്കി മാറ്റുന്നത്. നമ്മുടെ വഴികളിൽ അവൾ നമ്മെ നയിക്കുന്നു.’ പെൺമക്കളെ കുറിച്ച് ബ്ലോഗിൽ ബിഗ്ബി വാചാലനാകുന്നു.

ശ്വേതയുടെ അച്ഛൻ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും ബച്ചൻ കൂട്ടിച്ചേർത്തു. എല്ലായ്പ്പോഴും മകളുടെ മനസിനൊപ്പം നിൽക്കാൻ കഴിയുന്ന അച്ഛനാകുന്നത് ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിരത്നത്തിന്റെ പുതിയ ചിത്രം ‘ഓ കാതൽ കൺമണി’യുടെ പ്രത്യേക സ്ക്രീനിങ് കാണാൻ മകൾ ശ്വേതയ്ക്കൊപ്പമാണ് ബിഗ്ബി എത്തിച്ചേർന്നത്.