Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിഫോർ ഡാൻസിന്റെ സ്വത്ത്, പുത്തൻ സിനിമയുടെ മുത്ത്!

Sreejith ശ്രീജിത്ത്

കാൽപാദങ്ങൾ കൊണ്ടുള്ള ചിത്രകലയാണു നൃത്തം. താളത്തിനൊപ്പം ചുവടു തെറ്റാതെ അലിഞ്ഞും അറിഞ്ഞും അതിലൊഴുകുകയാണ് ഒരു നർത്തകൻ. നൃത്തം സ്ത്രീകള്‍ക്കു മാത്രമുള്ളതാണെന്ന സങ്കൽപമൊക്കെ മാറി. പെൺചുവടുകളേക്കാൾ കവച്ചു വയ്ക്കും വിധത്തിലുള്ള ആൺചുവടുകളും ഇന്ന് അരങ്ങ് കൊഴുപ്പിക്കാൻ തുടങ്ങി. കൊച്ചി സ്വദേശിയായ ശ്രീജിത്തിന് നൃത്തം ഇന്നോ ഇന്നലെയോ അല്ല കുട്ടിക്കാലം തൊട്ടേ തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. ടാ തടിയാ, ഒരു വടക്കൻ സെൽഫി, ലോഹം, വർഷം എന്നീ ചിത്രങ്ങൾക്കു കോറിയോഗ്രാഫി ചെയ്തതിനൊപ്പം ഡിഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ ഗ്രൂമറും വിവിധ അവാർഡ് നൈറ്റുകളുടെ കോറിയോഗ്രാഫറുമാണ് ഈ അനുഗ്രഹീത കലാകാരന്‍. നൃത്തകലാരൂപങ്ങൾ ആവിഷ്കാര ചാരുതയോടെ അവതരിപ്പിക്കുന്ന കൊച്ചി പനമ്പള്ളി നഗറിലുള്ള ഡാൻസിറ്റിയെക്കുറിച്ചും നൃത്തലോകത്തെക്കുറിച്ചും മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ശ്രീജിത്ത്.

നൃത്തത്തിലേക്കു തിരിയുന്നത് എപ്പോള്‍ മുതലാണ്?

പഠനകാലം തൊട്ടെ നൃത്തത്തിനോടു താൽപര്യമുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആലുവയിലുണ്ടായിരുന്ന ഒരു ബ്രേക് ഡാൻസ് സ്കൂളിലേക്കു പോകുന്നത്. അന്നൊക്കെ പ്രഭുദേവയുടെ നൃത്തം കണ്ടിട്ടു ശരിക്കും ഭ്രാന്തുപിടിച്ചു നടക്കുന്ന കാലമായിരുന്നു. പക്ഷേ ഇന്നത്തേതുപോലെ അധികം ഡാൻസ് സ്കൂളുകളൊന്നും ഇല്ലതാനും. പിന്നീട് കോളേജിലൊക്കെ എത്തിയപ്പോൾ നൃത്തത്തെ ഇത്തിരികൂടി ഗൗരവമായി കാണാൻ തുടങ്ങി. പരിപാടികൾക്കൊക്കെ വേണ്ടി ക്ലാസിക്കൽ ഡാൻസും പരിശീലിച്ചു. അങ്ങനെ ചെറിയ പരിപാടികളിൽ നിന്നു തുടങ്ങി സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലെ റണ്ണറപിലേക്ക് എത്തിയപ്പോൾ തീരുമാനിച്ചു നൃത്തം തന്നെ എന്റെ വഴിയെന്ന്.

Sreejith ശ്രീജിത്ത് ഭാര്യ രാഗിമയ്ക്കൊപ്പം

റിയാലിറ്റി ഷോ റണ്ണറപ് കൂടിയാണ്, എങ്ങനെ കാണുന്നു റിയാലിറ്റി ഷോകളെ?

റിയാലിറ്റി ഷോകളെ ഒരു പഠനവേദിയായാണു ഞാൻ കാണുന്നത്. ഞാനൊക്കെ വരുന്ന സമയത്ത് റിയാലിറ്റി ഷോകൾക്ക് അത്ര പ്രചാരം വന്നിട്ടില്ല. അന്നൊക്കെ ഇതുപോലൊരു വേദി കിട്ടുക എന്നതുപോലും ഒരു സ്വപ്നമായിരുന്നു. എംഎസ്‍സി കഴിഞ്ഞിരിക്കുന്ന സമയത്താണ് റിയാലിറ്റി ഷോയിലേക്കു വരുന്നത്. ഇന്ന് ഒത്തിരി അവസരങ്ങളുണ്ട്. ഒരു ബ്രേക് കിട്ടുക എന്നതുമാത്രമല്ല എല്ലാതരത്തിലും പഠനത്തിനുള്ള ഒരു വേദി കൂടിയാണ് റിയാലിറ്റി ഷോകൾ ഒരുക്കുന്നത്. ഓരോ റൗണ്ടുകളിലും ഓരോ പുതിയ കാര്യങ്ങളാണ് പഠിക്കുന്നത്. തിരിച്ചു പോകുമ്പോഴേയ്ക്കു തുടക്കത്തിൽ വന്ന കുട്ടിയ്ക്കു പകരം ഒരു പെർഫെക്റ്റ് പെർഫോമര്‍ ആയിട്ടാണ് അവർ തിരിച്ചു പോവുക.

പക്ഷേ ഇവ കുട്ടികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദവും ചെറുതല്ല?

സമ്മർദ്ദം ഇല്ലെന്നല്ല പക്ഷേ അമിത സമ്മർദ്ദത്തിലാകുമ്പോഴാണ് പ്രശ്നം. ഇതെല്ലാം നമ്മുടെ സ്ഥിരം റുട്ടീൻ പോലെ തന്നെയാണെന്ന് ഉൾക്കൊണ്ടു മുന്നോട്ടു പോയാൽ യാതൊരു കുഴപ്പവുമില്ല. മറിച്ച് വിജയകിരീടം മാത്രം മനസിൽ വച്ചു നീങ്ങുമ്പോഴാണ് സമ്മർദ്ദം ഏറുന്നത്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും പങ്കുണ്ട്. മത്സരമാണ്, അതിൽ എല്ലാവർക്കും വിജയം സാധ്യമല്ല, പങ്കെടുക്കലാണു പ്രധാനം എന്നു സ്വയം മനസിനെ പഠിപ്പിച്ചു മുന്നേറിയാൽ പ്രശ്നമുണ്ടാകില്ല.

Sreejith ഡാൻസിറ്റി പെർഫോമൻസ് ടീം

ഡാൻസിറ്റി തുടങ്ങുന്നത് എങ്ങനെയാണ്?

സിനിമകളും റിയാലിറ്റി ഷോകളുമൊക്കെയായി നടക്കുമ്പോൾ തന്നെ ഒരു ഡാന്‍സ് അക്കാഡമി എന്ന സ്വപ്നം മനസിലുണ്ടായിരുന്നു. രണ്ടു വർഷത്തെ തയ്യാറെടുപ്പുകൾക്കും പദ്ധതികള്‍ക്കുമെല്ലാം ഒടുവിൽ കഴിഞ്ഞ മേയ് മാസത്തിലാണ് ഡാൻസിറ്റി എന്ന സ്വപ്നം പൂവണിയുന്നത്. ഡാൻസിനൊപ്പം ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന ഒരു സ്ഥാപനം ആയിരിക്കണം എന്നു നേരത്തെ നിർബന്ധം ഉണ്ടായിരുന്നു. ഡി ഫോർ ഡാൻസ് സീസൺ ഫസ്റ്റിലെ ഗ്രൂമർ ആയിരുന്ന സമയത്ത് പലരും ചോദിച്ചിരുന്നു എല്ലാതരത്തിലും പരിശീലനം നൽകുന്ന ഒരു അക്കാഡമി തുടങ്ങിക്കൂടെയെന്ന്. ഇവിടെ ഡാൻസിനു മാത്രമല്ല പ്രാധാന്യം മറിച്ച് ഒരു നല്ല നർത്തകനാകാൻ എന്തെല്ലാം കാര്യങ്ങളിൽ പെർഫെക്റ്റ് ആയിരിക്കണം എന്നും പരിശീലിപ്പിക്കുന്നുണ്ട്. ഒരു കറി വയ്ക്കണമെങ്കിൽ അതിന്റെ കൂട്ടുകളും നന്നായിരിക്കണ്ടേ.

എങ്ങനെയാണ് ഡാൻസിറ്റിയുടെ പ്രവർത്തം?

നേരത്തെ പറഞ്ഞതുപോലെ ഫിറ്റ്നസിനാണു ഞങ്ങൾ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. പരമ്പരാഗത കലാരൂപമായ കളരി, യോഗ, സുംബാ എന്നീ ഫിറ്റ്നസ് പ്രോഗ്രാമുകൾക്കൊപ്പം ഹിപ്ഹോപ്, കണ്ടംപററി, ബോളിവുഡ് സ്റ്റൈൽ, ശാസ്ത്രീയ നൃത്തം അമ്മമാർക്കു വേണ്ടി വൈഖരി എന്നിവയെല്ലാം പരിശീലിപ്പിക്കുന്നുണ്ട്. അതാതു മേഖലകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അധ്യാപകർക്കൊപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്ട്രോങ് പെർഫോമന്സ് ടീമുമാണ് ഡാൻസിറ്റിയുടെ കരുത്ത്

Sreejith ഡാന്‍സിറ്റി അക്കാഡമിയിലെ വിദ്യാർഥികൾ

സുന്ദരനാണല്ലോ അഭിനയത്തിലേക്ക് താല്‍പര്യമില്ലേ?

തീർച്ചയായും. നല്ല അവസരങ്ങൾ ലഭിച്ചാൽ ഉറപ്പായിട്ടും അഭിനയിക്കും. ചില സിനിമകളിലൊക്കെ ഗാനരംഗങ്ങളിൽ അതിഥി വേഷത്തിൽ എത്തിയതൊഴിച്ചാല്‍ മറ്റ് അഭിനയ പരിചയമൊന്നുമില്ല. എ​ങ്കിലും ആഗ്രഹമുണ്ട്.

ധാരാളം സിനിമാക്കാരെ ചുവടു വെപ്പിച്ചതല്ലേ..? ഏറ്റവും മികച്ചതായി നൃത്തം ചെയ്യുന്നതായി തോന്നിയിട്ടുള്ളവർ?

ഒത്തിരിപേർ മികച്ച രീതിയിൽ നൃ‍ത്തം ചെയ്യുന്നവരുണ്ട്. ഞാൻ ട്രെയിൻ ചെയ്യിച്ചവരിൽ മിക്കവാറും എല്ലാവരും നല്ല പ്രകടനത്തിനു വേണ്ടി എത്ര വേണമെങ്കിലും കഠിനാധ്വാനം ചെയ്യാൻ തയ്യാറായിട്ടുള്ളവരാണ്. പിന്നെ നടിമാരില്‍ റിമ കല്ലിങ്കലും നടന്മാരിൽ കുഞ്ചാക്കോ ബോബനുമാണ് മികച്ച രീതിയിൽ നൃത്തം ചെയ്യുന്നതായി തോന്നിയിട്ടുള്ളത്.

Sreejith റിമ കല്ലിങ്കലിനൊപ്പം ശ്രീജിത്ത്

പുരുഷന്മാര്‍ നൃത്തം പഠിക്കുന്നതിനോടു സമൂഹത്തിനു പണ്ടേ ഒരു താൽപര്യമില്ല?

അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ എനിക്കിതുവരെ അനുഭവമുണ്ടായിട്ടില്ല. ഞാൻ പഠനമൊക്കെ കഴിഞ്ഞാണ് എത്തിയത് അതുകൊണ്ട് ആരും കുറ്റപ്പെടുത്താൻ ഉണ്ടായിരുന്നില്ല, പിന്നെ ഇത് ഡാൻസ് എന്നതിലേക്കാളുപരി ഒരു ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ഒരു കല കൂടിയാണെന്നു തിരിച്ചറിഞ്ഞാൽ ഇത്തരം വിമര്‍ശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനസിലാക്കും.

നൃത്തം പഠിച്ചാല്‍ പെണ്ണിനെപ്പോലെയാകും എന്നുപറയുന്നതിൽ കാര്യമുണ്ടോ?

എനിക്കങ്ങനെ തോന്നിയിട്ടില്ല. ക്ലാസിക്കൽ ഡാൻസ് പഠിച്ചവർക്കാണു പിന്നീടു സ്ത്രീകളുടേതു പോലെ പെരുമാറ്റം വരുന്നതെന്നു തോന്നുന്നു. അതും തീർത്തും പറയാൻ പറ്റില്ല. എനിക്കു പരിചയമുള്ള നിരവധി സുഹൃത്തുക്കളുണ്ട് ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടും ഒരു സ്ത്രൈണഭാവവും വന്നിട്ടില്ലാത്തവർ. നമ്മൾ എപ്പോഴും നമ്മളെ പഠിപ്പിക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കുമല്ലോ. ഞാൻ ക്ലാസിക്കൽ ഡാൻസ് അധികം പഠിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പറയാനറിയില്ല.

Sreejith ശ്രീജിത്ത്

നൃത്തമാണ് തന്റെ വഴിയ‌െന്നു തീരുമാനിച്ചപ്പോൾ എതിർപ്പുകൾ? വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും?

എന്നെ സംബന്ധിച്ചിടത്തോളം അത്തരം എതിർപ്പുകളൊന്നും ഉണ്ടായിട്ടില്ല. അതിനു പ്രധാന കാരണം പഠിത്തമെല്ലാം കഴിഞ്ഞാണ് ഞാൻ ഈ മേഖലയിൽ വന്നത്. ആദ്യത്തെ കുറച്ചുകാലമൊക്കെ വലിയ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല അങ്ങനെ ഒരുവർഷം കൂടി കാത്തിരുന്ന് ഇനിയും ഒന്നും ആവാൻ കഴി‍ഞ്ഞില്ലെങ്കിൽ മെഡിക്കൽ ഫീൽഡിലേക്കു തന്നെ തിരിയാം എന്നാണു വിചാരിച്ചിരുന്നത്. പിന്നെ പതുക്കെ പതുക്കെ കോറിയോഗ്രാഫർ ആകുവാനുള്ള അവസരങ്ങളൊക്കെ ലഭിച്ചു, അങ്ങനെ എല്ലാവർക്കും മനസിലായി ഡാൻസ് കൊണ്ട് എനിക്കു ദോഷമൊന്നും സംഭവിച്ചിട്ടില്ല മറിച്ച് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുെവന്ന്.

ആരുടെ നൃത്തത്തോടാണ് ആരാധന തോന്നിയിട്ടുള്ളത്?

അതു യാതൊരു സംശയവുമില്ല മൈക്കൽ ജാക്സന്റേതു തന്നെ. നമ്മൾ ഇപ്പോൾ ചെയ്യുന്ന പല രീതികളും അദ്ദേഹം പണ്ട് കണ്ടെത്തിയിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ദീർഘദൃഷ്ടി ചില്ലറയല്ലല്ലോ. അദ്ദേഹത്തിന്റെ ഒരു വിഡിയോ കണ്ടാൽ പോലും മതി അതു തരുന്ന പ്രചോദനവും ഊർജവുമൊക്കെ വളരെ വലുതാണ്.

Sreejith നവ്യ നായർക്കൊപ്പം ഡാൻസിറ്റി പെർഫോമൻസ് ടീം

ക്ലാസിക്കൽ ഡാൻസിനോടോ അതോ വെസ്റ്റേൺ ടൈപ്പിനോടോ പ്രിയം?

ഞാൻ പരിപാടികൾക്കു േവണ്ടിയല്ലാതെ ക്ലാസിക്കൽ അങ്ങനെ പഠിച്ചിട്ടില്ല. സ്പെഷലൈസ് ചെയ്തിരിക്കുന്നത് കണ്ടംപററി ഡാൻസിലാണ്. പിന്നെ സ്കൂൾ കാലങ്ങളിലൊക്കെ വെസ്റ്റേണും പരിശീലിച്ചിട്ടുണ്ട്.

ഡിഫോർ ഡാൻസ് േവദിയെക്കുറിച്ച്?

അന്താരാഷ്ട്ര പ്രകടനങ്ങളെ വെല്ലം വിധമാണ് ഇന്നത്തെ ഓരോ കുട്ടികളും സ്റ്റേജിൽ പെർഫോം ചെയ്യുന്നത്. ഡിഫോർ ഡാൻസും അത്തരത്തിലൊരു മികച്ച വേദിയാണ്. അതിലെ വിധികർത്താക്കൾ ഓരോരുത്തരും അത്രത്തോളം പ്രഗത്ഭരാണ്. ഒരു സ്റ്റൈൽ അവതരിപ്പിച്ചാൽ തന്നെ അതിന്റെ വിവിധ തലങ്ങളെക്കുറിച്ചു പറഞ്ഞു തരാൻ കഴിവുള്ളവരാണ് അവരെല്ലാം. എന്തിനധികം ഇതിലെ പ്രൊഡ്യൂസർക്കു വരെ ഇപ്പോൾ നിശ്ചയമുണ്ടാകും ഇതേതു ഡാൻസ് ഫോം ആണെന്നും മറ്റും. അതാണ് ആ റിയാലിറ്റി ഷോയുടെ ശക്തി.

Sreejith ഡിഫോർ ഡാൻസ് വിധികർത്താക്കളായ നീരവ് ബാവ്‍ലേച, പ്രിയാമണി, പ്രസന്ന മാസ്റ്റർ എന്നിവർ

സിനിമാ, റിയാലിറ്റി ഷോകൾ, സ്റ്റേജ് പ്രോഗ്രാമുകൾ എങ്ങനെ മാനേജ് ചെയ്യുന്നു എല്ലാംകൂടി?

എല്ലാം ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ കഴിയുമെങ്കിൽ പിന്നെ പ്രശ്നമില്ല. എന്റെ കാര്യത്തിൽ ഇതുവരെ എല്ലാം കൂടിക്കുഴഞ്ഞിട്ടില്ല എല്ലാം ഒരേ രീതിയില്‍ കൊണ്ടുപോകാൻ കഴിയുന്നുണ്ട്.

ഒരു ‍ഡാൻസർ അല്ലായിരുന്നുവെങ്കിൽ?

നൃ‍ത്തത്തിലേക്കു തിരിഞ്ഞില്ലായിരുന്നുവെങ്കിൽ മെഡിക്കൽ ഫീല്‍ഡിലേക്കു തന്നെ പോയേനെ. ആവറേജ് വിദ്യാർഥി ആയിരുന്നതുകൊണ്ട് എൻട്രൻസുകളൊക്കെ എഴുതിയെഴുതി നടന്നേനെ. പഠനത്തേക്കാൾ സ്പോർട്സിലും ഡാൻസിലുമൊക്കെയാണ് ഞാൻ മിടുക്കു കാണിച്ചിരുന്നത്.

Sreejith വർഷം സിനിമയുടെ കോറിയോഗ്രാഫിയ്ക്കിടയിൽ നിന്ന്

പുതിയ പ്രൊജക്ട്സ്?

വള്ളീം തെറ്റീം പുള്ളീം തെറ്റീം കഴിഞ്ഞതേയുള്ളു ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്നത് ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ് .ഒപ്പം ഡിത്രി ഗ്രൂമിങും സ്റ്റേജ് ഷോകളും ചെയ്യുന്നുണ്ട്. ഇന്നിവിടെ വരെ എത്തിനിൽക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഐഫ അവാർഡ്സിൽ മലയാളത്തില്‍ നിന്നുള്ള ഏക കോറിയോഗ്രാഫർ ഞാൻ മാത്രമായിരുന്നു. ഈ വളർച്ചയിൽ നടി റിമ കല്ലിങ്കലിനോടും ആഷിഖ് അബുവിനോടും ഒരുപാടു നന്ദി പറയുന്നു. കരിയറിൽ ബ്രേക് ആയത് ആഷിഖ് അബുവിന്റെ ടാ തടിയായിലെ ഡബ്സ്റ്റെപ് ഗാനമായിരുന്നു.

കുടുംബത്തെക്കുറിച്ച്?

വീട്ടിൽ അച്ഛൻ, അമ്മ, ഭാര്യ രാഗിമ. ചേട്ടനും കുടുംബവും മസ്ക്കറ്റിലാണ്. കഴിഞ്ഞ മേയിലായിരുന്നു വിവാഹം.

Your Rating: